റൊണാൾഡോയെ മാതൃകയാക്കേണ്ടതിനെ കുറിച്ച് അമേരിക്കയിൽ പ്രഭാഷണം നടത്തി മാഞ്ചസ്റ്റർ യുണൈറ്റഡ് ഉടമ അവ്രം ഗ്ലേസർ


ടുലൻ യൂണിവേഴ്സിറ്റി ഫുട്ബോൾ ടീമിനായി നടത്തിയ പ്രഭാഷണത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയെ മാതൃക ആക്കേണ്ടതിനെപ്പറ്റി സംസാരിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ് ഉടമയായ അവ്രം ഗ്ലേസർ. ഗ്ലേസറും അദ്ദേഹത്തിന്റെ ഭാര്യ ജില്ലും ടുലൻ യൂണിവേഴ്സിറ്റിക്ക് സംഭാവന നൽകുന്ന പ്രധാന വ്യക്തികളാണ്.
നിലവിൽ മോശം ഫോമിൽ കളിക്കുന്ന യൂണിവേഴ്സിറ്റിയിലെ ഫുട്ബോൾ ടീമിന് പ്രചോദനം നൽകുന്നതിനാണ് അദ്ദേഹം മാഞ്ചസ്റ്റർ യുണൈറ്റഡിൽ വന്നതു മുതലുള്ള റൊണാൾഡോയുടെ കഠിനാധ്വാനത്തെ പറ്റിയും പരിശീലനത്തിനുള്ള പ്രൊഫെഷണൽ സമീപനത്തെക്കുറിച്ചും പരാമർശിച്ചത്.
Man Utd owner Avram Glazer gets Cristiano Ronaldo fact wrong during inspirational speechhttps://t.co/rV0XJFeioF pic.twitter.com/zFTVA8nA4V
— Mirror Football (@MirrorFootball) November 13, 2021
"പതിനാറു വയസ്സുള്ളപ്പോഴാണ് അദ്ദേഹം ഞങ്ങൾക്കൊപ്പം ചേരുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡിൽ ചേർന്നതു മുതലുള്ള ദിവസങ്ങളിൽ താരമാണ് ആദ്യം പരിശീലനത്തിന് എത്തുന്നതും അവസാനം പരിശീലനം കഴിഞ്ഞു പോകുന്നതും."
"മഹത്തായ അത്ലറ്റുകൾ അങ്ങിനെ ജനിക്കുന്നവരല്ല, അവർ ചുമ്മാ അങ്ങിനെയായതുമല്ല. അവർ കഠിനാധ്വാനം ചെയ്യുന്നവരാണ്, അവരവരുടെ ഏറ്റവും മികച്ച പ്രകടനം നടത്താൻ ശ്രമിക്കുന്നു, നിങ്ങളും നിങ്ങളുടെ ഏറ്റവും മികച്ച പ്രകടനം നടത്താൻ ശ്രമിക്കുക. സാധ്യമായതിനെല്ലാം ശ്രമിച്ച് നേടാനുള്ളതെല്ലാം നേടാൻ നിങ്ങൾക്ക് കഴിയണം," അദ്ദേഹം കൂട്ടിച്ചേർത്തു.
അതെ സമയം, റൊണാൾഡോ 16ആം വയസ്സിലാണ് മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് ചേക്കേറിയതെന്ന ഗ്ലേസറുടെ വാക്കുകൾ വസ്തുതാവിരുദ്ധമാണ്. തന്റെ 18ആം വയസിലാണ് പോർച്ചുഗീസ് താരത്തെ സ്പോർട്ടിങ്ങിൽ നിന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കുന്നത്. ടുലൻ ഫുട്ബോൾ ടീമിന്റെ ട്വിറ്റർ അക്കൗണ്ടിൽ ഗ്ലേസറുടെ പ്രഭാഷണം ട്വീറ്റ് ചെയ്തിരുന്നു എങ്കിലും പിന്നീടത് അവർ നീക്കം ചെയ്തിരുന്നു.