മോശം ഫോമിലുള്ള മാഞ്ചസ്റ്റർ യുണൈറ്റഡ് ഒലെ ഗുണ്ണാർ സോൾഷെയറെ പുറത്താക്കില്ല, പരിശീലകന് ക്ലബിന്റെ പിന്തുണ

ലെസ്റ്റർ സിറ്റിക്കെതിരെ നടന്ന പ്രീമിയർ ലീഗ് മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് 4-2ന്റെ പരാജയം ഏറ്റുവാങ്ങിയതോടെ സമ്മർദ്ദത്തിലായ പരിശീലകൻ ഒലെ ഗുണ്ണാർ സോൾഷെയറെ പുറത്താക്കാൻ ചുവന്ന ചെകുത്താന്മാർ ഉദ്ദേശിക്കുന്നില്ലെന്ന് റിപോർട്ടുകൾ.
സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ജേഡൻ സാഞ്ചോ, റാഫേൽ വരാൻ, ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവരെ ടീമിലെത്തിച്ച യുണൈറ്റഡ് നിലവിൽ മോശം ഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത്. അവസാനം കളിച്ച മൂന്ന് ലീഗ് മത്സരങ്ങളിലും വിജയം സ്വന്തമാക്കാൻ കഴിയാതെ വന്നതോടെ പരിശീലകൻ സോൾഷെയറിന് എതിരെയും വിമർശനങ്ങൾ ശക്തമാണ്.
എന്നാൽ, സോൾഷെയറെ ഇപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡ് പുറത്താക്കില്ലെന്നും, നോർവീജിയൻ പരിശീലകൻ ക്ലബ് ബോർഡിന്റെ പിന്തുണയുണ്ടെന്നുമാണ് ഇംഗ്ലീഷ് മാധ്യമമായ ദി അത്ലറ്റിക്ക് റിപ്പോർട്ട് ചെയ്യുന്നത്.
നിലവിൽ 8 മത്സരങ്ങളിൽ നിന്ന് 14 പോയിന്റുകളുമായി പ്രീമിയർ ലീഗ് പോയിന്റ് പട്ടികയിൽ ആറാം സ്ഥാനത്ത് നിൽക്കുന്ന മാഞ്ചസ്റ്റർ യുണൈറ്റഡിന് ശക്തരായ എതിരാളികളെയാണ് അടുത്ത മൂന്ന് മത്സരങ്ങളിലും നേരിടാനുള്ളത്.
മികച്ച ഫോമിലുള്ള ലിവർപൂളുമായാണ് ചുവന്ന ചെകുത്താന്മാരുടെ അടുത്ത ലീഗ് മത്സരം. പിന്നാലെ ടോട്ടൻഹാം ഹോട്സ്പറിനെ നേരിടുന്ന യുണൈറ്റഡിന്റെ അതിന് ശേഷമുള്ള എതിരാളികൾ നിലവിലെ ലീഗ് ജേതാക്കളായ മാഞ്ചസ്റ്റർ സിറ്റിയാണ്. ഈ മത്സരങ്ങളിലും യുണൈറ്റഡ് തങ്ങളുടെ മോശം ഫോം തുടർന്നാൽ സോൾഷെയറുടെ പരിശീലകസ്ഥാനത്തിന് ഇളക്കം തട്ടാൻ സാധ്യതയേറെയാണ്.