റാങ്നിക്കിന്റെ പദ്ധതികളിൽ അതൃപ്‌തി, പതിനൊന്നു താരങ്ങൾക്ക് മാഞ്ചസ്റ്റർ യുണൈറ്റഡ് വിടണം

Manchester United v Burnley - Premier League
Manchester United v Burnley - Premier League / James Gill - Danehouse/GettyImages
facebooktwitterreddit

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ താൽക്കാലിക പരിശീലകനായി ഏതാനും മാസങ്ങൾ മാത്രമാണ് റാൾഫ് റാങ്നിക്കിനു ചുമതല നൽകിയിരിക്കുന്നത്. എന്നാൽ ഒരു മാസം പിന്നിട്ടപ്പോൾ തന്നെ പരിശീലകന്റെ പദ്ധതികളിൽ താരങ്ങൾക്ക് അതൃപ്‍തിയുണ്ടെന്നും ഡ്രസിങ് റൂമിൽ അദ്ദേഹത്തിനെതിരെ മുറുമുറുപ്പുകൾ ഉയരുന്നുണ്ടെന്നുമുള്ള റിപ്പോർട്ടുകളാണ് വന്നു കൊണ്ടിരിക്കുന്നത്.

കഴിഞ്ഞ നാല് പ്രീമിയർ ലീഗ് മത്സരങ്ങളിൽ അവസാന സ്ഥാനത്തു കിടക്കുന്ന നോർവിച്ച് സിറ്റിക്കെതിരെ കഷ്ടപ്പെട്ടു നേടിയ ഒരു ഗോളിന്റെ വിജയവും തരം താഴ്ത്തൽ മേഖലയിൽ കിടക്കുന്ന ന്യൂകാസിൽ യുണൈറ്റഡിനെതിരെ വഴങ്ങിയ സമനിലയും കഴിഞ്ഞ മത്സരത്തിൽ വഴങ്ങിയ തോൽവിയുമെല്ലാം റാങ്നിക്കിനു മാഞ്ചസ്റ്റർ യുണൈറ്റഡിൽ എന്തെങ്കിലും ചെയ്യാൻ കഴിയുമോയെന്ന സംശയം ആരാധകർക്കുണ്ടാകാൻ കാരണമായിട്ടുണ്ട്.

അതിനിടയിൽ പുതിയ പരിശീലകന്റെ പദ്ധതികളിലുള്ള താൽപര്യക്കുറവും അവസരങ്ങൾ ഇല്ലാത്തതും മൂലം പതിനൊന്നു താരങ്ങൾ ക്ലബ് വിടാനുള്ള തയ്യാറെടുപ്പിലാണെന്നാണ് ഇംഗ്ലീഷ് മാധ്യമമായ ദി മിറർ റിപ്പോർട്ടു ചെയ്യുന്നത്. ജെസ്സെ ലിംഗാർഡ്, ഡോണി വാൻ ബീക്ക്, എറിക് ബെയ്‌ലി, ഡീൻ ഹെൻഡേഴ്‌സൺ എന്നിവരാണ് അതിൽ പ്രധാന താരങ്ങൾ. സോൾഷെയർ പരിശീലകനായിരുന്നപ്പോൾ ഉള്ള അതെ സാഹചര്യം നേരിടുന്ന ഈ താരങ്ങൾക്ക് അവസരം വളരെ കുറവാണ്.

ലിംഗാർഡും ഡോണി വാൻ ഡി ബിക്കും ഈ സീസണിൽ ഒരു മത്സരത്തിൽ പോലും ആദ്യ ഇലവനിൽ ഇറങ്ങിയിട്ടില്ല. ഡിസംബറിന്റെ തുടക്കത്തിനു ശേഷം രണ്ടു താരങ്ങൾക്കും ഒരു മത്സരത്തിലും അവസരം ലഭിച്ചിട്ടുമില്ല. ഇവർക്കെല്ലാം പുറമെ നിരവധി താരങ്ങൾ ക്ലബ് വിടാനുള്ള സാധ്യത തേടുന്നുണ്ടെന്നാണ് മിററിന്റെ റിപ്പോർട്ട് വ്യക്തമാക്കുന്നത്.

വോൾവ്‌സിനെതിരെ നടന്ന മത്സരത്തിനു ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡ് താരങ്ങൾ ഒറ്റക്കെട്ടായി കളിക്കുന്നില്ലെന്ന് ടീമിന്റെ ഫുൾ ബാക്കായ ലൂക്ക് ഷാ വെളിപ്പെടുത്തിയത് മാഞ്ചസ്റ്റർ യുണൈറ്റഡിൽ എന്തൊക്കെയോ അസ്വാരസ്യങ്ങൾ പുകയുന്നുണ്ട് എന്നതിന്റെ കൃത്യമായ സൂചന നൽകുന്നുണ്ട്. അതിനെ മറികടക്കാൻ കഴിഞ്ഞില്ലെങ്കിൽ ഈ സീസണും അവർക്ക് ശൂന്യതയിൽ തന്നെ അവസാനിപ്പിക്കേണ്ടി വരും.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.