പുതിയ റൈറ്റ് ബാക്ക് താരത്തെ നോട്ടമിട്ട് മാഞ്ചസ്റ്റർ യുണൈറ്റഡ്; റഡാറിൽ ഈ താരങ്ങൾ...

By Gokul Manthara
Scotland v Moldova - 2022 FIFA World Cup Qualifier
Scotland v Moldova - 2022 FIFA World Cup Qualifier / Ian MacNicol/Getty Images
facebooktwitterreddit

ജനുവരിയിൽ നടക്കാനിരിക്കുന്ന വിന്റർ ട്രാൻസ്ഫർ ജാലകത്തിൽ ഒരു പുതിയ റൈറ്റ് ബാക്ക് താരത്തെ സ്വന്തമാക്കാനായി മാഞ്ചസ്റ്റർ യുണൈറ്റഡ് രംഗത്തുണ്ടാകുമെന്ന് സൂചന. നേരത്തെ അത്ലറ്റിക്കോ മാഡ്രിഡ് താരം കീറൻ ട്രിപ്പിയറെ തങ്ങളുടെ റൈറ്റ് ബാക്ക് സ്ഥാനത്തേക്ക് കൊണ്ടു വരുന്നതിന് മാഞ്ചസ്റ്റർ യുണൈറ്റഡ് താല്പര്യം പ്രകടിപ്പിച്ചിരുന്നുവെങ്കിലും അദ്ദേഹത്തെ വിട്ടു നൽകാൻ ഉയർന്ന റിലീസ് ക്ലോസ് തുക സ്പാനിഷ് ക്ലബ്ബ് ആവശ്യപ്പെട്ടതിനാൽ കരാർ സാധ്യമായിരുന്നില്ല.

നിലവിൽ ആരോൺ വാൻ ബിസാക്കയാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ റൈറ്റ് ബാക്ക് സ്ഥാനത്ത് കളിക്കുന്നത്. ഈ സ്ഥാനത്തേക്ക് വാൻ ബിസാക്കക്ക് ഒരു പകരക്കാരനെ കൊണ്ടു വരുന്നതിന് പകരം താരത്തിന്റെ പൊസിഷന് വെല്ലുവിളി ഉയർത്താൻ കെൽപ്പുള്ള പുതിയ ഓപ്ഷനുകൾ കൊണ്ടു വരുന്നതിനാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ ഒലെ ഗണ്ണർ സോൾഷ്യർ താല്പര്യപ്പെടുന്നത്. ട്രിപ്പിയറും പരിഗണനയിലുണ്ടെങ്കിലും അദ്ദേഹമല്ലാതെ ജനുവരിയിൽ ടീമിലെത്തിക്കാൻ സാധിക്കുന്ന റൈറ്റ് ബാക്ക് താരങ്ങളെ കണ്ടെത്താൻ യുണൈറ്റഡിന്റെ സ്കൗട്ടിംഗ് ടീമിന് നിർദ്ദേശം ലഭിച്ചതായാണ് 90Min മനസിലാക്കുന്നത്.

ഇക്കഴിഞ്ഞ സമ്മറിൽ തങ്ങളുടെ റൈറ്റ് ബാക്ക് സ്ഥാനത്തേക്ക് യുണൈറ്റഡ് നോട്ടമിട്ടിരുന്ന താരമായിരുന്നു സ്കോട്ടിഷ് ക്ലബ്ബായ റേഞ്ചേഴ്സിന്റെ നായകനായ ജെയിംസ് ടവർനിയർ. അദ്ദേഹവും ഒപ്പം ക്ലബ്ബിന്റെ മറ്റൊരു റൈറ്റ് ബാക്ക് താരമായ നഥാൻ പാറ്റേഴ്സണും വിന്റർ ട്രാൻസ്ഫർ ജാലകത്തിലും ഇംഗ്ലീഷ് ക്ലബ്ബിന്റെ റഡാറിലുണ്ടാകും. ഇതിൽ സ്കോട്ട്ലൻഡിനായി മൂന്ന് അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ചു കഴിഞ്ഞ പാറ്റേഴ്സണിൽ എവർട്ടൺ അടക്കമുള്ള ഒരു ഡസനോളം ക്ലബ്ബുകൾക്ക് നോട്ടമുണ്ടെന്നാണ് 90Min മനസിലാക്കുന്നത്.

ഏറെക്കാലമായി മാഞ്ചസ്റ്റർ സിറ്റിയുടെ നോട്ടപ്പുള്ളികളിൽ ഒരാളായ നോർവിച്ച് സിറ്റി താരം മാക്സ് ആരോൺസിലും മാഞ്ചസ്റ്റർ യുണൈറ്റഡിന് ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ കണ്ണുണ്ടാകുമെന്നും 90Min മനസ്സിലാക്കുന്നു. എന്തായാലും റൈറ്റ് ബാക്ക് സ്ഥാനത്തേക്ക് കൂടുതൽ ഓപ്ഷനുകൾ തേടുന്നതിനാൽ വിന്റർ ട്രാൻസ്ഫർ ജാലകത്തിൽ ആ പൊസിഷനിലേക്ക് പുതിയൊരു താരത്തെ മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കുമെന്ന് തന്നെയാണ് ആരാധകരുടേയും പ്രതീക്ഷ.


facebooktwitterreddit