ക്രിസ്റ്റ്യാനോ റൊണാൾഡോയെ വീണ്ടും പുറത്തിരുത്തിയേക്കുമെന്ന് സൂചന നൽകി മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ സോൾഷ്യർ

By Gokul Manthara
Manchester United v Everton - Premier League
Manchester United v Everton - Premier League / Visionhaus/GettyImages
facebooktwitterreddit

താരങ്ങളുടെ ജോലി ഭാരം നിയന്ത്രിക്കേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണെന്നും അതിനാൽ സീസണിലെ മുന്നോട്ടുള്ള മത്സരങ്ങളിലും ടീമിനെ റൊട്ടേറ്റ് ചെയ്യുന്ന ‌രീതി താൻ തുടരുമെന്നും മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ ഒലെ ഗണ്ണർ സോൾഷ്യർ. നേരത്തെ എവർട്ടണിനെതിരായ ലീഗ് മത്സരത്തിൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ ബെഞ്ചിലിരുത്താനുള്ള സോൾഷ്യറിന്റെ തീരുമാനം വിഖ്യാത പരിശീലക‌ൻ സർ അലക്സ് ഫെർഗൂസൻ ഉൾപ്പെടെയുള്ളവരുടെ വിമർശനങ്ങൾ ഏറ്റു വാങ്ങിയിരുന്നു. എന്നാൽ ദീർഘമേറിയ സീസണിലുടനീളം തന്റെ കളിക്കാരെ ക്ഷീണിതരാക്കാതെ നിർത്തേണ്ടതിനാൽ റൊണാൾഡോ ഉൾപ്പെടെയുള്ള താരങ്ങളെ റൊട്ടേറ്റ് ചെയ്ത് കളിപ്പിക്കുന്ന രീതി തുടരുമെന്നാണ് സോൾഷ്യർ പറയുന്നത്.

റൊണാൾഡോ അസാധാരണ കളിക്കാരനാണെന്ന് പറയുന്ന സോൾഷ്യർ, അദ്ദേഹത്തെ ടീമിൽ നിന്ന് ഒഴിവാക്കുന്നത് ബുദ്ധിമുട്ടാണെന്ന് തുറന്ന് സമ്മതിക്കുന്നു. തുടർച്ചയായി ഒരേ ഇലവനുമായിത്തന്നെ കളിക്കുന്നത് വളരെ മികച്ച കാര്യമാണെന്ന് ഇതിനൊപ്പം ചൂണ്ടിക്കാട്ടിയ അദ്ദേഹം, എന്നാൽ കളിക്കാരെ ഏറ്റവും മികച്ച രീതിയിൽ ഏപ്രിൽ-മെയ് വരെ നിലനിർത്തുന്നതിന് റൊട്ടേഷ‌ൻ വേണമെന്നും വ്യക്തമാക്കുന്നു.

കഴിഞ്ഞ സീസണിൽ മെയ് മാസമെത്തിയപ്പോളേക്കും തങ്ങൾ ക്ഷീണിതരായിരുന്നുവെന്ന് ഓർമ്മിപ്പിക്കുന്ന‌ സോൾഷ്യർ, ഇക്കുറി താരങ്ങളെ സീസൺ അവസാനം വരെ ഏറ്റവും മികച്ച നിലയിൽ നിർത്തേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടുന്നു. തന്റെ താരങ്ങളുടെ ജോലി ഭാരം നിയന്ത്രിച്ച് നിർത്തിയാൽ മാത്രമേ അത്തരത്തിൽ ഏപ്രിൽ-മെയ് വരെ അവരെ മികച്ച നിലയിൽ നിർത്താനാകൂവെന്നും ഇതിനൊപ്പം സോൾഷ്യർ കൂട്ടിച്ചേർത്തു.

"അദ്ദേഹം‌ (ക്രിസ്റ്റ്യാനോ റൊണാൾഡോ) ഒരു അസാധാരണ കളിക്കാരനാണ്, അസാധാരണനായ ഫിനിഷറാണ്, ഗോൾ സ്കോററാണ്, അസാധാരണനായ ഒരു പ്രൊഫഷണലാണ്. അവനെ ടീമിൽ നിന്നൊഴിവാക്കുന്നത് ബുദ്ധിമുട്ടാണ്," ലെസ്റ്റർ സിറ്റിക്കെതിരായ പ്രീമിയർ ലീഗ് മത്സരത്തിന്‌ മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കവെ മാഞ്ചസ്റ്റർ യുണൈറ്റഡ് ബോസ് പറഞ്ഞു.

"നിങ്ങൾക്ക് ആറ് ദിവസത്തിനുള്ളിൽ ആറ് മത്സരങ്ങൾ ഒരേ ഇലവൻ വെച്ച് കളിക്കാൻ കഴിയുമെങ്കിൽ അത് നല്ലതാണ്. പക്ഷെ, റൊട്ടേഷൻ [ആവശ്യമാണ്], കാരണം ഏപ്രിലും മെയും വരെ ഞങ്ങൾക്ക് എല്ലാ താരങ്ങളെയും വേണം. മെയിൽ കഴിഞ്ഞ സീസണിന്റെ അവസാന ഘട്ടത്തിലേക്ക് കടന്നപ്പോൾ ഞങ്ങൾ വളരെ ക്ഷീണിതരായിരുന്നു," സോൾഷ്യർ കൂട്ടിച്ചേർത്തു.

അതേ സമയം പ്രീമിയർ ലീഗ് പോയിന്റ് പട്ടികയിൽ നിലവിൽ നാലാം സ്ഥാനത്താണ് മാഞ്ചസ്റ്റർ യുണൈറ്റഡുള്ളത്. പോയിന്റ് പട്ടികയിലെ പതിമൂന്നാം സ്ഥാനക്കാരായ ലെസ്റ്റർ സിറ്റിക്കെതിരെയാണ് ടീമിന്റെ അടുത്ത പോരാട്ടം. ശനിയാഴ്ച വൈകിട്ട് 7.30 നാണ് ഈ മത്സരത്തിന്റെ കിക്കോഫ്.

facebooktwitterreddit