റൊണാൾഡോയുടെ മാഞ്ചസ്റ്റർ യുണൈറ്റഡ് ട്രാൻസ്ഫർ ഇന്റർനെറ്റിലും തരംഗം, മെസി കുറിച്ച റെക്കോർഡ് പിന്നിലായി


ഇന്റർനെറ്റിലും പുതിയ ചരിത്രം കുറിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മാഞ്ചസ്റ്റർ യുണൈറ്റഡ് ട്രാൻസ്ഫർ. ഇറ്റാലിയൻ ക്ലബായ യുവന്റസിൽ നിന്നും താരം മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കു ചേക്കേറിയ വിവരം ഔദ്യോഗികമായി പ്രഖ്യാപിച്ച ഇൻസ്റ്റഗ്രാം പോസ്റ്റ് ഒരു സ്പോർട്സ് ടീമിനു ലഭിക്കുന്ന ഏറ്റവുമധികം ലൈക്കുകളെന്ന റെക്കോർഡാണ് സ്വന്തമാക്കിയത്.
ക്രിസ്റ്റ്യാനോ റൊണാൾഡോയെ സ്വാഗതം ചെയ്ത് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇട്ട പോസ്റ്റിനു ഇതു വരെ പതിമൂന്നു മില്യണോളം ലൈക്കുകളാണ് ലഭിച്ചിരിക്കുന്നത്. ലയണൽ മെസി ബാഴ്സലോണയിൽ നിന്നും പിഎസ്ജിയിലെത്തിയ വിവരം ഫ്രഞ്ച് ക്ലബ് ഔദ്യോഗികമായി അറിയിച്ച വീഡിയോ പോസ്റ്റിനു ലഭിച്ച എട്ടു മില്യനോളം ലൈക്കുകളുടെ റെക്കോർഡാണ് ഇതോടെ പഴങ്കഥയായത്.
ഒരു സ്പോർട്സ് ടീമിന് ഏറ്റവുമധികം ലൈക്കുകൾ ലഭിച്ച ഇൻസ്റ്റഗ്രാം പോസ്റ്റെന്ന റെക്കോർഡ് മാഞ്ചസ്റ്റർ യുണൈറ്റഡിന് റൊണാൾഡോ നേടിക്കൊടുത്തെങ്കിലും ഏറ്റവുമധികം ലൈക്കുകൾ ഇൻസ്റ്റാഗ്രാമിൽ നേടിയ സ്പോർട്സ് സംബന്ധമായ ചിത്രമെന്ന റെക്കോർഡ് മെസിക്കു തന്നെയാണ് സ്വന്തം. കോപ്പ അമേരിക്ക കിരീടവുമായി മെസി നിൽക്കുന്ന ചിത്രം 22 മില്യനോളം ലൈക്കുകളാണ് നേടിയത്.
ഇതിനു പുറമെ ബാഴ്സലോണയിൽ നിന്നും താരം വിട പറയുന്നതിന്റെ ചിത്രം 21 മില്യണിലധികം ലൈക്കുകളും അതിനു ശേഷം പിഎസ്ജി ജേഴ്സിയുമായി നിൽക്കുന്ന ചിത്രം 22 മില്യനോളം ലൈക്കുകളും നേടി. എന്നാൽ മെസിയെക്കാൾ ഇൻസ്റ്റഗ്രാം ഫോളോവെഴ്സുള്ള റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡുമായി ബന്ധപ്പെട്ട പോസ്റ്റ് ഇടുമ്പോൾ ഈ റെക്കോർഡുകളും പഴങ്കഥയാകുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.
മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് ചേക്കേറിയ താരം മെഡിക്കൽ നടപടികൾ പൂർത്തിയാക്കിയിട്ടുണ്ട്. ഇന്റർനാഷണൽ ബ്രേക്ക് വരുന്നതിനാൽ താരത്തിന്റെ രണ്ടാം വരവിലെ അരങ്ങേറ്റത്തിന് ആരാധകർ കുറച്ചുകൂടി കാത്തിരിക്കേണ്ടി വരും. സെപ്റ്റംബർ 11നാണു മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ അടുത്ത മത്സരം.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.