ക്രിസ്റ്റ്യാനോ റൊണാൾഡോയെ ക്ലബ് വിടാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് അനുവദിക്കും

സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ക്ലബ് വിടാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് അനുവദിക്കുമെന്ന് 90min മനസിലാക്കുന്നു.
നേരത്തെ, അനുയോജ്യമായ ഓഫർ വന്നാൽ തന്നെ ക്ലബ് വിടാൻ അനുവദിക്കണമെന്ന് റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിനോട് ആവശ്യപ്പെട്ടതായി 90min ഉൾപ്പെടെയുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. റൊണാൾഡോ അടുത്ത സീസണിലും ക്ലബിൽ തുടരുമെന്ന് പ്രതീക്ഷിച്ചിരുന്ന മാഞ്ചസ്റ്റർ യുണൈറ്റഡിനെയും പരിശീലകൻ എറിക് ടെൻ ഹാഗിനെയും ഞെട്ടിക്കുന്നതായിരുന്നു താരത്തിന്റെ തീരുമാനം.
കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് തിരിച്ചെത്തിയ റൊണാൾഡോ ചുവന്ന ചെകുത്താന്മാർക്കായി 38 മത്സരങ്ങളിൽ നിന്ന് 24 ഗോളുകൾ നേടിയിരുന്നു. എന്നാൽ, പ്രീമിയർ ലീഗ് ചരിത്രത്തിലെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഏറ്റവും മോശം സീസണാണ് കടന്നു പോയത്.
പ്രീമിയർ ലീഗിൽ ആറാം സ്ഥാനത്ത് കഴിഞ്ഞ സീസൺ പൂർത്തിയാക്കിയ മാഞ്ചസ്റ്റർ യുണൈറ്റഡ് അടുത്ത സീസണിലെ ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടിയിട്ടില്ല. ഇത് ക്ലബ് വിടാനുള്ള റൊണാൾഡോയുടെ തീരുമാനത്തെ സ്വാധീനിച്ചിട്ടുണ്ട്. അടുത്ത സീസണിൽ പ്രധാന കിരീടങ്ങൾക്കായി മാഞ്ചസ്റ്റർ യുണൈറ്റഡ് പോരാടുമെന്നും റൊണാൾഡോ വിശ്വസിക്കുന്നില്ല.
നേരത്തെ, റൊണാൾഡോയെ വിൽക്കാനില്ല എന്ന നിലപാടായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡിന്റേതെങ്കിലും, ഇപ്പോൾ അതിൽ മാറ്റം വന്നിട്ടുണ്ട്. റൊണാൾഡോയുടെ കരാറിൽ ഒരു വർഷം ബാക്കിയുണ്ടെങ്കിലും, താരത്തെ ക്ലബ് വിടാൻ അനുവദിക്കുമെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് വ്യക്തമാക്കിയതായി 90min മനസിലാക്കുന്നു.
15 മില്യൺ പൗണ്ടിനടുത്ത് ട്രാൻസ്ഫർ ഫീ ലഭിച്ചാൽ റൊണാൾഡോയെ ക്ലബ് വിടാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് അനുവദിക്കുമെന്നാണ് കരുതപ്പെടുന്നത്. എന്നാൽ, റൊണാൾഡോയെ സ്വന്തമാക്കാൻ താത്പര്യമുള്ളവർ താരത്തിന്റെ വമ്പൻ പ്രതിഫലം താങ്ങേണ്ടി വരും. പക്ഷെ, റൊണാൾഡോയിൽ താത്പര്യമുള്ള ക്ലബുകളോടെല്ലാം താരം ശമ്പളം കുറയ്ക്കുമെന്ന് താരത്തിന്റെ ഏജന്റായ മെൻഡസ് പറഞ്ഞിട്ടുണ്ട്.