Football in Malayalam

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ തന്ത്രങ്ങളിൽ മാറ്റം വരുത്താൻ റൊണാൾഡോ ആവശ്യപ്പെട്ടെന്ന വാർത്തകളെ ചിരിച്ചു തള്ളി സോൾഷെയർ

Sreejith N
Manchester United v Villarreal - UEFA Champions League
Manchester United v Villarreal - UEFA Champions League / Soccrates Images/Getty Images
facebooktwitterreddit

തനിക്ക് ഏറ്റവും മികച്ച പ്രകടനം നടത്തുന്നതിനു മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ തന്ത്രങ്ങളിൽ മാറ്റം വരുത്തണമെന്നു ക്രിസ്റ്റ്യാനോ റൊണാൾഡോ ആവശ്യപ്പെട്ടുവെന്ന വാർത്തകളെ ചിരിച്ചു തള്ളി പരിശീലകൻ ഒലെ ഗുണ്ണാർ സോൾഷെയർ. പ്രീമിയർ ലീഗിൽ എവർട്ടണിതിരായ മത്സരത്തിനു മുൻപ് മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് പ്രസ്‌തുത വിഷയത്തിൽ സോൾഷെയർ തന്റെ പ്രതികരണം അറിയിച്ചത്.

വിയ്യാറയിലിനെതിരായ മത്സരത്തിൽ നേടിയ ഗോളോടെ മാഞ്ചസ്റ്റർ യുണൈറ്റഡിനു വേണ്ടി അഞ്ചു മത്സരങ്ങളിൽ നിന്നും അഞ്ചു ഗോളുകൾ നേടി തകർപ്പൻ ഫോമിലാണ് റൊണാൾഡോ. ടീമിൽ തന്ത്രപരമായ മാറ്റം വരുത്തണമെന്ന് സോൾഷെയറോട് റൊണാൾഡോ ആവശ്യപ്പെട്ടുവെന്ന് ഒരു ദിവസം മുൻപ് ഇഎസ്‌പിഎൻ റിപ്പോർട്ട് ചെയ്തിരുന്നു.

എതിരാളികളുടെ പകുതിയിൽ നിന്നും പന്ത് വേഗത്തിലും കൃത്യതയിലും വിതരണം ചെയ്‌താൽ കൂടുതൽ ഗോളുകൾ നേടാമെന്നു താരം അറിയിച്ചുവെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. എന്നാൽ അത്തരത്തിലൊരു സംഭാഷണം താരവുമായി താൻ നടത്തിയിട്ടേയില്ലെന്ന് സോൾഷെയർ വ്യക്തമാക്കി.

"അതാ, മറ്റൊന്നു കൂടി. ഇതിന് എന്തു മറുപടിയാണ് നൽകാൻ കഴിയുക? ഞങ്ങൾ എന്തു സംസാരിച്ചുവെന്നത് ഞങ്ങൾക്കിടയിൽ മാത്രം നിൽക്കുന്ന കാര്യമാണ്. എന്നാൽ ഞങ്ങളത്തരമൊരു ചർച്ച നടത്തിയിട്ടേയില്ല. അതങ്ങനെ തന്നെ നൽകുക," മത്സരത്തിനു മുൻപ് മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ സോൾഷെയർ പറഞ്ഞു.

റൊണാൾഡോ ടീമിനുള്ളിൽ വളരെയധികം സ്വാധീനം ചെലുത്തുന്നുണ്ടെങ്കിലും താരത്തിന്റെ കളിസമയം നിയന്ത്രിക്കേണ്ടത് ദീഘകാലം ഇതേ ഫോമിൽ തുടരുന്നതിനു അനിവാര്യമാണെന്നും സോൾഷെയർ പറഞ്ഞു.

"മൈതാനത്തും പുറത്തും താരം വളരെയധികം പ്രഭാവം സൃഷ്ടിക്കുന്നുണ്ട്. ഈ പ്രായത്തിൽ അഞ്ചു മത്സരങ്ങളിൽ അഞ്ചു ഗോളുകളെന്നത് എല്ലാ കാര്യങ്ങളും പറയും. എന്നാൽ താരത്തെ കൃത്യമായി കൈകാര്യം ചെയ്യണം, എല്ലാവർക്കും മികച്ച മാതൃകയാണ് അദ്ദേഹം. അത് ദീർഘകാലം തുടരട്ടെ," സോൾഷെയർ പറഞ്ഞു.


facebooktwitterreddit