Football in Malayalam

റൊണാൾഡോ ടീമിലെത്തിയതു കൊണ്ട് മാഞ്ചസ്റ്റർ യുണൈറ്റഡിനുണ്ടാകുന്ന ഗുണങ്ങളെക്കുറിച്ച് റാഫേൽ വരാൻ

Sreejith N
Manchester United v Newcastle United - Premier League
Manchester United v Newcastle United - Premier League / Clive Brunskill/Getty Images
facebooktwitterreddit

സമ്മർ ട്രാൻസ്‌ഫർ ജാലകത്തിന്റെ അവസാന ദിവസങ്ങളിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ട്രാൻസ്‌ഫർ പൂർത്തിയാക്കിയത് മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഗുണപരമായ മാറ്റങ്ങൾക്കു കാരണമാകുമെന്ന് സഹതാരം റാഫേൽ വരാൻ. റയൽ മാഡ്രിഡിൽ റൊണാൾഡോയോടൊപ്പം നിരവധി വർഷങ്ങൾ ഒരുമിച്ചു കളിച്ചു പ്രധാന കിരീടങ്ങൾ സ്വന്തമാക്കിയിട്ടുള്ള വരാനെയും കഴിഞ്ഞ ട്രാൻസ്‌ഫർ ജാലകത്തിലാണ് മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കു ചേക്കേറിയത്.

മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയതിനു ശേഷം മികച്ച പ്രകടനമാണ് റൊണാൾഡോ നടത്തുന്നത്. തിരിച്ചു വരവിൽ യുണൈറ്റഡിനു വേണ്ടി കളിച്ച ആദ്യത്തെ മത്സരത്തിൽ തന്നെ ഇരട്ടഗോളുകൾ നേടിയ താരം അതിനു ശേഷം ചാമ്പ്യൻസ് ലീഗ് മത്സരത്തിലും വല കുലുക്കിയിരുന്നു. തന്റെ പ്രൊഫെഷനോടുള്ള ആത്മാർത്ഥതയും വിജയീ മനോഭാവവുമുള്ള റൊണാൾഡോയെ പോലൊരു താരം ടീമിന് ഗുണം ചെയ്യുമെന്നാണ് വരാൻ പറയുന്നത്.

"ജോലിയോടുള്ള ആത്മാർത്ഥതയുടെയും വിജയിക്കാനുള്ള മനോഭാവത്തിന്റെയും കാര്യത്തിൽ റൊണാൾഡോ ഏറ്റവും മികച്ച മാതൃകയാണ്. ഇത്തരത്തിലുള്ള കളിക്കാരോടൊപ്പം കളിക്കുമ്പോൾ, നമ്മൾ ഓരോ ദിവസവും മെച്ചപ്പെടുന്നു. അദ്ദേഹം നന്നായി അധ്വാനിക്കുന്നതു കൊണ്ടാണ് ഈ പ്രായത്തിലും മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിയുന്നത്. അദ്ദേഹത്തോടൊപ്പം കളിക്കുന്നതിൽ ഞാൻ വളരെ സന്തുഷ്ടനാണ്," വരാൻ സ്കൈ സ്പോർട്ടിനോട് പറഞ്ഞു.

റയൽ മാഡ്രിഡിൽ സെർജിയോ റാമോസിനൊപ്പം ഉണ്ടാക്കിയതിനു സമാനമായ കൂട്ടുകെട്ട് മാഞ്ചസ്റ്റർ യുണൈറ്റഡ് നായകനായ ഹാരി മാഗ്വയറിനൊപ്പം ഉണ്ടാക്കാൻ കഴിയുമെന്ന പ്രതീക്ഷയും വരാൻ പങ്കുവെച്ചു. റാമോസിനെ മനസിലാക്കാൻ പത്തു വർഷത്തോളം ലഭിച്ചുവെന്നും മാഗ്വയറിനൊപ്പം കൂടുതൽ കളിച്ചാൽ ഇനിയുമേറെ ഒത്തിണക്കം ലഭിക്കുമെന്നും വരാൻ കൂട്ടിച്ചേർത്തു.

ഈ സീസണിലെ ആദ്യ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ സ്വിസ് ടീമായ യങ് ബോയ്‌സിനോട് പരാജയം ഏറ്റുവാങ്ങിയ മാഞ്ചസ്റ്റർ യുണൈറ്റഡ് അതിന്റെ ക്ഷീണം മാറ്റുകയെന്ന ലക്ഷ്യവുമായി ക്ലബിന്റെ മുൻ കോച്ച് ഡേവിഡ് മോയെസ് പരിശീലിപ്പിക്കുന്ന വെസ്റ്റ് ഹാം യുണൈറ്റഡിനെയാണ് ഇന്നു നേരിടുന്നത്. പ്രീമിയർ ലീഗിലെ ആദ്യ നാല് മത്സരങ്ങളിൽ മൂന്നെണ്ണവും വിജയിച്ച മാഞ്ചസ്റ്റർ യുണൈറ്റഡ് ഒരെണ്ണത്തിൽ സമനില വഴങ്ങി.


facebooktwitterreddit