Manchester United

റൊണാൾഡോ ക്ലബ് വിടാനൊരുങ്ങുന്നതിനാൽ ട്രാൻസ്‌ഫർ പദ്ധതികളിൽ മാറ്റം വരുത്താൻ മാഞ്ചസ്റ്റർ യുണൈറ്റഡ്

Sreejith N
Man Utd To Change Summer Transfer Plans
Man Utd To Change Summer Transfer Plans / ANP/GettyImages
facebooktwitterreddit

സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ ക്ലബ് വിടാനുള്ള സാധ്യത വർധിച്ചതോടെ സമ്മർ ട്രാൻസ്‌ഫർ ജാലകത്തിലെ പദ്ധതികളിൽ മാറ്റം വരുത്താൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ഒരുങ്ങുന്നു. ടീമിന്റെ പ്രതിരോധത്തിലേക്ക് രണ്ടു താരങ്ങളെ തീർച്ചയായും എത്തിക്കാൻ തയ്യാറെടുക്കുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് അതിനു പുറമെ മധ്യനിര ശക്തിപ്പെടുത്താനുള്ള നീക്കങ്ങളും നടത്തുന്നുണ്ട്.

മുപ്പത്തിയേഴുകാരനായ റൊണാൾഡോ ക്ലബ് വിടാനുള്ള ആഗ്രഹം നേതൃത്വത്തെ അറിയിച്ചുവെന്ന റിപ്പോർട്ടുകൾ പുറത്തു വന്നതിനു പിന്നാലെ പോർച്ചുഗൽ താരം ക്ലബിന്റെ പരിശീലനക്യാംപിൽ ചേരാതിരിക്കുകയും പ്രീ സീസൺ ടൂറിനുള്ള ടീമിൽ നിന്നും ഒഴിവാക്കപ്പെടുകയും ചെയ്‌തിരുന്നു. കുടുംബപരമായ കാരണങ്ങൾ കൊണ്ടാണിതെന്ന് യുണൈറ്റഡ് നേതൃത്വം അറിയിച്ചെങ്കിലും ക്ലബ് വിടാനുള്ള റൊണാൾഡോയുടെ താൽപര്യമാണ് ഇതിൽ നിന്നും വായിച്ചെടുക്കാൻ കഴിയുന്നത്.

സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് വളരെ സാവധാനം മുന്നോട്ടു പോകുന്നതും അടുത്ത സീസണിൽ ചാമ്പ്യൻസ് ലീഗ് കളിക്കാൻ യോഗ്യത നേടിയില്ലെന്നതും അതിന്റെ പേരിൽ ക്ലബ് ഏർപ്പെടുത്തിയ ഇരുപത്തിയഞ്ചു ശതമാനം പ്രതിഫലം വെട്ടിക്കുറക്കലുമാണ് റൊണാൾഡോയെ ക്ലബ് വിടാൻ പ്രേരിപ്പിക്കുന്ന ഘടകങ്ങളെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ സീസണിൽ 24 ഗോളുകളോടെ ടീമിന്റെ ടോപ് സ്‌കോറർ താരമായിരുന്നു.

റൊണാൾഡോ ക്ലബ് വിടുകയാണെങ്കിലും മുന്നേറ്റനിരയിൽ എറിക് ടെൻ ഹാഗ് അത്ര വലിയൊരു അഴിച്ചുപണി നടത്തില്ലെന്നാണ് മാഞ്ചസ്റ്റർ ഈവെനിംഗ് ന്യൂസ് വെളിപ്പെടുത്തുന്നത്. നിലവിൽ റൈറ്റ് ബാക്ക്, സെന്റർ ബാക്ക് എന്നീ പൊസിഷനുകളിലേക്കാണ് അവർ പ്രധാനമായും താരങ്ങളെ അന്വേഷിക്കുന്നത്. ഡീഗോ ദാലട്ടിനെ നിലനിർത്തി ആരോൺ വാൻ ബിസാക്ക, അലക്‌സ് ടെല്ലസ് എന്നിവരെ ഒഴിവാക്കാൻ തയ്യാറെടുക്കുന്ന യുണൈറ്റഡ് ലെഫ്റ്റ് ബാക്ക് സ്ഥാനത്തേക്ക് ഫെയനൂർദിൽ നിന്നും മലാസിയയെ സ്വന്തമാക്കിയിട്ടുണ്ട്.

സെന്റർ ബാക്കുകളായ എറിക് ബെയ്‌ലി, ഫിൽ ജോൺസ്, ആക്‌സൽ ടുവാൻസുബേ, ലെഫ്റ്റ് ബാക്ക് ബ്രണ്ടൻ വില്യംസ് എന്നിവരെ ഒഴിവാക്കാൻ തയ്യാറെടുക്കുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് അയാക്‌സ് പ്രതിരോധതാരം ലിസാൻഡ്രോ മാർട്ടിനസിനു വേണ്ടി ഓഫർ സമർപ്പിച്ചു കഴിഞ്ഞു. ഇതിനു പുറമെ ക്രിസ്റ്റൻ എറിക്‌സണും ടീമിലേക്ക് ചേക്കേറുന്നതിന്റെ തൊട്ടരികിലാണ്. ബാഴ്‌സലോണ താരമായ ഫ്രാങ്കീ ഡി ജോങിന്റെ ട്രാൻസ്‌ഫറാണ് നിലവിൽ അനിശ്ചിതത്വത്തിൽ തുടരുന്നത്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit