സോൾഷ്യാർ നൽകിയ അവധി വകവെക്കാതെ അക്കാദമി താരങ്ങള്‍ക്കൊപ്പം പരിശീലനം നടത്തി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരങ്ങള്‍

ഒലെ ഗുണ്ണാർ സോൾഷ്യാർ ഒരാഴ്ചത്തെ അവധി നൽകിയിരുന്നുവെങ്കിലും, അത് വകവെക്കാതെ അക്കാദമി താരങ്ങള്‍ക്കൊപ്പം പരിശീലനം നടത്തി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സീനിയര്‍ ടീമിലെ താരങ്ങള്‍. നേരത്തെ, മാഞ്ചസ്റ്റർ യുണൈറ്റഡ് താരങ്ങൾക്ക് ഒരാഴ്ചത്തെ അവധി നൽകി സോൾഷെയർ നോർവെയിലേക്ക് മടങ്ങിയിരുന്നു. അന്താരാഷ്ട്ര ബ്രേക്ക് ആയതിനാൽ നിലവിൽ ക്ലബ് ഫുട്ബോൾ മത്സരങ്ങൾ ഇല്ലാത്തതിനാൽ സോൾഷ്യാർ താരങ്ങൾക്ക് അവധി നൽകിയിരുന്നത്.
എന്നാൽ, മാഞ്ചസ്റ്റർ സിറ്റിക്കെതിരെ ഏറ്റുവാങ്ങിയ പരാജയത്തിന് ശേഷം കൂടുതല്‍ സമയം പരിശീലനം നടത്തി ടീമിനെ മെച്ചപ്പെടുത്തുന്നതിന് പകരം ഒലെ തങ്ങൾക്ക് അവധി നല്‍കിയത് മാഞ്ചസ്റ്റർ യുണൈറ്റഡ് താരങ്ങളെ ആശ്ചര്യപ്പെടുത്തിയിരുന്നതായി ഡെയിലി മെയിൽ റിപ്പോർട്ട് ചെയ്തിരുന്നു. ഇപ്പോഴിതാ, നിലവിൽ ദേശിയ ടീമുകൾക്കൊപ്പമില്ലാത്ത, ക്ലബുകൾക്കൊപ്പമുള്ള ചില താരങ്ങൾ അക്കാദമി ടീമിനൊപ്പം പരിശീനം ആരംഭിച്ചതായി ദി അത്ലറ്റിക്ക് ആണ് റിപ്പോർട്ട് ചെയ്യുന്നത്.
മാഞ്ചസ്റ്റർ യുണൈറ്റഡ് മുന്നേറ്റനിര താരം മേസൺ ഗ്രീന്‍വുഡ് അണ്ടര്‍ 23, അണ്ടര്‍18 ടീമിനൊപ്പം തിങ്കൾ, ബുധൻ ദിവസങ്ങളിൽ പരിശീലനം നടത്തിയതായി ദി അത്ലറ്റിക്കിന്റെ റിപ്പോർട്ട് പറയുന്നു. ഇതേ ടീമിനൊപ്പം ബുധന്‍, വ്യാഴം, വെള്ളി ദിവസങ്ങളില്‍ മാര്‍ക്കസ് റാഷ്ഫോര്‍ഡും പരിശീലനം നടത്തിയിരുന്നു.
പരിക്കിൽ നിന്ന് മുക്തനാകുന്ന സെന്റര്‍ ബാക്ക് റാഫേല്‍ വരാനും, സിറ്റിക്കെതിരെയുള്ള മത്സരത്തില്‍ പരിക്കേറ്റിരുന്ന ലൂക്ക് ഷോയും കുറച്ച് സമയം അക്കാദമി താരങ്ങള്‍ക്കൊപ്പം പരിശീലനം നടത്തിയതായും റിപ്പോർട്ടിൽ പറയുന്നു.
അതേ സമയം, തിങ്കളാഴ്ചയോടെ ടീമിലെ മറ്റുള്ളവരെല്ലാം തിരിച്ചെത്തി പരിശീലനം ആരംഭിക്കും. ഒരാഴ്ചത്തെ അവധിക്ക് നോര്‍വേയിലേക്ക് പോയ സോള്‍ഷ്യാറും ഉടന്‍ തിരിച്ചെത്തുമെന്നാണ് വിവരം. പരിശീലക സ്ഥാനത്ത് നിന്ന് നീക്കുന്നതിന് മുന്‍പ് സോള്‍ഷ്യാര്‍ക്ക് കുറച്ച് കൂടി സമയം നല്‍കാനാണ് യുനൈറ്റഡ് മാനേജ്മെന്റിന്റെ തീരുമാനം. നവംബര്‍ 20ന് വാട്ഫോര്ഡിനെതിരേയാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രീമിയര്‍ ലീഗിലെ അടുത്ത മത്സരം.