ഫ്രങ്കീ ഡി ജോംഗുൾപ്പെടെ മാഞ്ചസ്റ്റർ യുണൈറ്റഡ് ലക്ഷ്യമിടുന്നത് അഞ്ചു താരങ്ങളെ
By Sreejith N

എറിക് ടെൻ ഹാഗ് മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകനായി എത്തിയതോടെ അടുത്ത സീസണിൽ ടീമിലെത്തിക്കാൻ പരിഗണിക്കുന്നത് അഞ്ചു താരങ്ങളെ. അതിൽ ഏറ്റവും പ്രധാനപ്പെട്ട താരം ബാഴ്‌സലോണയുടെ ഫ്രാങ്കീ ഡി ജോങ്ങാണെന്നാണ് ഗോളിന്റെ റിപ്പോർട്ടുകൾ പറയുന്നത്. ഡച്ച് താരത്തിന് ബാഴ്‌സയിൽ തുടരാനാണ് താൽപര്യമെങ്കിലും തങ്ങളുടെ തട്ടകത്തിലെത്തിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്.
പോൾ പോഗ്ബ ക്ലബ് വിടുന്ന സാഹചര്യത്തിലാണ് പുതിയൊരു മധ്യനിര താരത്തെ സ്വന്തമാക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ശ്രമിക്കുന്നത്. എറിക് ടെൻ ഹാഗിന് കീഴിൽ അയാക്‌സിൽ തകർപ്പൻ പ്രകടനം നടത്തിയിട്ടുള്ള താരമാണ് ഡി ജോംഗ് എങ്കിലും മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് ചേക്കേറാൻ താരത്തിന് താൽപര്യമില്ല. അതേസമയം അറുപതു മില്യൺ യൂറോയാണ് ഡി ജോംഗിനായി മാഞ്ചസ്റ്റർ യുണൈറ്റഡ് വാഗ്‌ദാനം ചെയ്യുന്നത്.
മാറ്റിച്ചും ക്ലബ് വിടുന്ന സാഹചര്യത്തിൽ മധ്യനിരയിൽ വലിയ അഴിച്ചു പണികൾക്കു തയ്യാറെടുക്കുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് ലക്ഷ്യമിടുന്ന മറ്റു താരങ്ങൾ ലീഡ്‌സിന്റെ കാൽവിൻ ഫിലിപ്‌സ്, വെസ്റ്റ് ഹാം യുണൈറ്റഡിന്റെ ഡെക്ലൻ റൈസ്, ചെൽസിയുടെ എൻഗോളോ കാന്റെ എന്നിവരാണ്. റൈസിനായി വെസ്റ്റ് ഹാം ആവശ്യപ്പെടുന്ന തുക വളരെ കൂടുതലായതിനാൽ അതിനു പുറമെയുള്ള രണ്ടു താരങ്ങളിലേക്കാണ് യുണൈറ്റഡ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
ഈ കളിക്കാർക്കു പുറമെ മുന്നേറ്റനിരയിലേക്ക് ഒരു താരത്തെ കൂടി എത്തിക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ശ്രമിക്കുന്നുണ്ട്. പോർച്ചുഗീസ് ക്ലബായ ബെൻഫിക്ക സ്‌ട്രൈക്കർ ഡാർവിൻ നുനസിനെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ലക്ഷ്യമിടുന്നതെങ്കിലും യുറുഗ്വായ് താരം ചാമ്പ്യൻസ് ലീഗ് യോഗ്യതയുള്ള ക്ലബുകൾക്ക് കൂടുതൽ പരിഗണന നൽകുന്നത് യുണൈറ്റഡിന് തിരിച്ചടിയാണ്. ലിവർപൂളും നുനസിനായി ശ്രമം നടത്തുന്നുണ്ട്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.