Football in Malayalam

മാഞ്ചസ്റ്റർ യുണൈറ്റഡിൽ പ്രതിസന്ധി അവസാനിക്കുന്നില്ല, റാഗ്‌നിക്ക് പരിശീലകനായി എത്തുന്നതിൽ താരങ്ങൾക്ക് അതൃപ്‌തി

Sreejith N
FC Salzburg v RB Leipzig - UEFA Europa League
FC Salzburg v RB Leipzig - UEFA Europa League / David Geieregger/GettyImages
facebooktwitterreddit

മുൻ ആർബി ലീപ്‌സിഗ് പരിശീലകനായ റാൾഫ് റാഗ്‌നിക്കിനെ സോൾഷെയറിനു പകരക്കാരനായി നിയമിക്കാനുള്ള മാഞ്ചസ്റ്റർ യുണൈറ്റഡ് നേതൃത്വത്തിന്റെ നീക്കങ്ങളിൽ ക്ലബിലെ താരങ്ങളിൽ പലർക്കും അതൃപ്‌തിയെന്നു റിപ്പോർട്ടുകൾ. നിലവിൽ മൈക്കൽ കാരിക്ക് താൽക്കാലിക ചുമതല വഹിക്കുന്ന പൊസിഷനിലേക്ക് ഈ സീസൺ അവസാനം വരെ ഇന്ററിം പരിശീലകനായി റാഗ്‌നിക്കിനെ നിയമിക്കാനാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് നേതൃത്വം തയ്യാറെടുക്കുന്നത്.

സോൾഷെയറെ പുറത്താക്കിയതിനു ശേഷം മുൻ ബാഴ്‌സലോണ പരിശീലകൻ ഏർണെസ്റ്റോ വാൽവെർദെ, മുൻ ലിയോൺ മാനേജർ റൂഡി ഗാർസിയ തുടങ്ങിയവരുമായും മാഞ്ചസ്റ്റർ യുണൈറ്റഡ് നേതൃത്വം ചർച്ചകൾ നടത്തിയെങ്കിലും മുൻ ആർബി ലീപ്‌സിഗ് പരിശീലകനാണ് അവരുടെ ശ്രദ്ധ പിടിച്ചു പറ്റിയത്. അറുപത്തിമൂന്ന് വയസുള്ള റാഗ്‌നിക്കിനെ ഈ സീസൺ അവസാനിക്കുന്നതു വരെ ഇന്ററിം പരിശീലകനായും അതിനു ശേഷം രണ്ടു വർഷം ഉപദേശകനായും മാഞ്ചസ്റ്റർ യുണൈറ്റഡ് നിയമിക്കാൻ ഒരുങ്ങുകയാണെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

എന്നാൽ ദി ടൈംസ് പുറത്തുവിടുന്ന റിപ്പോർട്ടുകൾ പ്രകാരം റാഗ്‌നിക്കിനെ നിയമിക്കാനുള്ള തീരുമാനം നേരിട്ടോ കളിക്കാരുടെ വാട്‍സ്ആപ്പ് ഗ്രൂപ്പ് വഴിയോ അറിയിക്കാൻ യുണൈറ്റഡ് നേതൃത്വം തയ്യാറാവാത്തതാണു താരങ്ങളെ ചൊടിപ്പിച്ചിരിക്കുന്നത്. ജർമൻ പരിശീലകൻ ക്ലബ്ബിലേക്ക് വരുന്നതും അദ്ദേഹം നടപ്പിലാക്കാൻ പോകുന്ന ഫുട്ബോൾ ശൈലിയും മാഞ്ചസ്റ്റർ യുണൈറ്റഡ് താരങ്ങളെ അമ്പരപ്പിക്കുന്നതാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

അതേസമയം റാഗ്‌നിക്കിനെ വിട്ടുകിട്ടാൻ അദ്ദേഹം ഇപ്പോൾ പരിശീലകനായ ലോക്കോമോട്ടീവ് മോസ്കോക്ക് മാഞ്ചസ്റ്റർ യുണൈറ്റഡ് നഷ്‌ടപരിഹാരം നൽകേണ്ടതില്ലെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. എന്നാൽ ഈ സീസണിൽ ക്ലബ്ബിനെ ഏതെങ്കിലും കിരീടത്തിലേക്ക് നയിക്കുകയും ചാമ്പ്യൻസ് ലീഗ് യോഗ്യത നേടുകയും ചെയ്‌താൽ ജർമൻ പരിശീലകന് ബോണസ് തുക യുണൈറ്റഡ് വാഗ്‌ദാനം ചെയ്‌തിട്ടുണ്ട്‌.

അവസാനം കളിച്ച കീഴിൽ അഞ്ചു പ്രീമിയർ ലീഗ് മത്സരങ്ങളും തോറ്റ മാഞ്ചസ്റ്റർ യുണൈറ്റഡ് നിലവിൽ നാലാം സ്ഥാനത്തുള്ള വെസ്റ്റ് ഹാമിന്‌ ഏഴു പോയിന്റ് പുറകിലാണ്. കാരിക്ക് ചുമതല ഏറ്റെടുത്തതിനു ശേഷമുള്ള ആദ്യ മത്സരത്തിൽ വിയ്യാറയലിനോട് വിജയം നേടിയെങ്കിലും ഇനി ചെൽസി, ആഴ്‌സണൽ എന്നീ കരുത്തുറ്റ ടീമുകളോടാണ് പ്രീമിയർ ലീഗിൽ അവർക്ക് ഏറ്റു മുട്ടേണ്ടത്.

facebooktwitterreddit