മൂന്നാം പ്രീ സീസൺ മത്സരത്തിലും മികച്ച വിജയം നേടി മാഞ്ചസ്റ്റർ യുണൈറ്റഡ്


പുതിയ സീസണു മുന്നോടിയായുള്ള മൂന്നാമത്തെ പ്രീ സീസൺ മത്സരത്തിലും മികച്ച വിജയം നേടി മാഞ്ചസ്റ്റർ യുണൈറ്റഡ്. ആദ്യ മത്സരത്തിൽ ലിവർപൂളിനെയും അതിനു ശേഷം മെൽബൺ വിക്ടറിയെയും കീഴടക്കിയ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്നു നടന്ന മത്സരത്തിൽ പ്രീമിയർ ലീഗ് ക്ലബായ ക്രിസ്റ്റൽ പാലസിനെയാണ് തകർത്തു വിട്ടത്.
കഴിഞ്ഞ രണ്ടു മത്സരത്തിലും നാല് ഗോളുകൾ നേടിയ മാഞ്ചസ്റ്റർ യുണൈറ്റഡ് മെൽബൺ ക്രിക്കറ്റ് മൈതാനത്തു നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകളുടെ വിജയമാണ് സ്വന്തമാക്കിയത്. ആന്റണി മാർഷ്യൽ, മാർക്കസ് റാഷ്ഫോഡ്, ജാഡൻ സാഞ്ചോ എന്നിവരാണ് മാഞ്ചസ്റ്റർ യുണൈറ്റഡിനു വേണ്ടി ഗോളുകൾ കണ്ടെത്തിയത്.
Erik's Reds make it three pre-season wins from three ✔️✔️✔️#MUFC || #MUTOUR22
— Manchester United (@ManUtd) July 19, 2022
പതിനേഴാം മിനുട്ടിൽ ആന്റണി മാർഷ്യലാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ആദ്യഗോൾ നേടുന്നത്. ഡീഗോ ദാലോട്ടിന്റെ ക്രോസിൽ നിന്നും വല കുലുക്കിയതിലൂടെ മൂന്നാം പ്രീ സീസൺ മത്സരത്തിലും ഗോൾ കണ്ടെത്താൻ ഫ്രഞ്ച് താരത്തിനായി. കഴിഞ്ഞ സീസണിന്റെ രണ്ടാം പകുതി സെവിയ്യയിൽ ലോണിൽ കളിച്ച മാർഷ്യലിന് ഈ സീസണിൽ യുണൈറ്റഡിൽ അവസരങ്ങൾ ലഭിക്കുമെന്ന് ഇതോടെ ഉറപ്പായിട്ടുണ്ട്.
ആദ്യപകുതിയിൽ ഒരു ഗോളിന് മുന്നിലെത്തിയ മാഞ്ചസ്റ്റർ യുണൈറ്റഡിനു വേണ്ടി രണ്ടാം പകുതിയിലാണ് റാഷ്ഫോഡും സാഞ്ചോയും ഗോൾ കണ്ടെത്തുന്നത്. രണ്ടു താരങ്ങളും മൂന്നാം പ്രീ സീസൺ മത്സരത്തിലെ രണ്ടാം ഗോളാണ് നേടിയത്. ക്രിസ്റ്റൽ പാലസിന്റെ ആശ്വാസഗോൾ എൺപത്തിനാലാം മിനുട്ടിൽ വിൽ ഫിഷാണ് ക്രിസ്റ്റൽ പാലസിന്റെ ആശ്വാസഗോൾ നേടുന്നത്.
The best bits from our latest #MUTOUR22 success are ready for you to enjoy! 🍿👇#MUFC || #MUTOUR22
— Manchester United (@ManUtd) July 19, 2022
മൂന്നു പ്രീ സീസൺ മത്സരങ്ങളിൽ നിന്നും പതിനൊന്നു ഗോളുകൾ കണ്ടെത്തി മൂന്നിലും വിജയം നേടിയതോടെ പുതിയ പരിശീലകനായ എറിക് ടെൻ ഹാഗിനു കീഴിൽ മികച്ച തുടക്കമാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന് ലഭിച്ചിരിക്കുന്നത്. വരുന്ന സീസണിൽ പ്രീമിയർ ലീഗിനു വേണ്ടി പൊരുതാൻ മാഞ്ചസ്റ്റർ യുണൈറ്റഡിനു കഴിയുമെന്ന ആരാധകരുടെ പ്രതീക്ഷയും വർധിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.