Football in Malayalam

തങ്ങളുടെ ഇടക്കാല പരിശീലകനാവാൻ റാൽഫ് റാംഗ്നിക്കുമായി ധാരണയിലെത്തി മാഞ്ചസ്റ്റർ യുണൈറ്റഡ്

Ali Shibil Roshan
Man Utd have reached agreement with Ralf Rangnick to become their interim manager
Man Utd have reached agreement with Ralf Rangnick to become their interim manager / David Geieregger/GettyImages
facebooktwitterreddit

ഒലെ ഗുണ്ണാർ സോൾഷെയറെ പുറത്താക്കിയതിന് പിന്നാലെ പുതിയ പരിശീലകനെ നിയമിക്കാനൊരുങ്ങുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ്, തങ്ങളുടെ ഇടക്കാല പരിശീലകനാവാൻ ലോക്കോമോട്ടീവ് മോസ്കോയുടെ ഹെഡ് ഓഫ് സ്പോർട്സ് ആൻഡ് ഡെവലപ്മെന്റ് റാൽഫ് റാംഗ്നിക്കുമായി ധാരണയിലെത്തിയതായി ദി അത്‌ലറ്റിക്ക് റിപ്പോർട്ട് ചെയ്യുന്നു.

വാറ്റ്‌ഫോഡിനെതിരായ 4-1ന്റെ നാണംകെടുത്തുന്ന പരാജയത്തിന് പിന്നാലെ സോൾഷെയറെ പുറത്താക്കിയ മാഞ്ചസ്റ്റർ യുണൈറ്റഡ്, 21/22 സീസൺ അവസാനം വരെ ഒരു ഇടക്കാല പരിശീലകനെ നിയമിക്കുമെന്നും, പിന്നീട് അടുത്ത സീസണിന് മുന്നോടിയായി സ്ഥിരപരിശീലകനെ നിയമിക്കുമെന്നും വ്യക്തമാക്കിയിരുന്നു.

റാംഗ്നിക്കിന് പുറമെ മുൻ ബാഴ്‌സലോണ പരിശീലകൻ ഏർണസ്റ്റോ വാൽവെർദെ, മുൻ ബൊറൂസിയ ഡോർട്മുണ്ട് പരിശീലകൻ ലൂസിയൻ ഫാവ്റെ, മുൻ റോമാ പരിശീലകൻ പൗളോ ഫൊൻസേക, മുൻ ലിയോൺ പരിശീലകൻ റൂഡി ഗാർഷ്യ എന്നിവർ ഇടക്കാല പരിശീലകനെ കണ്ടെത്താൻ വേണ്ടിയുള്ള മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ അഞ്ചംഗ ചുരുക്കപ്പട്ടികയിൽ ഉണ്ടെന്ന് ഡെയിലി മെയിൽ നേരത്തെ റിപ്പോർട്ട് ചെയ്‌തിരുന്നു.

ഇപ്പോഴിതാ, തങ്ങളുടെ ഇടക്കാല പരിശീലകനാവാൻ റാംഗ്നിക്കുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് ധാരണയില്ലെത്തിയതായി ദി അത്‌ലറ്റിക്ക് വ്യക്തമാക്കുന്നു. റാംഗ്നിക്കിനെ അദ്ദേഹത്തിൻറെ നിലവിലെ ക്ലബായ ലോക്കോമോട്ടീവ് മോസ്കോ റിലീസ് ചെയ്യാൻ തയ്യാറാകുന്നതിന് വിധേയമാണ് ഈ ധാരണയെന്നും അവരുടെ റിപ്പോർട്ട് വ്യക്തമാക്കുന്നു.

മെയ് അവസാനം വരെയുള്ള ആറ് മാസ കരാറാണ് റാംഗ്നിക്ക് മാഞ്ചസ്റ്റർ യുണൈറ്റഡുമായി സമ്മതിച്ചിട്ടുള്ളത്. അതിന് ശേഷം, ക്ലബിൽ രണ്ട് വർഷത്തെ കൺസൾട്ടൻസി റോൾ അദ്ദേഹത്തിനുണ്ടാവുമെന്നും ദി അത്‌ലറ്റിക്ക് പറയുന്നു.

നിലവിൽ ലോക്കോമോട്ടീവ് മോസ്കോക്കൊപ്പമുള്ള 63കാരനായ റാംഗ്നിക്കിനെ ഗെഗെൻപ്രെസ്സിങ്ങിന്റെ ഗോഡ്ഫാദറായാണ് ഫുട്ബോൾ ലോകം കാണുന്നത്. ഹാന്നോവർ, ഷാൽക്കെ, ആർബി ലെപ്‌സിഗ്, ഹോഫൻഹൈം ഉൾപ്പെടെയുള്ള നിരവധി ക്ലബുകളെ പരിശീലിപ്പിച്ചിട്ടുള്ള റാംഗ്നിക്ക്, ലിവർപൂൾ പരിശീലകൻ യുർഗൻ ക്ലോപ്പ്, ചെൽസി പരിശീലകൻ തോമസ് ട്യൂഷൽ, ബയേൺ മ്യൂണിക്ക് പരിശീലകൻ ജൂലിയൻ നാഗേൽസ്മാൻ എന്നിവരെ ഏറെ സ്വാധീനിച്ചിട്ടുള്ള വ്യക്തി കൂടിയാണ്.

പരിശീലകൻ എന്ന നിലയിൽ 2011ൽ ഷാൽക്കെയെ ചാമ്പ്യൻസ് ലീഗ് സെമി ഫൈനൽ വരെയെത്തിച്ചിട്ടുള്ള റാംഗ്നിക്ക്, ആർബി ലെപ്‌സിഗ്, ആർബി സാൽസ്ബർഗ് എന്നീ ക്ലബുകളുടെ ഡയറക്ടർ ഓഫ് ഫുട്ബോൾ ആയും പ്രവർത്തിച്ചിട്ടുണ്ട്. റാംഗ്നിക്ക് ആ സ്ഥാനം വഹിച്ചിരുന്നപ്പോഴാണ് ലെപ്‌സിഗ് ജർമനിയിലെ നാലാം ഡിവിഷനിൽ നിന്നും ബുണ്ടസ്ലീഗയിലേക്ക് ഉയർന്ന് വന്നത്.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit