Cristiano Ronaldo

പ്രീ-സീസൺ ടൂറിന്റെ ഭാഗമാവണമെന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോയോട് ആവശ്യപ്പെട്ട് മാഞ്ചസ്റ്റർ യുണൈറ്റഡ്

Vaisakh. M
Manchester United want Cristiano to attend pre-season tour
Manchester United want Cristiano to attend pre-season tour / Matthew Ashton - AMA/GettyImages
facebooktwitterreddit

ക്ലബ്ബ് വിടുമെന്ന അഭ്യൂഹങ്ങൾക്കിടയിലും തായ്‌ലൻഡ്, ഓസ്ട്രേലിയ എന്നിവിടങ്ങളിൽ നടക്കാനിരിക്കുന്ന പ്രീ-സീസൺ മത്സരങ്ങളിൽ നിർബന്ധമായും പങ്കെടുക്കണമെന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോയോട് മാഞ്ചസ്റ്റർ യുണൈറ്റഡ് ആവശ്യപ്പെട്ടതായി റിപ്പോർട്ട്‌.

നല്ല ഓഫറുകൾ വന്നാൽ തന്നെ ക്ലബ് വിടാൻ അനുവദിക്കണമെന്ന് റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിനോട് ആവശ്യപ്പെട്ടതായി 90min ഉൾപ്പെടെയുള്ള മാധ്യമങ്ങൾ നേരത്തെ റിപ്പോർട്ട് ചെയ്‌തിരുന്നു.

എന്നാൽ, ഈ സമ്മർ ട്രാൻസ്ഫറിൽ ക്ലബ്ബ് വിടുകയാണെങ്കിലും പ്രീസീസൺ ടൂറിൽ റൊണാൾഡോ നിർബന്ധമായും പങ്കെടുക്കണമെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് ആവശ്യപ്പെട്ടതായി ഇംഗ്ലീഷ് മാധ്യമമായ ദി മിറർ റിപ്പോർട്ട്‌ ചെയ്യുന്നു. വരുന്ന വെള്ളിയാഴ്ച്ചയാണ് പ്രീ-സീസൺ പര്യടനത്തിനായി മാഞ്ചസ്റ്റർ യുണൈറ്റഡ് പുറപ്പെടുന്നത്.

പുതിയ പരിശീലകൻ എറിക് ടെൻ ഹാഗിന് കീഴിൽ പുതിയ സീസണിന് ഒരുങ്ങുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ്, ആദ്യം ബാങ്കോക്കിൽ വെച്ച് ലിവർപൂളിനെയും, പിന്നീട് മെൽബണിൽ വെച്ച് ക്രിസ്റ്റൽ പാലസിനെയും, അതിന് ശേഷം പെർത്തിൽ വെച്ച് ആസ്റ്റൺ വില്ലയെയും പ്രീ-സീസൺ മത്സരങ്ങളിൽ നേരിടും.

അതേ സമയം, റൊണാൾഡോയെ വിൽക്കാനില്ലെന്ന നിലപാടാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റേതെന്ന് സ്കൈ സ്പോർട്സ് റിപ്പോർട്ട് ചെയ്യുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഒരു വർഷത്തെ കരാർ കൂടി റൊണാൾഡോക്ക് ബാക്കിയുണ്ട്. പരിശീലകൻ ടെൻ ഹാഗിന്റെ പദ്ധതികളിൽ പ്രധാന റോൾ ഉള്ള താരം കൂടിയാണ് റൊണാൾഡോ.


facebooktwitterreddit