Football in Malayalam

നീലത്തിരമാലയെ കോട്ടകെട്ടിത്തടഞ്ഞ് മാഞ്ചസ്റ്റർ യുണൈറ്റഡ്; ചെൽസിക്കെതിരെ സമനില

Haroon Rasheed
Jadon Sancho sent Man Utd ahead before Jorginho restored parity for Chelsea
Jadon Sancho sent Man Utd ahead before Jorginho restored parity for Chelsea / Marc Atkins/GettyImages
facebooktwitterreddit

സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ ആഞ്ഞടിച്ച നീലത്തിരമാലയെ പ്രതിരോധം കെട്ടി തടഞ്ഞു നിര്‍ത്തിയ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ചെല്‍സിക്കെതിരെ സമനില. പ്രീമിയര്‍ ലീഗില്‍ നടന്ന തീ പാറുന്ന പോരാട്ടത്തില്‍ 1 - 1 എന്ന സ്‌കോറിനാണ് ചാംപ്യന്‍സ് ലീഗ് ചാംപ്യന്‍മാരായ ചെല്‍സിയെ യുണൈറ്റഡ് തളച്ചത്.

50ാം മിനുട്ടില്‍ ജേഡന്‍ സാഞ്ചോ നേടിയ ഗോളില്‍ യുണൈറ്റഡ് മുന്നിലെത്തി. ജോര്‍ജീഞ്ഞോയുടെ പിഴവില്‍ നിന്നായിരുന്നു സാഞ്ചോ അവസരം മുതലാക്കി ഗോള്‍ നേടിയത്. 69ാം മിനുട്ടില്‍ ലഭിച്ച പെനാല്‍റ്റി ജോർജീഞ്ഞോ ലക്ഷ്യത്തിലെത്തിച്ചതോടെ ചെല്‍സി സമനില കണ്ടെത്തി. വിജയഗോള്‍ നേടുന്നതിനായി ചെല്‍സി തുടരെ തുടരെ യുണൈറ്റഡിന്റെ ഗോള്‍ മുഖം അക്രമിച്ചുകൊണ്ടിരുന്നു. പക്ഷെ യുണൈറ്റഡ് താരങ്ങളുടെ കൂട്ടായ പ്രതിരോധം കാരണം ചെല്‍സിയുടെ ശ്രമങ്ങളെല്ലാം പരാജയപ്പെടുകയായിരുന്നു.

24 ഷോട്ടുകളാണ് യുണൈറ്റഡിന്റെ വല ലക്ഷ്യമാക്കി ചെല്‍സി തൊടുത്തത്. ഇതില്‍ 6 എണ്ണം ഷോട്ട് ഓണ്‍ ടാര്‍ഗറ്റാവുകയും ചെയ്തു. പ്രതിരോധത്തിലൂന്നിയ യുണൈറ്റഡ് മൂന്ന് ഷോട്ട് മാത്രമാണ് ചെല്‍സിയുടെ പോസ്റ്റിലേക്ക് ഉതിർത്തത്. ചെല്‍സിക്ക് 15 കോര്‍ണറുകള്‍ ലഭിച്ചെങ്കിലും ഒന്ന് പോലും മുതലാക്കാന്‍ അവർക്ക് കഴിഞ്ഞില്ല. മറുവശത്ത്,പകരക്കാരന്റെ റോളില്‍ കളത്തിലിറങ്ങിയ ക്രിസ്റ്റിയാനോ റൊണാള്‍ഡോക്കും കാര്യമായ നീക്കമെന്നും ചുവന്ന ചെകുത്താന്മാർക്ക് വേണ്ടി നടത്താന്‍ കഴിഞ്ഞില്ല.

സമനിലയോടെ, 13 മത്സരങ്ങളിൽ നിന്ന് 30 പോയിന്റുള്ള ചെല്‍സി പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടരുന്നു.അത്ര തന്നെ മത്സരങ്ങളിൽ നിന്ന് 18 പോയിന്റുള്ള യുണൈറ്റഡ് പട്ടികയില്‍ എട്ടാം സ്ഥാനത്താണ്.


facebooktwitterreddit