Football in Malayalam

റൊണാൾഡോക്ക് പുതിയ തട്ടകം കണ്ടു പിടിക്കാൻ നീക്കങ്ങൾ ആരംഭിച്ച് താരത്തിന്റെ പ്രതിനിധികൾ; 3 ക്ലബ്ബുകളുമായി ബന്ധപ്പെട്ടു

Gokul Manthara
Juventus  v FC Internazionale - Serie A
Juventus v FC Internazionale - Serie A / Valerio Pennicino/Getty Images
facebooktwitterreddit

പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഈ‌ സമ്മറിൽ ക്ലബ്ബ് വിട്ടേക്കുമെന്നുള്ള അഭ്യൂഹങ്ങൾ കൂടുതൽ ശക്തമാകുന്നു. താരത്തിന് പുതിയ തട്ടകം കണ്ടെത്താനുള്ള നീക്കങ്ങൾ അദ്ദേഹത്തിന്റെ പ്രതിനിധികൾ ആരംഭിച്ചതായും ട്രാൻസ്ഫറുമായി ബന്ധപ്പെട്ട് മാഞ്ചസ്റ്റർ യുണൈറ്റഡ്, റയൽ മാഡ്രിഡ്, പി എസ് ജി ക്ലബ്ബുകളെ അവർ സമീപിച്ചെന്നും റിപ്പോർട്ടുകൾ പുറത്ത് വന്നതോടെയാണിത്‌.‌

ഉയർന്ന വേതനമുള്ള റൊണാൾഡോയെ വിട്ടു നൽകുന്നതിന് യുവന്റസ് ചോദിക്കുന്ന വില വളരെ കൂടുതലാണെന്നാണ് സൂചനകൾ. ഇക്കാര്യം കൊണ്ടു തന്നെ വളരെ കുറച്ച് യൂറോപ്യൻ ക്ലബ്ബുകൾ മാത്രമേ താരത്തിനായി രംഗത്തുണ്ടാവാൻ സാധ്യതയുള്ളൂ. ഈ സാഹചര്യത്തിലാണ് റൊണാൾഡോയുടെ ഏജന്റുമാർ താരത്തിന്റെ ട്രാൻസ്ഫർ കാര്യം ഏറ്റെടുത്തെന്നും ചില പ്രധാന ക്ലബ്ബുകളെ അദ്ദേഹത്തിന്റെ ട്രാൻസ്ഫറുമായി ബന്ധപ്പെട്ട് സമീപിച്ചെന്നും ഇ എസ് പി എൻ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

മാഞ്ചസ്റ്റർ യുണൈറ്റഡ്, പി എസ് ജി, റയൽ മാഡ്രിഡ് എന്നീ ക്ലബ്ബുകളെ റൊണാൾഡോയുടെ പ്രതിനിധികൾ വിളിച്ചെന്നും ഈ വേനൽക്കാലത്ത് ശരിയായ വിലയിൽ അദ്ദേഹം ലഭ്യമാകുമെന്ന് അറിയിച്ചെന്നുമാണ് സൂചനകൾ. ഏത് വിധേനയും താരത്തിന്റെ ട്രാൻസ്ഫർ ഇക്കുറി നടക്കാൻ അദ്ദേഹത്തിന്റെ പ്രതിനിധികൾ ആഗ്രഹിക്കുന്നതായാണ് ഈ നീക്കങ്ങളിൽ നിന്ന് വ്യക്തമാകുന്നത്.

റൊണാൾഡോയുടെ പ്രതിനിധികൾ ബന്ധപ്പെട്ട ക്ലബ്ബുകളിൽ പി എസ് ജിക്ക് താരത്തെ സ്വന്തമാക്കാൻ താല്പര്യമുണ്ടെന്നാണ് റിപ്പോർട്ടുകൾ. റൊണാൾഡോയെ വിട്ടു കൊടുത്ത് പകരം മൗറോ ഇക്കാർഡിയെ യുവന്റസിലേക്ക് കൊണ്ടു വരാൻ ക്ലബ്ബിന്റെ പുതിയ പരിശീലകനായി ചുമതലയേറ്റ മാസിമിലിയാനോ അല്ലഗ്രിയും ആഗ്രഹിക്കുന്നുണ്ട്. എന്നാൽ മാഞ്ചസ്റ്റർ യുണൈറ്റഡ്, റയൽ മാഡ്രിഡ് ക്ലബ്ബുകൾ താരത്തെ ടീമിലെത്തിക്കുന്ന കാര്യത്തിൽ എന്ത് നിലപാടാണ്‌ സ്വീകരിച്ചിരിക്കുന്നതെന്ന് വ്യക്തമായിട്ടില്ല.

പി എസ് ജി, മാഞ്ചസ്റ്റർ യുണൈറ്റഡ്, റയൽ മാഡ്രിഡ് എന്നീ മൂന്ന് ക്ലബ്ബുകളും ഈ ‌സമ്മറിൽ പുതിയ സ്ട്രൈക്കറെ ടീമിലെത്തിക്കാനുള്ള തയ്യാറെടുപ്പുകളിലാണ്. റൊണാൾഡോക്കായി യുവന്റസ് ചോദിക്കുന്നുവെന്ന് കരുതപ്പെടുന്ന 25 മില്ല്യൺ പൗണ്ട് വിലയും ഈ മൂന്ന് ക്ലബ്ബുകൾക്ക് പ്രശ്നമുണ്ടാകില്ലെന്നാണ് കരുതപ്പെടുന്നതെങ്കിലും, താരത്തിന്റെ ഉയർന്ന ശമ്പളം കരാർ നടക്കുന്നതിന് തടസമായേക്കാമെന്നാണ് സൂചനകൾ.

അതേ സമയം അടുത്ത സമ്മറിൽ യുവന്റസുമായുള്ള കരാർ അവസാനിക്കാനിരിക്കുന്ന റൊണാൾഡോ ഇപ്പോളും തന്റെ ഭാവി‌ കാര്യത്തിൽ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നാണ് സൂചനകൾ. ക്ലബ്ബിൽ നിന്ന് പുറത്തേക്ക് പോകാൻ അദ്ദേഹം ആഗ്രഹിക്കുന്നതായി റിപ്പോർട്ടുകളുണ്ടെങ്കിലും മികച്ചൊരു ക്ലബ്ബ് ഇക്കുറി കണ്ടെത്താനാകുമോ എന്നതിനെ ആശ്രയിച്ചാകും ഇക്കാര്യത്തിൽ താരം തീരുമാനമെടുക്കുക. ഇത്തവണത്തെ യൂറോ കപ്പിന് ശേഷം ഭാവി കാര്യത്തിൽ റോണോ യുവന്റസുമായും, പരിശീലകൻ അല്ലഗ്രിയുമായും കൂടുതൽ ചർച്ചകൾ നടത്തുമെന്നും ഇതിനൊപ്പം വാർത്തകൾ വന്നിട്ടുണ്ട്.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit