'ചരിത്രം ഒരിക്കൽ കൂടി എഴുതപ്പെടും' - മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കുള്ള തിരിച്ചുവരവിനെ കുറിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ

മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കുള്ള തന്റെ തിരിച്ചുവരവ് ഒരു സ്വപ്നസാക്ഷാത്കാരം പോലെയാണെന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ. താരത്തെ യുവന്റസിൽ നിന്ന് സൈൻ ചെയ്തെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രഖ്യാപിച്ചതിന് ശേഷം, സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത ഒരു നീണ്ട കുറിപ്പിലാണ് തന്റെ പഴയ തട്ടകത്തിലേക്ക് തിരിച്ചെത്തുന്നതിന്റെ സന്തോഷം റൊണാൾഡോ പങ്ക് വെച്ചത്.
2003 മുതൽ 2009 വരെ ആറ് വർഷക്കാലം മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ താരമായിരുന്നു റൊണാൾഡോ, 12 വർഷങ്ങൾക്ക് ശേഷമാണ് തന്റെ മുൻ ക്ലബ്ബിലേക്ക് തിരിച്ചെത്തുന്നത്. ചുവന്ന ചെകുത്താന്മാരുമായി രണ്ട് വർഷ കരാറാണ് റൊണാൾഡോ സൈൻ ചെയ്തിട്ടുള്ളത്. ഇത് ഒരു വർഷത്തേക്ക് നീട്ടാമെന്ന ഓപ്ഷനും ഉടമ്പടിയിലുണ്ട്.
മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം ചിലവഴിച്ച വർഷങ്ങൾ വിസ്മയകരമായിരുന്നെന്ന് പറഞ്ഞ റൊണാൾഡോ, കഴിഞ്ഞ കാലങ്ങളിൽ ചരിത്രം എഴുതപ്പെട്ടിട്ടുണ്ടെന്നും, അത് ഒരിക്കൽ കൂടി എഴുതപ്പെടുമെന്നും വ്യക്തമാക്കി.
"മാഞ്ചസ്റ്റർ യുണൈറ്റഡിനോടുള്ള എന്റെ അനന്തമായ ഇഷ്ടം എന്നെ അറിയുന്ന എല്ലാവർക്കും അറിയാം. ഞാൻ ഈ ക്ലബിൽ ചിലവഴിച്ച വർഷങ്ങൾ തികച്ചും വിസ്മയകരമായിരുന്നു, ഞങ്ങൾ ഒരുമിച്ച് സൃഷ്ടിച്ച പാത ഈ മഹത്തായ സ്ഥാപനത്തിന്റെ ചരിത്രത്തിൽ സുവർണ്ണ ലിപികളാൽ എഴുതപ്പെട്ടതുമാണ്," റൊണാൾഡോ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
"ഓൾഡ് ട്രാഫോഡിലേക്കുള്ള എന്റെ തിരിച്ചു വരവ് ലോകമെമ്പാടും പ്രഖ്യാപിക്കുന്നത് കാണുമ്പോൾ, എനിക്ക് എന്റെ ഇപ്പോഴത്തെ വികാരങ്ങൾ വിശദീകരിക്കാൻ പോലും കഴിയുന്നില്ല. ഇത് ഒരു സ്വപ്ന സാക്ഷാത്കാരം പോലെയാണ്. മാഞ്ചസ്റ്റർ യുണൈറ്റഡിന് എതിരെ കളിക്കാൻ പോയ സമയങ്ങൾക്ക് ശേഷവും, ഒരു എതിരാളിയെന്ന നിലയിൽ പോലും ഗ്യാലറിയിലെ ആരാധകരിൽ നിന്ന് എല്ലായ്പോഴും സ്നേഹവും ബഹുമാനവും എനിക്ക് അനുഭവപ്പെട്ടിട്ടുണ്ട്.
"എന്റെ ആദ്യ ആഭ്യന്തര ലീഗ്, എന്റെ ആദ്യ കപ്പ്, പോർച്ചുഗീസ് ദേശിയ ടീമിലേക്കുള്ള എന്റെ ആദ്യ വിളി, എന്റെ ആദ്യ ചാമ്പ്യൻസ് ലീഗ്, എന്റെ ആദ്യ ഗോൾഡൻ ബൂട്ട്, എന്റെ ആദ്യ ബാലൺ ഡി'ഓർ എന്നിവയെല്ലാം പിറന്നത് ചുവന്ന ചെകുത്താന്മാരും ഞാനും തമ്മിലുള്ള പ്രത്യേകമായ ബന്ധത്തിൽ നിന്നാണ്. കഴിഞ്ഞ കാലങ്ങളിൽ ചരിത്രം എഴുതപ്പെട്ടിട്ടുണ്ട്, ചരിത്രം ഒരിക്കൽ കൂടി എഴുതപ്പെടും! നിങ്ങൾക്കുള്ള എന്റെ വാക്കാണിത്.
"ഞാൻ ഇവിടെ തന്നെയുണ്ട്,
ഞാൻ എവിടെയുള്ളതാണോ അങ്ങോട്ടേക്ക് ഞാൻ തിരിച്ചെത്തി!
നമുക്ക് അത് ഒരിക്കൽ കൂടി സംഭവിപ്പിക്കാം!
"പിഎസ് - സർ അലക്സ്, ഇത് നിങ്ങൾക്ക് വേണ്ടിയാണ്..."
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.