റാല്‍ഫ് റാങ്നിക്കിന്റെ ടീം തിരഞ്ഞെടുപ്പില്‍ മാഞ്ചസ്റ്റർ യുണൈറ്റഡ് താരങ്ങള്‍ക്ക് അതൃപ്തി

മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഇടക്കാല പരിശീലകന് റാല്‍ഫ് റാങ്നിക്കിന്റെ ടീം സെലക്ഷനില്‍ താരങ്ങള്‍ക്ക് അതൃപ്തിയുള്ളതായി റിപ്പോര്‍ട്ട്. സീസണില്‍ മോശം പ്രകടനം തുടരുന്നതിനിടെയാണ് താരങ്ങള്‍ റാങ്നിക്കിന്റെ ടീം തിരഞ്ഞെടുപ്പ് രീതിക്കെതിരേ രംഗത്തെത്തിയത്.
യുണൈറ്റഡിന്റെ ഡ്രസിങ് റൂമില്‍ ഇപ്പോഴും താരങ്ങള്‍ അസ്വസ്ഥരാണെന്നും ചില കളിക്കാന്‍ റാങ്നിക്കിന്റെ ടീം സെലക്ഷന് തന്ത്രത്തെ കുറിച്ച് ആശങ്കാകുലരാണെന്നും മാഞ്ചസ്റ്റര്‍ ഈവനിങ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ചില താരങ്ങൾക്ക് അനുകൂലമായി തങ്ങളെ അവഗണിക്കുന്നതിൽ യുണൈറ്റഡിൽ അവസരങ്ങൾ കുറഞ്ഞ താരങ്ങൾ അമർഷം പ്രകടിപ്പിച്ചിട്ടുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
ഒരു സഹതാരത്തെ 'ടീച്ചറുടെ ഇഷ്ടപ്പെട്ട വിദ്യാർത്ഥി' എന്നാണ് ഒരു മാഞ്ചസ്റ്റർ യുണൈറ്റഡ് താരം വിശേഷിപ്പിച്ചതെന്നും, മതിയായ അവസരങ്ങൾ ലഭിക്കാത്ത ഒരു താരം, തന്റെ എതിരാളിക്ക് (ഒരുപക്ഷെ ഒരേ പൊസിഷനിൽ കളിക്കുന്ന താരമായിരിക്കാം) ലഭിക്കുന്ന ശ്രദ്ധയിൽ അസൂയപ്പെടുന്നുണ്ടെന്നും മാഞ്ചസ്റ്റർ ഈവനിങ് ന്യൂസിന്റെ റിപ്പോർട്ടിൽ പറയുന്നു.
യുണൈറ്റഡ് തുടരെ തോല്‍വികള്‍ ഏറ്റുവാങ്ങുന്നതോടെ റാങ്നിക്കിന്റെ മാനേജര്‍ പദവിയും ചോദ്യം ചെയ്യപ്പെടുന്നുണ്ട്. റഷ്യന്‍ ടീമായ ലോകോമോട്ടീവ് മോസ്കോയില്‍ സ്പോര്‍ട്സ് ഡയറക്ടറായിരുന്നു റാങ്നിക്കിനെ എന്തിനാണ് സോൾഷ്യാറുടെ പകരക്കാരനായി ടീമിലെത്തിച്ചതെന്ന് ചില താരങ്ങൾ ചോദിക്കുന്നുണ്ട്.
തന്റെ മത്സരസമയം കുറഞ്ഞതിൽ മാർക്കസ് റാഷ്ഫോർഡ് ആശങ്കാകുലനാണെന്നും, ടീമിലെ ഹാരി മഗ്വയറുടെ തുടർച്ചയായ സാന്നിധ്യത്തിൽ എറിക് ബെയ്ലി അസ്വസ്ഥനാണെന്നും, തുടർച്ചയായ എട്ട് മത്സരങ്ങളിൽ കളിച്ചതിന് ശേഷം തന്നെ ആദ്യ ഇലവനിൽ നിന്ന് ഒഴിവാക്കിയതിൽ ഡിയഗോ ഡാലോട്ട് ആശ്ചര്യപ്പെടുന്നുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
അതേ സമയം, ഇത്തവണ പ്രീമിയർ ലീഗിൽ ആദ്യ നാലിൽ സീസൺ പൂർത്തിയാക്കാൻ ലക്ഷ്യമിടുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് നിലവിൽ പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്താണ്. ഏഴാം സ്ഥാനത്തുള്ള ടോട്ടൻഹാം ഹോട്സ്പറിനെതിരെയാണ് ചുവന്ന ചെകുത്താന്മാരുടെ അടുത്ത മത്സരം.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.