മാഞ്ചസ്റ്റർ യുണൈറ്റഡ് നെയ്മറെ ലക്ഷ്യമിടുന്നു, അടുത്ത സമ്മറിൽ ടീമിലെത്തിക്കാൻ പദ്ധതി


ഈ സീസണിലെ തിരിച്ചടികളിൽ നിന്നും ഉയിർത്തെഴുന്നേറ്റു വരാൻ അടുത്ത സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ബ്രസീലിയൻ സൂപ്പർതാരം നെയ്മറെ ടീമിലെത്തിക്കാനുള്ള പദ്ധതിയുമായി മാഞ്ചസ്റ്റർ യുണൈറ്റഡ്. സ്പാനിഷ് മാധ്യമമായ എൽ നാഷണലിനെ അടിസ്ഥാനമാക്കി മാഞ്ചസ്റ്റർ ഈവെനിംഗ് ന്യൂസാണ് ഇക്കാര്യം റിപ്പോർട്ടു ചെയ്തത്.
കഴിഞ്ഞ സീസണിൽ പ്രീമിയർ ലീഗിൽ രണ്ടാം സ്ഥാനത്തെത്തിയ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇത്തവണ കിരീടം നേടുന്നതിനു വേണ്ടി റൊണാൾഡോ, സാഞ്ചോ, വരാനെ എന്നീ താരങ്ങളെ സ്വന്തമാക്കി എങ്കിലും ഫോം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഇതേത്തുടർന്ന് പരിശീലകനെ പുറത്താക്കിയ ക്ലബ് അടുത്ത സീസണിൽ കൂടുതൽ മികവു ലക്ഷ്യമിട്ടാണ് നെയ്മർക്കു വേണ്ടി ശ്രമം നടത്തുന്നത്.
Manchester United weigh up sensational Neymar deal and more transfer rumours #mufc https://t.co/iMZqWgXq7i
— Man United News (@ManUtdMEN) November 23, 2021
അടുത്ത സമ്മറിൽ മുന്നേറ്റനിരയിലെ ഒരു സൂപ്പർതാരത്തെ പിഎസ്ജി ഒഴിവാക്കാൻ സാധ്യതയുണ്ടെന്നും അതു നെയ്മർ ആയിരിക്കുമെന്നും നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഈ സാഹചര്യം വന്നാൽ അതു മുതലെടുത്ത് മുൻ ബാഴ്സലോണ താരത്തെ ടീമിലെത്തിക്കാനാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഒരുങ്ങുന്നത്.
എന്നാൽ നെയ്മർക്കു പിഎസ്ജിയിൽ തന്നെ തുടരാനാണ് താൽപര്യമെന്ന് അതെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നുണ്ട്. തന്റെ സുഹൃത്തായ മെസിയുടെ വരവോടെ ഫ്രാൻസ് വിടുന്നതിനെ കുറിച്ച് ആലോചിക്കുക പോലും ചെയ്യാത്ത താരം മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഓഫർ പരിഗണിക്കുമോയെന്നു കണ്ടറിയേണ്ട കാര്യമാണ്.
അതേസമയം എംബാപ്പെ തന്റെ ഭാവിയെക്കുറിച്ച് എന്തു തീരുമാനം എടുക്കുമെന്ന് നെയ്മറുടെ ട്രാൻസ്ഫറിനുള്ള സാധ്യതകളിൽ വളരെ നിർണായകമാണ്. പിഎസ്ജിയിൽ തന്നെ തുടരാൻ ഫ്രഞ്ച് താരം തീരുമാനിച്ചാൽ നെയ്മറെ ഒഴിവാക്കുന്നത് പിഎസ്ജി പരിഗണിച്ചേക്കാം. എന്നാൽ താരത്തിൽ ബാഴ്സലോണക്കും താൽപര്യം ഉള്ളതിനാൽ മാഞ്ചസ്റ്റർ യുണൈറ്റഡിനു വലിയ വെല്ലുവിളി തന്നെ ഇക്കാര്യത്തിൽ നേരിടേണ്ടി വരും എന്നുറപ്പാണ്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.