മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാൻ റൊണാൾഡോക്കു മുന്നിൽ രണ്ടു നിബന്ധന വെച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ്


സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാൻ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് വളരെയധികം താൽപര്യമുണ്ടെന്ന് യൂറോപ്യൻ മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നുണ്ട്. ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ കളിക്കുന്നതിനു വേണ്ടിയാണ് പോർച്ചുഗൽ താരം മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ട് മറ്റേതെങ്കിലും ക്ലബ്ബിലേക്ക് ചേക്കേറാൻ ഒരുങ്ങുന്നത്.
എന്നാൽ റൊണാൾഡോയെ വിട്ടുനൽകാൻ താത്പര്യമില്ലെന്നാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് വ്യക്തമാക്കുന്നത്. അടുത്ത സീസണിലെ തന്റെ പദ്ധതികളിൽ പോർച്ചുഗൽ താരവുമുണ്ടെന്ന് പരിശീലകൻ എറിക് ടെൻ ഹാഗ് വ്യക്തമാക്കിയിരുന്നു. അതിനാൽ തന്നെ താരവും ക്ലബും തമ്മിൽ ഒരു വടംവലി നടന്നു കൊണ്ടിരിക്കുന്നുണ്ട്.
അതേസമയം റൊണാൾഡോയെ വിട്ടുകൊടുക്കാൻ രണ്ട് നിബന്ധനകൾ മാഞ്ചസ്റ്റർ യുണൈറ്റഡ് മുന്നോട്ടു വെച്ചുവെന്ന് ഇംഗ്ലീഷ് മാധ്യമമായ ദി മിറർ റിപ്പോർട്ടു ചെയ്യുന്നു. ഈ നിബന്ധന അംഗീകരിച്ചാൽ താരത്തിന് മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ട് മറ്റേതെങ്കിലും ക്ലബ്ബിലേക്ക് ചേക്കേറാൻ കഴിയും.
നിലവിൽ 2023 കരാറുള്ള റൊണാൾഡോക്ക് 2024 വരെ അതു പുതുക്കി ലോൺ കരാറിൽ ക്ലബ് വിടാമെന്നാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് മുന്നോട്ടു വെക്കുന്ന ഒരുപാധി. അതിനു ശേഷം അടുത്ത സീസണിൽ ക്ലബ്ബിലേക്ക് തിരിച്ചെത്തി ഒരു വർഷം മാഞ്ചസ്റ്റർ യുണൈറ്റഡിൽ റൊണാൾഡോ കളിക്കണമെന്ന നിബന്ധനയും അവർ മുന്നോട്ടു വെക്കുന്നു.
ഈ നിബന്ധനകളോട് റൊണാൾഡോ ഏതു രീതിയിൽ പ്രതികരിക്കുമെന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല. താരം അത്ലറ്റികോ മാഡ്രിഡിലേക്ക് ചേക്കേറാൻ തയ്യാറെടുക്കുന്നു എന്നാണു നിലവിലെ റിപ്പോർട്ടുകൾ.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.