യുക്രൈനിൽ റഷ്യ നടത്തുന്ന ആക്രമണത്തിൽ പ്രതികരിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ
By Sreejith N

യുക്രൈനെതിരെ റഷ്യ നടത്തുന്ന ആക്രമണത്തിൽ ഫുട്ബോൾ ലോകത്തു നിന്നും പ്രതിഷേധം അറിയിച്ച താരങ്ങൾക്കൊപ്പം ചേർന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയും. റഷ്യയുമായി നടക്കുന്ന ലോകകപ്പ് യോഗ്യതപ്ലേ ഓഫ് മത്സരത്തിൽ തങ്ങൾ പങ്കെടുക്കില്ലെന്ന് പോളണ്ട് ഫുട്ബോൾ ടീം അറിയിച്ചതടക്കം നിരവധി പ്രതിഷേധങ്ങൾ റഷ്യക്കെതിരെ ഉയരുന്ന സാഹചര്യത്തിലാണ് റൊണാൾഡോയും പ്രതികരിച്ചത്.
ലോകം മുഴുവൻ ഉറ്റു നോക്കുന്ന താരമായതിനാൽ തന്നെ പ്രസ്‌തുത വിഷയത്തിൽ ഒരു പക്ഷവും പിടിക്കാതെയാണ് റൊണാൾഡോ റഷ്യ നടത്തുന്ന ആക്രമണത്തിൽ പ്രതികരണം അറിയിച്ചത്. "നമ്മളുടെ മക്കൾക്കായി മികച്ചൊരു ലോകം പണിയേണ്ടതുണ്ട്. ലോകത്ത് സമാധാനം പുലരാൻ ഞാൻ പ്രാർത്ഥിക്കുന്നു." തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ കുറിച്ചു.
"Praying for peace in our world" https://t.co/zeqj2tzU9X
— Mirror Football (@MirrorFootball) February 26, 2022
അതേസമയം റഷ്യ നടത്തുന്ന ആക്രമണത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് തങ്ങളുടെ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. 2013 മുതൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ സ്പോൺസർമാരിൽ ഒരാളായ റഷ്യൻ എയർലൈനായ എയ്‌റോഫ്ലോട്ടുമായുള്ള പങ്കാളിത്തം കഴിഞ്ഞ ദിവസം ക്ലബ് വേണ്ടെന്നു വെച്ചിട്ടുണ്ട്. ഏതാണ്ട് നാൽപതു മില്യൺ യൂറോ മൂല്യമുള്ള ഡീലാണ് റഷ്യക്കെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി മാഞ്ചസ്റ്റർ യുണൈറ്റഡ് പിൻവലിച്ചത്.
ഫുട്ബോൾ ലോകത്ത് റഷ്യക്കെതിരെയും യുക്രൈനു പിന്തുണ നൽകിയും നിരവധി പേരാണ് എത്തുന്നത്. റഷ്യയുമായി ലോകകപ്പ് യോഗ്യത പ്ലേ ഓഫ് മത്സരം കളിക്കില്ലെന്ന തീരുമാനത്തെ അനുകൂലിച്ച് പോളണ്ടിലും പുറത്തുമുള്ള നിരവധി താരങ്ങൾ രംഗത്തെത്തിയിട്ടുണ്ട്. ഇന്നലെ ബയേൺ മ്യൂണിക്കിന്റെ മത്സരത്തിന്റെ യുക്രൈൻ പതാകയുടെ നിറമുള്ള ആംബാൻഡ് അണിഞ്ഞാണ് പോളണ്ട് സൂപ്പർതാരം ലെവൻഡോസ്‌കി ഇറങ്ങിയത്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.