വിജയവഴികളിലേക്ക് തിരിച്ചെത്താൻ മാഞ്ചസ്റ്റർ യുണൈറ്റഡ്, ലെസ്റ്റർ സിറ്റിക്കെതിരെയുള്ള സാധ്യത ഇലവൻ

ഇന്റർനാഷണൽ ബ്രേക്കിന് ശേഷമുള്ള തങ്ങളുടെ ആദ്യ മത്സരത്തിൽ ശനിയാഴ്ച മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രീമിയർ ലീഗിൽ എവേ മത്സരത്തിൽ ലെസ്റ്റർ സിറ്റിയെ നേരിടും. കഴിഞ്ഞ രണ്ട് പ്രീമിയർ ലീഗ് മത്സരങ്ങളിൽ നിന്നായി ഒരു പോയിന്റ് മാത്രം നേടിയ യുണൈറ്റഡ് വിജയം മാത്രം ലക്ഷ്യമിട്ടാവും കിംഗ് പവർ സ്റ്റേഡിയത്തിൽ കളിക്കാനിറങ്ങുക
അവസാനമായി ലെസ്റ്ററിനെതിരെ കളിച്ച രണ്ട് കളികളിലും വിജയം കൈവരിക്കാൻ കഴിഞ്ഞിട്ടില്ലാത്ത മാഞ്ചസ്റ്റർ യുണൈറ്റഡ്, പരിക്ക് മൂലം പുറത്തായ ക്യാപ്റ്റൻ ഹാരി മഗ്വയർ, റാഫേൽ വരാൻ എന്നിവരുടെ അഭാവത്തിലാവും ബ്രണ്ടൻ റോഡ്ജേഴ്സിന്റെ സംഘത്തെ നേരിടുക.
7 മത്സരങ്ങളിൽ നിന്നായി 14 പോയിന്റോടെ പ്രീമിയർ ലീഗിൽ 4ആം സ്ഥാനത്ത് നിൽക്കുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ്, വിജയവഴികളിലേക്ക് തിരിച്ചെത്തുക എന്ന ലക്ഷ്യത്തോടെയാവും ലെസ്റ്ററിന് എതിരെ മത്സരത്തിനിറങ്ങുക. എവർട്ടണിനെതിരെയുള്ള ആദ്യ ഇലവനിൽ നിന്ന് ഏറെ മാറ്റങ്ങളുമായാവും ഒലെ ഗുണ്ണാർ സോൾഷെയർ ടീമിനെ കളത്തിലിറക്കുക എന്ന് തീർച്ച.
സീസൺ തുടക്കം മുതൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന സ്പാനിഷ് കീപ്പർ ഡേവിഡ് ഡി ഹിയ തന്നെയാകും ലെസ്റ്ററിന് എതിരെ ചുവന്ന ചെകുത്താന്മാരുടെ ഗോൾ വല കാത്തുസൂക്ഷിക്കുക. വരാന്റെയും മഗ്വയറിന്റെയും അഭാവത്തിൽ ലിൻഡലോഫ്, ബെയ്ലി എന്നിവരാവും സെന്റർ-ബാക്ക് സ്ഥാനങ്ങളിൽ കളിക്കുക. ഫുൾ-ബാക്ക് സ്ഥാനങ്ങളിൽ ആരോൺ വാൻ-ബിസാക്ക, ലുക്ക് ഷോ എന്നിവർ ടീമിലെ തങ്ങളുടെ സ്ഥാനം നിലനിറുത്തിയേക്കും.
ഫ്രഡിന്റെ അഭാവത്തിൽ ഡിഫൻസീവ് മിഡ്ഫീൽഡിൽ സ്കോട്ട് മക്ടോമിനിയോടൊപ്പം നെമാഞ്ച മാറ്റിച്ച് കളിക്കാനാണ് സാധ്യത. അറ്റാക്കിങ് മിഡ്ഫീൽഡർ സ്ഥാനത്ത് ടീമിലെ സ്ഥിര സാന്നിധ്യമായ ബ്രൂണോ ഫെർണാണ്ടസാകും കളിക്കുക. മുന്നേറ്റനിരയിൽ റൈറ്റ് വിങ്ങറായി മേസൺ ഗ്രീൻവുഡിനെയും, ലെഫ്റ്റ് വിങ്ങറായി പോൾ പോഗ്ബയെയും, സ്ട്രൈക്കറായി ക്രിസ്റ്റ്യാനോ റൊണാൾഡോയെയും അണിനിരത്താനാണ് കൂടുതൽ സാധ്യത.
ലെസ്റ്ററിനെതിരെയുള്ള മാഞ്ചസ്റ്റർ യുണൈറ്റഡ് സാധ്യത ഇലവൻ ഇങ്ങനെ:
ഗോൾകീപ്പർ: ഡേവിഡ് ഡി ഹിയ
പ്രതിരോധനിര: ആരോൺ വാൻ ബിസ്സാക്ക, എറിക് ബെയ്ലി, വിക്ടർ ലിൻഡലോഫ്, ലൂക്ക് ഷോ
മധ്യനിര: സ്കോട്ട് മക്ടോമിനി, നെമാഞ്ച മാറ്റിച്ച്, ബ്രൂണോ ഫെർണാണ്ടസ്
മുന്നേറ്റനിര: മേസൺ ഗ്രീൻവുഡ്, ക്രിസ്റ്റ്യാനോ റൊണാൾഡോ, പോൾ പോഗ്ബ