Football in Malayalam

റൊണാൾഡോ എത്തിയെങ്കിലും പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് മൂന്നാമതായിരിക്കുമെന്ന് ഗാരി നെവിൽ

Sreejith N
Udinese Calcio v Juventus - Serie A
Udinese Calcio v Juventus - Serie A / Quality Sport Images/Getty Images
facebooktwitterreddit

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ട്രാൻസ്‌ഫർ അപ്രതീക്ഷിതമായി പൂർത്തിയാക്കി മാഞ്ചസ്റ്റർ യുണൈറ്റഡ് ഏവരെയും ഞെട്ടിച്ചെങ്കിലും പ്രീമിയർ ലീഗ് കിരീടപ്പോരാട്ടത്തിൽ റെഡ് ഡെവിൾസ് ഇപ്പോഴും മാഞ്ചസ്റ്റർ സിറ്റിക്കും ചെൽസിക്കും പിന്നിലാണെന്ന് ക്ലബിന്റെ ഇതിഹാസതാരമായ ഗാരി നെവിൽ. ഈ സീസണിൽ ഈ രണ്ടു ക്ലബുകൾക്കും പിന്നിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് മൂന്നാം സ്ഥാനത്തു തന്നെയാകും ഫിനിഷ് ചെയ്യുകയെന്നും നെവിൽ അഭിപ്രായപ്പെട്ടു.

"കഴിഞ്ഞു പോയ വർഷങ്ങളിലാണെങ്കിൽ ഈ മാഞ്ചസ്റ്റർ യുണൈറ്റഡ് ടീം പത്തു പോയിന്റുകളുടെ വ്യത്യാസത്തിൽ പ്രീമിയർ ലീഗ് നേടുമെന്ന് ഞാൻ പറയുന്നുണ്ടാകും. പക്ഷെ ഇത്തവണ പ്രീമിയർ ലീഗ് വളരെ ശക്തരാണ്," സ്കൈ സ്പോർട്സിനോട് സംസാരിക്കുമ്പോൾ നെവിൽ പറഞ്ഞു.

"മൺഡേ നൈറ്റ് ഫുട്ബോളിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് മാഞ്ചസ്റ്റർ സിറ്റിക്കും ചെൽസിക്കും പിന്നിൽ മൂന്നാം സ്ഥാനത്താണ് ഫിനിഷ് ചെയ്യുകയെന്നു പ്രവചിച്ചിരുന്നത് മാറ്റാൻ ഞാൻ തയ്യാറല്ല. കാരണം റൊണാൾഡോ ടീമിലെത്തിയത് കഴിഞ്ഞ സീസണിൽ ചാമ്പ്യൻസ് ലീഗ് കിരീടം നേടിയ ചെൽസിയെക്കാളും കഴിഞ്ഞ സീസണിൽ ഇരുപതോളം പോയിന്റുകളുടെ വ്യത്യാസത്തിൽ പ്രീമിയർ ലീഗ് കിരീടം നേടിയ മാഞ്ചസ്റ്റർ സിറ്റിയേക്കാളും മികച്ച ടീമായി മാഞ്ചസ്റ്റർ യുണൈറ്റഡിനെ മാറ്റുന്നില്ല," നെവിൽ വ്യക്തമാക്കി.

അതേസമയം റൊണാൾഡോ, റാഫേൽ വരാനെ എന്നിങ്ങനെ വിജയം നേടാൻ മാനസികമായി കരുത്തുള്ള താരങ്ങളുടെ സാന്നിധ്യം മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ കിരീടപ്പോരാട്ടത്തിനു ശക്തി പകരുമെന്ന് നെവിൽ പറഞ്ഞു. അവരുടെ കരുത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് കിരീടം നേടാനാണ് താൻ കാത്തിരിക്കുന്നത് എന്നും പക്ഷെ പ്രായോഗികമായി ചിന്തിക്കുമ്പോൾ അവർക്ക് കിരീടസാധ്യതയില്ലെന്നും നെവിൽ കൂട്ടിച്ചേർത്തു.

അതേസമയം നിരവധി വർഷങ്ങളായി ഒരു കിരീടം പോലും സ്വന്തമാക്കിയിട്ടില്ലാത്ത മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ആരാധകർക്ക് റൊണാൾഡോ ടീമിലെത്തിയത് പ്രതീക്ഷ തന്നെയാണ്. റയൽ മാഡ്രിഡിനൊപ്പം മൂന്നു ചാമ്പ്യൻസ് ലീഗുകൾ തുടർച്ചയായി സ്വന്തമാക്കിയിട്ടുള്ള റാഫേൽ വരാനെ, റൊണാൾഡോ എന്നിവരുടെ സാന്നിധ്യം ടീമിനു പുതിയൊരു കരുത്തു പകരുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit