വാൻ ഡി ബീക്കിനെ സ്വന്തമാക്കാൻ യുവന്റസ്, താരത്തിന്റെ ഏജന്റുമായി ചർച്ചകൾ ആരംഭിച്ച് ഇറ്റാലിയൻ വമ്പന്മാർ

മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ഡോണി വാൻ ഡി ബീക്കിനെ ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ ലോൺ കരാറിൽ ടീമിലെത്തിക്കാൻ സീരി എ വമ്പന്മാരായ യുവന്റസ്.
മാഞ്ചസ്റ്റർ യുണൈറ്റഡിൽ അവസരങ്ങൾ കുറഞ്ഞ താരം സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ തന്നെ ക്ലബ് വിടുമെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു.
മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടി ഈ സീസണിൽ വെറും 3 മത്സരങ്ങളിൽ മാത്രം കളത്തിലിറങ്ങിയ താരം, കൂടുതൽ കളിസമയമാണ് ലക്ഷ്യമിടുന്നത്. യുണൈറ്റഡിൽ അത് സാധ്യമല്ലെങ്കിൽ, ക്ലബ് വിടുന്നത് ഡച്ച് താരം പരിഗണിക്കാൻ സാധ്യതയുണ്ട്.
ഇറ്റാലിയൻ പത്രമായ ലാ സ്റ്റാമ്പയുടെ റിപ്പോർട്ട് പ്രകാരം ജനുവരി ട്രാൻസ്ഫർ ജാലകത്തിന് മുന്നോടിയായി വാൻ ഡി ബീക്കിന്റെ ഏജന്റുമായി യുവന്റസ് ചർച്ചകൾ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ ട്രാൻസ്ഫർ ജാലകത്തിൽ തന്നെ ഡച്ച് മധ്യനിര താരത്തിന്റെ പ്രതിനിധികളെ യുവന്റസ് ബന്ധപ്പെട്ടിരുന്നെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
അതേ സമയം, വാൻ ഡി ബീക്കിനെ സ്ഥിരകരാറിൽ സ്വന്തമാക്കാനുള്ള ഓപ്ഷനോ അല്ലെങ്കിൽ ബാധ്യതയോ ഉള്ള ലോൺ കരാറിൽ മാത്രമേ യുവന്റസിന് താരത്തെ ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ സ്വന്തമാക്കാൻ സാധിക്കൂ എന്ന് കാൽസിയോമെർക്കാറ്റോ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
അതേ സമയം, വാൻ ഡി ബീക്കിൽ യുവന്റസിന് പുറമെ നിലവിലെ സീരി എ ജേതാക്കളായ ഇന്ററിനും, പ്രീമിയർ ലീഗ് ക്ലബായ എവർട്ടനും താല്പര്യമുള്ളതിനാൽ, താരത്തിനായി ട്രാൻസ്ഫർ മാർക്കറ്റിൽ ക്ലബുകൾ പരസ്പരം മത്സരിക്കാനുള്ള സാധ്യതയേറെയാണ്.