Cristiano Ronaldo

റൊണാൾഡോയെ വിട്ടുകൊടുക്കില്ലെന്നുറപ്പിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ്

Sreejith N
Manchester United Will Fight To Keep Cristiano Ronaldo
Manchester United Will Fight To Keep Cristiano Ronaldo / James Gill - Danehouse/GettyImages
facebooktwitterreddit

സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ തനിക്കു വേണ്ടിയുള്ള മികച്ച ഓഫർ ലഭിച്ചാൽ അതു പരിഗണിക്കണമെന്ന് റൊണാൾഡോ അറിയിച്ചെങ്കിലും മാഞ്ചസ്റ്റർ യുണൈറ്റഡ് അതു പരിഗണിക്കാൻ സാധ്യതയില്ല. താരത്തെ ഈ സീസണിലും നിലനിർത്താൻ തന്നെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് തയ്യാറെടുക്കുന്നതെന്ന് 90Min വൃത്തങ്ങൾ മനസിലാക്കുന്നു.

ദി ടൈംസ് റിപ്പോർട്ട് ചെയ്‌തതു പ്രകാരം ദിവസങ്ങൾക്കു മുൻപേ ക്ലബ് വിടാനുള്ള ആഗ്രഹം റൊണാൾഡോ പ്രകടിപ്പിച്ചിട്ടുണ്ട്. മാഞ്ചസ്റ്റർ യുണൈറ്റഡ് ഈ സീസണിൽ ചാമ്പ്യൻസ് ലീഗിൽ കളിക്കില്ലെന്നതും മികച്ച ട്രാൻസ്‌ഫറുകൾ നടത്താൻ കഴിയാത്തതിനാൽ കിരീടസാധ്യത കുറയുമെന്നതുമാണ് ക്ലബ് വിടാൻ റൊണാൾഡോയെ പ്രേരിപ്പിക്കുന്ന പ്രധാന ഘടകങ്ങൾ.

എന്നാൽ നിലവിലെ സാഹചര്യത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഒട്ടും സംതൃപ്‌തരല്ലെന്നും അവർക്ക് റൊണാൾഡോയെ വിട്ടുകൊടുക്കാൻ താൽപര്യമില്ലെന്നും 90Min മനസിലാക്കുന്നു. താരത്തെ ക്ലബിൽ തന്നെ നിലനിർത്താനുള്ള പദ്ധതിയുടെ ഭാഗമായി ഭാവി കാര്യങ്ങൾ ചർച്ച ചെയ്യാൻ വേണ്ടി പരിശീലകനായ എറിക് ടെൻ ഹാഗും റൊണാൾഡോയും തമ്മിലൊരു കൂടിക്കാഴ്‌ച നടത്തുന്നതിനായി മാഞ്ചസ്റ്റർ യുണൈറ്റഡ് തയ്യാറെടുക്കുകയാണ്.

റൊണാൾഡോയെ ആവശ്യമുണ്ടെന്ന് ടെൻ ഹാഗും അദ്ദേഹത്തിന് കീഴിൽ കളിക്കാൻ താൽപര്യമുണ്ടെന്ന് റൊണാൾഡോയും നേരത്തെ തന്നെ പറഞ്ഞിരുന്നെങ്കിലും രണ്ടു പേരും ഇതുവരെ നേരിട്ട് കണ്ടുമുട്ടിയിട്ടില്ല. പ്രീ സീസൺ പരിശീലനക്യാംപിൽ റൊണാൾഡോ ഇന്നലെ എത്തേണ്ടതായിരുന്നെങ്കിലും കുടുംബപരമായ അസൗകര്യങ്ങൾ കൊണ്ട് യാത്ര ചെയ്യാതിരുന്ന താരം ഇതുവരെ അവിടെ റിപ്പോർട്ട് ചെയ്‌തിട്ടുമില്ല.

മാഞ്ചസ്റ്റർ യുണൈറ്റഡിന് താരത്തെ വിട്ടുകൊടുക്കാൻ താൽപര്യമില്ലെങ്കിലും റൊണാൾഡോയുടെ ഏജന്റായ ജോർജ് മെൻഡസ് ട്രാൻസ്‌ഫർ നീക്കങ്ങളുമായി മുന്നോട്ടു പോവുകയാണ്. വിവിധ റിപ്പോർട്ടുകൾ പ്രകാരം ചെൽസി, ബയേൺ മ്യൂണിക്ക്, നാപ്പോളി എന്നീ ക്ലബുകൾക്ക് പുറമെ അവസാനം ബാഴ്‌സയും താരത്തിന്റെ സാഹചര്യങ്ങൾ അന്വേഷിച്ചു തുടങ്ങിയിട്ടുണ്ട്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit