Football in Malayalam

മാഞ്ചസ്റ്റർ യുണൈറ്റഡ് താരങ്ങൾക്ക് അതൃപ്‌തി, സോൾഷെയറെ പുറത്താക്കുന്ന കാര്യം മാഞ്ചസ്റ്റർ യുണൈറ്റഡ് ആലോചിക്കുന്നു

Sreejith N
FBL-ENG-PR-MAN UTD-LIVERPOOL
FBL-ENG-PR-MAN UTD-LIVERPOOL / OLI SCARFF/GettyImages
facebooktwitterreddit

ലിവർപൂളിനും മാഞ്ചസ്റ്റർ സിറ്റിക്കുമെതിരെ സ്വന്തം മൈതാനത്തു വഴങ്ങിയ തോൽവികൾക്കു പിന്നാലെ പരിശീലകൻ ഒലെ ഗുണ്ണാർ സോൾഷെയറെ പുറത്താക്കുന്ന കാര്യം മാഞ്ചസ്റ്റർ യുണൈറ്റഡ് ആലോചിക്കുന്നു. ഈ സീസണിന്റെ അവസാനം വരെയെങ്കിലും നോർവീജിയൻ പരിശീലകൻ തുടരും എന്നാണു നേരത്തെ പ്രതീക്ഷിച്ചതെങ്കിലും മാഞ്ചസ്റ്റർ യുണൈറ്റഡ് താരങ്ങൾ സോൾഷെയറിനെതിരെ തിരിഞ്ഞു തുടങ്ങിയെന്നാണ് ഡെയിലി മെയിൽ വെളിപ്പെടുത്തുന്നത്.

നേരത്തെ തന്നെ സോൾഷെയറിനെ പുറത്താക്കണമെന്ന വാദങ്ങൾ ഉയർന്നിരുന്നുവെങ്കിലും ഈ സീസണു ശേഷം മാത്രം അതേക്കുറിച്ച് തീരുമാനം എടുക്കാമെന്നാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് നേതൃത്വം കരുതിയിരുന്നത്. എന്നാൽ കഴിഞ്ഞ പന്ത്രണ്ടു മത്സരങ്ങളിൽ ആറെണ്ണവും തോറ്റതോടെ ടീമിലെ താരങ്ങൾ പരിശീലകനെതിരെ തിരിഞ്ഞുവെന്നും ക്ലബ് നേതൃത്വം തങ്ങളുടെ നിലപാട് പുനർവിശകലനം ചെയ്യാൻ പോവുകയാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

മാഞ്ചസ്റ്റർ ഡെർബിയിൽ സോൾഷെയറിന്റെ തന്ത്രങ്ങൾ യാതൊരു വിധത്തിലും ഫലം കണ്ടില്ലെന്നു മാത്രമല്ല, ഓൾഡ് ട്രാഫോഡിൽ മാഞ്ചസ്റ്റർ സിറ്റി അപ്രമാദിത്വം കാണിക്കുന്നതാണ് കണ്ടത്. മത്സരത്തിനു ശേഷം ബ്രൂണോ ഫെർണാണ്ടസ് അടക്കമുള്ള താരങ്ങൾക്ക് ഒലെക്കു കീഴിൽ ടീം ഉയർന്നു വരുമെന്ന വിശ്വാസം നഷ്‌ടമായതായി റിപ്പോർട്ടിൽ പറയുന്നു. ടീമിന്റെ നിലവാരം നഷ്‌ടമായത്‌ സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ ക്ലബ്ബിലെത്തിയ റൊണാൾഡോയെയും വളരെയധികം നിരാശപ്പെടുത്തിയിട്ടുണ്ട്.

ചില താരങ്ങളെ സോൾഷെയർ മനഃപൂർവം തഴഞ്ഞ് തനിക്ക് താൽപര്യമുള്ള കളിക്കാർക്ക് അവസരം നൽകുന്നതായും താരങ്ങൾ കരുതുന്നു. മഗ്വയർ വളരെ മോശം ഫോമിലായിട്ടും താരത്തെ സ്ഥിരമായി ടീമിലുൾപ്പെടുത്തുന്നത്, യൂറോ കപ്പിൽ നടത്തിയ മികച്ച പ്രകടനം ആവർത്തിക്കാൻ പരാജയപ്പെടുന്ന ലൂക്ക് ഷായെ പരിഗണിക്കുന്നത്, ഡോണി വാൻ ബീക്ക്, ജെസ്സെ ലിംഗാർഡ്, സാഞ്ചോ എന്നിവർ സ്ഥിരം തഴയപ്പെടുന്നതെല്ലാം ഇതിൽ ഉൾപ്പെടുന്നു.

റാഷ്‌ഫോഡിനെ കഴിഞ്ഞ മത്സരത്തിൽ പകരക്കാരനായി ഇറക്കിയ സോൾഷെയറിന്റെ തീരുമാനവും ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്. അറ്റലാന്റക്കെതിരായ ചാമ്പ്യൻസ് ലീഗ് മത്സരത്തിനു ശേഷം പനിയുടെ ലക്ഷണങ്ങളുമായി വന്ന താരം മത്സരത്തിന് മുൻപുള്ള ദിവസങ്ങളിലൊന്നും പരിശീലനം നടത്തിയില്ലെന്നു മാത്രമല്ല, ടീം ഹോട്ടലിലില്ല താമസിച്ചതും. എന്നിട്ടും ലിംഗാർഡ്, മാർഷ്യൽ എന്നിവരെ തഴഞ്ഞ് റാഷ്‌ഫോർഡിനെ ഇറക്കിയതിന്റെ കാരണം പലർക്കും വ്യക്തമായിട്ടില്ല.

മാഞ്ചസ്റ്റർ യുണൈറ്റഡ് താരങ്ങൾ തമ്മിൽ അഭിപ്രായവ്യത്യാസം ഉണ്ടാവുന്ന അവസ്ഥ വന്നാൽ അതു ടീമിന്റെ പ്രകടനത്തെ ഇനിയും പുറകോട്ടു വലിക്കുകയേയുള്ളൂ. സ്വാഭാവികമായും ആ സാഹചര്യത്തിൽ സോൾഷെയറെ പുറത്താക്കുക എന്നല്ലാതെ നേതൃത്വത്തിന് മറ്റു വഴികളുണ്ടാവില്ല. എന്നാൽ തന്നെ പുറത്താക്കുമെന്ന കാര്യത്തിൽ ആശങ്കയില്ലെന്നാണ് സോൾഷെയർ പറയുന്നത്.


facebooktwitterreddit