പ്രകടനത്തില്‍ തൃപ്തി; റാങ്‌നിക്കിന് കൂടുതൽ സമയം നൽകുന്ന കാര്യം മാഞ്ചസ്റ്റർ യുണൈറ്റഡ് പരിഗണിക്കുന്നു

പുതിയ പരിശീലകന് വേണ്ടിയുള്ള നീക്കങ്ങള്‍ മാഞ്ചസ്റ്റർ യുണൈറ്റഡ് താല്‍ക്കാലികമായി നിര്‍ത്തിവെക്കുന്നു. നിലവിലെ പരിശീലകന്‍ റാല്‍ഫ് റാങ്‌നിക്കിന്റെ പ്രകടനത്തില്‍ കബ് തൃപ്തി രേഖപ്പെടുത്തിയതോടെയാണ്, പെട്ടെന്ന് പുതിയ പരിശീലകനെ ടീമിലെത്തിക്കേണ്ട എന്ന തീരുമാനത്തില്‍ യുണൈറ്റഡ് എത്തുന്നത്.
ലീഗിലെ മോശം പ്രകടനത്തെ തുടര്‍ന്ന് നോര്‍വീജിയന്‍ പരിശീലകന്‍ ഓലെ ഗുണ്ണാര്‍ സോള്‍ഷ്യാറുടെ പകരക്കാരനായിട്ടായിരുന്നു റാങ്‌നിക്ക് പരിശീലക വേഷം ഏറ്റെടുത്തത്. ഈ സീസണ്‍ അവസാനം വരെ മാത്രമായിരുന്നു റാങ്‌നിക്കിന് കരാറുണ്ടായിരുന്നത്. തുടര്‍ന്ന് ക്ലബില്‍ രണ്ട് വര്‍ഷത്തെ കണ്‍സല്‍റ്റന്റ് റോളിലുള്ള കരാറുമായിരുന്നു ഉണ്ടായിരുന്നത്.
ഇതിനെ തുടര്‍ന്നായിരുന്നു യുണൈറ്റഡ് അടുത്ത സീസണിലേക്ക് പുതിയ പരിശീലകനെ തിരഞ്ഞത്. ഇതിനായി നാലു പേരുടെ ചുരുക്കപ്പട്ടികയും യുണൈറ്റഡ് തയ്യാറാക്കിയിരുന്നു. മുന്‍ ബാഴ്‌സലോണ പരിശീലകനായിരുന്ന ലൂയീസ് എന്റിക്വ, പി.എസ്.ജി പരിശീലകന്‍ മൗറീസിയോ പൊച്ചറ്റീനോ, അയാക്‌സ് പരിശീലകന്‍ എറിക് ടെന്‍ ഹഗ്, സെവിയ്യ പരിശീലകന്‍ ജൂലിയന്‍ ലെപറ്റഗി എന്നിവരെയായിരുന്നു യുണൈറ്റഡ് ലക്ഷ്യമിട്ടിരുന്നത്.
എന്നാല്‍ ധൃതിപിടിച്ച് പുതിയ പരിശീലകനെ വേണ്ടെന്ന നിലപാടിലാണ് ക്ലബ്. റാങ്‌നിക്കിന്റെ കീഴില്‍ യുണൈറ്റഡ് മോശമല്ലാത്ത രീതിയില്‍ കളിക്കുന്നുണ്ടെന്നും അതിനാല്‍ പുതിയ പരിശീലകന് വേണ്ടി ഇപ്പോള്‍ നീക്കം നടത്തേണ്ടെന്നുമാണ് യുണൈറ്റഡ് തീരുമാനമെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നുണ്ട്. റാങ്‌നിക്കിന്റെ കീഴില്‍ മെച്ചപ്പെട്ട പ്രകടനം നടത്തുന്ന യുണൈറ്റഡ് ഇപ്പോള്‍ ആദ്യ നാലില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. മാനേജ്‌മെന്റിന് പുറമെ യുണൈറ്റഡ് ഫാന്‍സും റാങ്‌നിക്കിന്റെ പ്രകടനത്തില്‍ സന്തുഷ്ടരാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.