റൊണാൾഡോ ചെൽസിയിലേക്കില്ല, താരത്തെ വിട്ടുകൊടുക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് തയ്യാറല്ല


റൊണാൾഡോ പ്രീമിയർ ലീഗ് എതിരാളികളായ ചെൽസിയുടെ തട്ടകത്തിലേക്ക് ചേക്കേറാനുള്ള സാധ്യത മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബുമായി ബന്ധപ്പെട്ടവർ നിരാകരിച്ചതായി റിപ്പോർട്ടുകൾ. ക്രിസ്റ്റ്യാനോ റൊണാൾഡോയെ വിൽക്കാനില്ലെന്നും അടുത്ത സീസൺ മുഴുവൻ താരം ക്ലബിനൊപ്പം ഉണ്ടാകുമെന്നും മാഞ്ചസ്റ്റർ യുണൈറ്റഡുമായി അടുത്തു നിൽക്കുന്ന വ്യക്തികൾ വെളിപ്പെടുത്തിയെന്ന് മാഞ്ചസ്റ്റർ ഈവെനിംഗ് ന്യൂസ് ആണു വെളിപ്പെടുത്തിയത്.
മെയ് മാസത്തിൽ നൽകിയ അഭിമുഖത്തിൽ ക്ലബിനൊപ്പം തുടരാനും പുതിയ പരിശീലകനായി എത്തിയ എറിക് ടെൻ ഹാഗിനു കീഴിൽ ജോലി ചെയ്യാനുമുള്ള താൽപര്യം റൊണാൾഡോ പ്രകടിപ്പിച്ചിരുന്നു. എന്നാൽ പിന്നീട് ട്രാൻസ്ഫർ മാർക്കറ്റിൽ നിഷ്ക്രിയരായി തുടരുന്ന മാഞ്ചസ്റ്റർ യുണൈറ്റഡിന് അടുത്ത സീസണിൽ കിരീടസാധ്യത ഇല്ലെന്നതിനാൽ ക്ലബ് വിടുന്ന കാര്യം റൊണാൾഡോ ആലോചിക്കുന്നുണ്ടെന്ന റിപ്പോർട്ടുകൾ ശക്തമായി വന്നിരുന്നു.
റൊണാൾഡോയുടെ മുൻ ക്ലബായ സ്പോർട്ടിങ് ലിസ്ബൺ, ഇറ്റാലിയൻ ക്ലബായ എഎസ് റോമ, ജർമൻ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്ക് എന്നിവരുമായി താരത്തെ ചേർത്ത് നേരത്തെ അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. ബയേൺ തങ്ങളെയും താരത്തെയും ബന്ധപ്പെടുത്തിയ അഭ്യൂഹങ്ങൾ നിഷേധിക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് ചെൽസിയിലേക്ക് റൊണാൾഡോ ചേക്കേറാനുള്ള സാധ്യതയുണ്ടെന്ന വാർത്തകൾ പുറത്തു വന്നത്.
ചെൽസിയുടെ ഉടമയും സ്പോർട്ടിങ് ഡയറക്റ്ററുമായ ടോഡ് ബോഹ്ലി കഴിഞ്ഞ ദിവസം റൊണാൾഡോയുടെ ഏജന്റുമായി ചർച്ചകൾ നടത്തിയെന്നാണ് ദി അത്ലറ്റിക് റിപ്പോർട്ടു ചെയ്തത്. എന്നാൽ മാഞ്ചസ്റ്റർ ഈവെനിംഗ് ന്യൂസിന്റെ റിപ്പോർട്ടുകൾ പ്രകാരം അതിനു പിന്നാലെ താരത്തെ വിൽക്കാനില്ലെന്ന് ക്ലബുമായി ബന്ധപ്പെട്ടവർ ഉറപ്പിച്ചു വ്യക്തമാക്കിയിട്ടുണ്ട്. അടുത്ത സീസണിൽ താരം ക്ലബിനൊപ്പം ഉണ്ടാകുമെന്നു തന്നെയാണ് അവർ പ്രതീക്ഷിക്കുന്നത്.
കഴിഞ്ഞ സീസണിൽ തന്റെ കഴിവിന്റെ പരമാവധി മികച്ച പ്രകടനം റൊണാൾഡോ നടത്തിയെങ്കിലും ചാമ്പ്യൻസ് ലീഗ് യോഗ്യത നേടാൻ മാഞ്ചസ്റ്റർ യുണൈറ്റഡിന് കഴിഞ്ഞില്ല. കരിയറിൽ ആദ്യമായി ചാമ്പ്യൻസ് ലീഗ് യോഗ്യതയില്ലാത്ത സീസണു വേണ്ടി ഒരുങ്ങുന്ന റൊണാൾഡോ മറ്റേതെങ്കിലും ക്ലബ്ബിലേക്കുള്ള ട്രാൻസ്ഫർ പരിഗണിക്കാനുള്ള സാധ്യത തള്ളിക്കളയാൻ കഴിയില്ല.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.