Football in Malayalam

യംഗ് ബോയ്സിനെതിരായ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ സാധ്യതാ ഇലവൻ

By Gokul Manthara
Manchester United v Newcastle United - Premier League
Manchester United v Newcastle United - Premier League / Clive Brunskill/Getty Images
facebooktwitterreddit

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വരവോടെ കരുത്തും, ആവേശവും വർധിച്ച മാഞ്ചസ്റ്റർ യുണൈറ്റഡ് നാളെ സീസണിലെ തങ്ങളുടെ ആദ്യ ചാമ്പ്യൻസ് ലീഗ് മത്സരത്തിനിറങ്ങുകയാണ്. ഇന്ത്യൻ സമയം രാത്രി 10.15ന് ആരംഭിക്കുന്ന മത്സരത്തിൽ സ്വിറ്റ്സർലൻഡ് ക്ലബ്ബായ യംഗ് ബോയ്സാണ് ചുവന്ന ചെകുത്താന്മാരുടെ എതിരാളികൾ. ന്യൂകാസിൽ യുണൈറ്റഡിനെതിരായ അവസാന പ്രീമിയർ ലീഗ് മത്സരത്തിൽ 4-1 ന്റെ തകർപ്പൻ ജയവും അത് വഴി ലീഗിലെ ഒന്നാം സ്ഥാനവും സ്വന്തമാക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഈ സീസണിലെ ആദ്യ ചാമ്പ്യൻസ് ലീഗ് മത്സരത്തിനിറങ്ങുന്നത്.

2018-19 സീസണിലെ ചാമ്പ്യൻസ് ലീഗിലും ഇതേ എതിരാളികൾക്കെതിരെയായിരുന്നു യുണൈറ്റഡിന്റെ ആദ്യ മത്സരം. പോൾ പോഗ്ബ ഇരട്ട ഗോളുകൾ നേടിയ അന്നത്തെ മത്സരത്തിൽ മറുപടിയില്ലാത്ത 3 ഗോളുകൾക്ക് അവർ വിജയിച്ചിരുന്നു. ചാമ്പ്യൻസ് ലീഗിലെ എക്കാലത്തെയും ഉയർന്ന ഗോൾവേട്ടക്കാരനായ ക്രിസ്റ്റ്യാനോ റൊണാൾഡോയെ അണിനിരത്തി ഇക്കുറി കളിക്കുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് 2018-19 സീസണിൽ നേടിയതിനേക്കാൾ വലിയ ജയം തന്നെയാവും ഇക്കുറി യംഗ്ബോയ്സിനെതിരെ ലക്ഷ്യമിടുക.

യംഗ് ബോയ്സിനെതിരായ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ സാധ്യതാ ഇലവൻ ഇങ്ങനെ

1. ഗോൾകീപ്പർ & പ്രതിരോധ താരങ്ങൾ

David De Gea
Spain v Georgia -World Cup Qualifier / Soccrates Images/Getty Images

ഡേവിഡ് ഡി ഹിയ (ഗോൾകീപ്പർ) - പൂർണമായും ആരോഗ്യവാനാണെങ്കിൽ ഡീൻ ഹെൻഡേഴ്സണാകും ഗോൾ വലക്ക് മുന്നിലെത്തുക. എന്നാൽ നിലവിലെ താരത്തിന്റെ ഫിറ്റ്നസ് പരിഗണിക്കുമ്പോൾ ഡി ഹിയ തന്നെയാകും യംഗ് ബോയ്സിനെതിരെ കളിക്കുക

ഡിയൊഗോ ‌ഡാലറ്റ് (റൈറ്റ് ബാക്ക്) - പ്രതിരോധത്തിൽ ചില റൊട്ടേഷനുകൾ വരുത്താൻ സോൾഷ്യർ തയ്യാറായേക്കും. ഇത് പ്രകാരം ആരോൺ വാൻ ബിസാക്കക്ക് പകരം ഡിയൊഗോ ഡാലട്ട് സീസണിലെ ആദ്യ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ യുണൈറ്റഡിന്റെ വലത് ബാക്ക് സ്ഥാനത്ത് കളിക്കാനാണ് സാധ്യത.

റാഫേൽ വരാൻ (സെന്റർബാക്ക്) - നാല് ചാമ്പ്യൻസ് ലീഗ് കിരീടം നേടിയ റാഫേൽ വരാനെക്ക് ടീമിലെ ഒരു സെന്റർ-ബാക്ക് സ്ഥാനത്ത് ഉറപ്പാണ്. മഗ്വയറിനൊപ്പമുള്ള കൂട്ടുകെട്ട് കൂടുതൽ മികച്ചതാക്കാൻ താരത്തിന് ലഭിക്കുന്ന മറ്റൊരവസരം കൂടിയാവും ഈ മത്സരം.

ഹാരി മഗ്വയർ (സെന്റർബാക്ക്) - ടീമിന്റെ നായകൻ കൂടിയായ ഹാരി മഗ്വയർ സെന്റർബാക്ക് സ്ഥാനത്ത് കളിക്കുമെന്നുറപ്പാണ്.

ലൂക്ക്‌ ഷാ (ലെഫ്റ്റ് ബാക്ക്) - അലക്സ് ടെല്ലസ് ഇപ്പോളും പരിക്കിനോട് മല്ലിട്ടു കൊണ്ടിരിക്കുന്നതിനാൽ ലൂക്ക്‌ ഷാ തന്നെ ടീമിൽ തുടരാനാണ് സാധ്യത.

2. മധ്യനിര താരങ്ങൾ

Jesse Lingard, Paul Pogba
Manchester United v Newcastle United - Premier League / Clive Brunskill/Getty Images

പോൾ പോഗ്ബ (സെൻട്രൽ മിഡ്ഫീൽഡർ) - പ്രീമിയർ ലീഗിൽ ഇക്കുറി ഉജ്ജ്വല ഫോമിലുള്ള പോഗ്ബക്ക് നിർണായക റോളാവും യംഗ് ബോയ്സിനെതിരെയും ടീമിലുണ്ടാവുക.

ഫ്രെഡ് (സെൻട്രൽ മിഡ്ഫീൽഡർ) - നെമാഞ്ച മാറ്റിച്ചിന് പകരം ഫ്രെഡ് നാളെ കളിക്കുമെന്നാണ് കരുതപ്പെടുന്നത്.

ബ്രൂണോ ഫെർണാണ്ടസ് (അറ്റാക്കിംഗ് മിഡ്ഫീൽഡർ) - കഴിഞ്ഞ കുറച്ച് നാളുകളായി ബ്രൂണോ ഫെർണാണ്ടസാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ നട്ടെല്ല്. അദ്ദേഹമില്ലാത്ത ഒരു യുണൈറ്റഡ് ടീമിനെക്കുറിച്ച് ഇപ്പോൾ ആരാധകർക്ക് സങ്കൽപ്പിക്കാൻ പോലും കഴിയില്ല. അത് കൊ‌ണ്ടു തന്നെ ബ്രൂണോ ഒരിക്കൽക്കൂടി സ്റ്റാർട്ടിംഗ് ഇലവനിലുണ്ടാകും.

3. മുന്നേറ്റനിര താരങ്ങൾ

Cristiano Ronaldo
Manchester United v Newcastle United - Premier League / Laurence Griffiths/Getty Images

മേസൺ ഗ്രീൻവുഡ് (റൈറ്റ് വിംഗർ) - സീസണിലെ ആദ്യ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ മേസൺ ഗ്രീൻവുഡ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ വലത് വിംഗിൽ അണിനിരക്കാൻ കൂടുതൽ സാധ്യത.

ക്രിസ്റ്റ്യാനോ റൊണാൾഡോ (സ്ട്രൈക്കർ) - ഇതിനോടകം 135 ചാമ്പ്യൻസ് ലീഗ് ഗോളുകൾ നേടിക്കഴിഞ്ഞ റൊണോ ലീഗിലെ തന്റെ ഗോൾടാലി ഉയർത്താനാകും യംഗ് ബോയ്സിനെതിരെ ശ്രമിക്കുക. സ്റ്റാർട്ടിംഗ് ഇലവനിൽ താരമുണ്ടാകുമെന്ന കാര്യം ഉറപ്പാണ്.

ജെസി ലിംഗാർഡ് (ലെഫ്റ്റ് വിംഗർ) - ന്യൂകാസിൽ യുണൈറ്റഡിനെതിരെ പകരക്കാരനായി കളത്തിലെത്തി ഒരു ഗോൾ നേടിയ ലിംഗാർഡ്, ജേഡൻ സാഞ്ചോക്ക് പകരം ടീമിന്റെ ഇടത് വിംഗിൽ കളിച്ചേക്കും.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit