Football in Malayalam

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പരിശീലകനായി പൊച്ചറ്റീനോയെ വേണമെന്ന് താരങ്ങള്‍

Haroon Rasheed
Pochettino is one of the candidates being considered for the Man Utd manager role
Pochettino is one of the candidates being considered for the Man Utd manager role / ATPImages/GettyImages
facebooktwitterreddit

മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ അടുത്ത പരിശീലകനായി അര്‍ജന്റൈന്‍ പരിശീലകനായ മൗറീസിയോ പൊച്ചറ്റീനോയെ വേണമെന്ന് യുണൈറ്റഡിലെ നിരവധി താരങ്ങള്‍ക്ക് അഭിപ്രായമുണ്ടെന്ന് റിപ്പോര്‍ട്ട്. ടെലഗ്രാഫിന്റെ റിപ്പോര്‍ട്ടിലാണ് പൊച്ചറ്റിനോ യുണൈറ്റഡിലെത്താന്‍ കൂടുതല്‍ സാധ്യതയുണ്ടെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ടുള്ളത്. ഈ സീസണ്‍ അവസാനത്തോടെ താല്‍ക്കാലിക പരിശീലകന്‍ റാല്‍ഫ് റാങ്‌നിക്കിന്റെ കാലാവധി അവസാനിക്കും.

അതിന് ശേഷമായിരിക്കും പുതിയ പരിശീലകനെ നിയമിക്കുക. ഓലെ ഗുണ്ണാര്‍ സോള്‍ഷ്യാര്‍ യുണൈറ്റഡ് വിട്ടപ്പോള്‍ പൊച്ചറ്റീനോയെ യുണൈറ്റഡിലെത്തിക്കാന്‍ ശ്രമം നടത്തയിരുന്നെങ്കിലും ശ്രമം വിജയം കണ്ടിരുന്നില്ല. യുണൈറ്റഡ് നിരയിലെ പ്രധാന താരങ്ങളെല്ലാം പൊച്ചറ്റീനോ ടീമിന്റെ പരിശീലകനായി എത്തുന്നതില്‍ സന്തുഷ്ടരാണെന്ന് ടെലഗ്രാഫിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.

ഈ സമ്മറോടെ പൊച്ചറ്റീനോ പി.എസ്.ജി വിടുമെന്ന് ഏറെക്കുറെ ഉറപ്പിച്ച കാര്യമാണ്. അതിനാല്‍ പൊച്ചറ്റീനോക്ക് വേണ്ടി യുണൈറ്റഡ് കാര്യമായ ശ്രമം നടത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഡച്ച് ക്ലബായ അയാക്‌സ് പരിശീലകന്‍ എറിക് ടെന്‍ ഹഗിനെയും യുണൈറ്റഡ് പരിശീലകസ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്.

നേരത്തെ ലെസ്റ്റര്‍ സിറ്റി പരിശീലകന്‍ ബ്രാന്‍ഡന്‍ റോജേഴ്‌സ്, സെവിയ്യ പരിശീലകന്‍ ജൂലിയന്‍ ലെപറ്റഗി, റോബര്‍ട്ടോ മാന്‍സിനി, ലൂയിസ് എന്റികെ എന്നിവരെ യുണൈറ്റഡിന്റെ പരിശീലക സ്ഥാനത്തേക്ക് പരിഗണിക്കുമെന്ന് വാര്‍ത്തയുണ്ടായിരുന്നു. എന്നാല്‍ അര്‍ജന്റൈന്‍ പരിശീലകനായ പൊച്ചറ്റീനോക്കാണ് ഇപ്പോള്‍ ഓള്‍ഡ് ട്രാഫോര്‍ഡിലെത്താന്‍ ഏറ്റവും കൂടുതല്‍ സാധ്യത കാണുന്നത്.

അടുത്ത സീസണിലേക്ക് പുതിയ പരിശീലകനെ നിയമിക്കുക എന്നതിലുപരി സീനിയര്‍ താരങ്ങളുടെ കരാറുമായി ബന്ധപ്പെട്ട കാര്യത്തിലും യുണൈറ്റഡിന് തീരുമാനമെടുക്കേണ്ടിവരും. സ്പാനിഷ് ഗോള്‍ കീപ്പര്‍ ഡേവിഡ് ഡി ഹിയയുടെ കരാര്‍ കാര്യത്തിലടക്കം യുണൈറ്റഡിന് നിര്‍ണായക തീരുമാനമെടുക്കേണ്ടി വരും. ഡി ഹിയക്ക് പുതിയ കരാര്‍ നല്‍കാന്‍ ക്ലബ് തയ്യാറാണെന്നുള്ള എക്‌സ്‌ക്ലൂസീവ് നേരത്തെ 90 റിപ്പോര്‍ട്ട് ചെയ്തിരുന്നു.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit