അറ്റലാന്റക്കെതിരായ ചാമ്പ്യൻസ് ലീഗ് മത്സരത്തിനുള്ള മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ സാധ്യതാ ഇലവൻ

ചാമ്പ്യൻസ് ലീഗിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ തങ്ങളുടെ നാലാം പോരാട്ടത്തിന് തയ്യാറെടുക്കുകയാണ് ഇംഗ്ലീഷ് വമ്പന്മാരായ മാഞ്ചസ്റ്റർ യുണൈറ്റഡ്. ബുധനാഴ്ച ഇന്ത്യൻ സമയം 1:30AMന് ആരംഭിക്കുന്ന മത്സരത്തിൽ ഇറ്റാലിയൻ ക്ലബ്ബായ അറ്റലാന്റയാണ് റെഡ് ഡെവിൾസിന്റെ എതിരാളികൾ. ടോട്ടൻഹാം ഹോട്സ്പറിനെതിരായ പ്രീമിയർ ലീഗ് മത്സരത്തിൽ മറുപടിയില്ലാത്ത 3 ഗോളുകൾക്ക് വിജയിച്ചതിന്റെ ആത്മവിശ്വാസവുമായെത്തുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് ഈ വിജയക്കുതിപ്പ് അറ്റലാന്റക്കെതിരെയും തുടരുമെന്ന വിശ്വാസത്തിലാണ് ആരാധകർ.
അതേ സമയം, അറ്റലാന്റക്കെതിരെ മുൻപ് നടന്ന മത്സരത്തിൽ പിന്നിൽ നിന്ന് തിരിച്ചടിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ് 3-2ന് വിജയം നേടിയിരുന്നു. ഓൾഡ് ട്രാഫോഡിൽ നടന്ന അന്നത്തെ മത്സരത്തിന്റെ രണ്ടാം പകുതിയിൽ കാഴ്ച വെച്ച മിന്നും പ്രകടനം ഇക്കുറി ആദ്യം മുതൽക്കേ പുറത്തെടുക്കാനാവും ക്ലബ്ബിന്റെ ശ്രമം. പരിശീലകൻ ഒലെ ഗുണ്ണാർ സോൾഷ്യറിന്റെ ഭാവി തീരുമാനിക്കപ്പെടുന്നതിലും ഈ മത്സരം നിർണായകമാകും. അത് കൊണ്ടുതന്നെ ഏറ്റവും മികച്ച ടീമുമായും, തന്ത്രങ്ങളുമായാകും അറ്റലാന്റക്കെതിരെ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇറങ്ങുക. അറ്റലാന്റക്കെതിരായ മത്സരത്തിനുള്ള മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ സാധ്യതാ ഇലവൻ അറിയാം,
1. ഗോൾകീപ്പർ & പ്രതിരോധ താരങ്ങൾ
ഡേവിഡ് ഡി ഹിയ (ഗോൾകീപ്പർ) - ഈ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് യഥേഷ്ടം ഗോളുകൾ വഴങ്ങുന്നുണ്ടെങ്കിലും അതിൽ ഡി ഹിയയല്ല കുറ്റക്കാരൻ എന്നതാണ് സത്യം. ഗോൾ വലക്ക് മുന്നിൽ വ്യക്തിഗതമായി മികച്ച പ്രകടനം കാഴ്ച വെക്കുന്ന ഡി ഹിയ തന്നെയാകും അറ്റലാന്റക്കെതിരെയും മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ വല കാക്കുക.
വിക്ടർ ലിൻഡലോഫ് (സെന്റർബാക്ക്) - ടീമിന്റെ തന്ത്രങ്ങളിൽ മാറ്റം വന്നതിനാൽ വരാനെയുടെ തിരിച്ചുവരവിലും ടോട്ടനത്തിനെതിരെ തന്റെ സ്ഥാനം നിലനിർത്തിയ ലിൻഡലോഫ് അറ്റലാന്റക്കെതിരെയും സ്റ്റാർട്ടിംഗ് ഇലവനിലുണ്ടാകുമെന്ന് കരുതപ്പെടുന്നു.
റാഫേൽ വരാനെ (സെന്റർ ബാക്ക്) - നിലവിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രതിരോധത്തിൽ ഏറ്റവുമധികം പരിചയസമ്പത്തുള്ളാ വരാനെ, അറ്റലാന്റക്കെതിരെയും സ്റ്റാർട്ടിംഗ് ഇലവനിലുണ്ടാകുമെന്ന കാര്യം ഉറപ്പ്.
ഹാരി മഗ്വയർ (സെന്റർ ബാക്ക്) - സമീപകാലത്ത് അത്ര മികച്ച ഫോമിലല്ലെങ്കിലും ടീമിന്റെ ക്യാപ്റ്റനായ ഹാരി മഗ്വയർ അറ്റലാന്റക്കെതിരെ മാഞ്ചസ്റ്റർ യുണൈറ്റഡ് നിരയിലുണ്ടാകുമെന്നാണ് സൂചനകൾ.
2. മിഡ്ഫീൽഡർമാർ & വിങ് ബാക്കുകൾ
ആരോൺ വാൻ ബിസാക്ക (റൈറ്റ് വിങ് ബാക്ക്) - പരിചയസമ്പന്നനായ താരം. കഴിഞ്ഞയാഴ്ച ടോട്ടനത്തിനെതിരെ മികച്ച പ്രകടനം കാഴ്ച വെച്ചു. അറ്റലാന്റക്കെതിരെയും ടീമിലുണ്ടാകുമെന്ന് ഏറെക്കുറെ ഉറപ്പ്.
സ്കോട്ട് മക്ടോമിനായ് (സെൻട്രൽ മിഡ്ഫീൽഡർ) - ടോട്ടനത്തിനെതിരെ സ്റ്റാർട്ടിംഗ് ഇലവനിലുണ്ടായിരുന്ന മക്ടോമിനായ് ചാമ്പ്യൻസ് ലീഗ് മത്സരത്തിലും ടീമിലെ സ്ഥാനം നിലനിർത്തുമെന്ന് കരുതുന്നു.
ഫ്രെഡ് (സെൻട്രൽ മിഡ്ഫീൽഡർ) - പോൾ പോഗ്ബയെ മറികടന്ന് ഫ്രെഡിനെ അറ്റലാന്റക്കെതിരെ കളിപ്പിക്കാൻ പരിശീലകൻ ഒലെ ഗുണ്ണാർ സോൾഷ്യർ തയ്യാറാകുമെന്നാണ് സൂചനകൾ
ലൂക്ക് ഷാ (ലെഫ്റ്റ് വിങ് ബാക്ക്) - ഈ സീസണിൽ പ്രതീക്ഷിച്ച നിലവാരത്തിലേക്കുയരാൻ പലപ്പോഴും കഴിഞ്ഞിട്ടില്ലെങ്കിലും, ആദ്യ ഇലവനിൽ താരം സ്ഥാനം നിലനിറുത്താനാണ് സാധ്യത.
ബ്രൂണോ ഫെർണാണ്ടസ് (അറ്റാക്കിങ് മിഡ്ഫീൽഡർ) - മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഏറ്റവും മികച്ച കളിക്കാരിലൊരാൾ. ബ്രൂണോ ഫോമിലാണെങ്കിൽ അറ്റലാന്റക്കെതിരെ മാഞ്ചസ്റ്റർ യുണൈറ്റഡിന് കാര്യങ്ങൾ എളുപ്പമാകും. സ്റ്റാർട്ടിംഗ് ഇലവനിൽ സ്ഥാനം ഉറപ്പുള്ള താരം.
3. മുന്നേറ്റനിര താരങ്ങൾ
ക്രിസ്റ്റ്യാനോ റൊണാൾഡോ (സ്ട്രൈക്കർ) - മാഞ്ചസ്റ്റർ യുണൈറ്റഡ് ടീമിലെ ഏറ്റവും വലിയ പോരാളി. മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് തിരിച്ചെത്തിയതിന് ശേഷം മികച്ച ഫോമിൽ കളിക്കുന്ന റോണോ അറ്റലാന്റക്കെതിരെയും ടീമിന്റെ ആക്രമണങ്ങൾക്ക് ചുക്കാൻ പിടിക്കും.
മാർക്കസ് റാഷ്ഫോർഡ് (സ്ട്രൈക്കർ) - ടോട്ടനത്തിനെതിരെ ഗോൾ നേടി മികച്ച ഫോമിലുള്ള റാഷ്ഫോഡാകും അറ്റലാന്റക്കെതിരെയും, റൊണാൾഡോക്കൊപ്പം മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മുന്നേറ്റത്തെ നയിക്കുക.