Football in Malayalam

പരിശീലകസ്ഥാനം നഷ്ടപ്പെടാതിരിക്കാൻ റൊണാൾഡോയടക്കം ആറു താരങ്ങളുമായി കൂടിക്കാഴ്‌ച നടത്തി സോൾഷെയർ

Sreejith N
Tottenham Hotspur v Manchester United - Premier League
Tottenham Hotspur v Manchester United - Premier League / Visionhaus/GettyImages
facebooktwitterreddit

കഴിഞ്ഞ സീസണിൽ പ്രീമിയർ ലീഗിൽ രണ്ടാം സ്ഥാനത്തായിരുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് ഇത്തവണ കിരീടപ്പോരാട്ടത്തിനു കനത്ത വെല്ലുവിളി സൃഷ്‌ടിക്കുമെന്നും ചിലപ്പോൾ കിരീടം തന്നെ നേടുമെന്നും കരുതിയവർ നിരവധിയാണ്. ക്രിസ്റ്റ്യാനോ റൊണാൾഡോ, റാഫേൽ വരാൻ, ജേഡൻ സാഞ്ചോ തുടങ്ങിയ താരങ്ങൾ ടീമിലേക്കെത്തിയപ്പോൾ ആ പ്രതീക്ഷ ഉയർന്നുവെങ്കിലും അതിനു വിരുദ്ധമായാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഇപ്പോഴത്തെ പ്രകടനം.

പ്രീമിയർ ലീഗിൽ പതിനൊന്നു മത്സരങ്ങൾ പൂർത്തിയായപ്പോൾ അഞ്ചു ജയവും രണ്ടു സമനിലയും നാല് തോൽവിയുമായി പോയിന്റ് ടേബിളിൽ ആറാം സ്ഥാനത്തു നിൽക്കുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് കഴിഞ്ഞ ഏഴു മത്സരങ്ങളിൽ രണ്ടെണ്ണത്തിൽ മാത്രമാണ് വിജയം കണ്ടിരിക്കുന്നത്. ഇതോടെ പരിശീലകനായ ഒലെ ഗുണ്ണാർ സോൾഷെയറിന്റെ സ്ഥാനം നഷ്‌ടപ്പെടുമെന്ന ഭീഷണിയുമുണ്ട്.

അതേസമയം തന്റെ സ്ഥാനം പോകാതെ സൂക്ഷിക്കാനും ടീമിൽ നിലനിൽക്കുന്ന പ്രതിസന്ധി പരിഹരിക്കാനും മാഞ്ചസ്റ്റർ യുണൈറ്റഡിലെ ആറു താരങ്ങളുമായി സോൾഷെയർ ചർച്ചകൾ നടത്തിയെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. റൊണാൾഡോ, ഹാരി മാഗ്വയർ, ബ്രൂണോ ഫെർണാണ്ടസ്, വിക്ടർ ലിൻഡ്‌ലോഫ്, നെമഞ്ച മാറ്റിച്ച്, ലൂക്ക് ഷാ തുടങ്ങിയ താരങ്ങളെയാണ് സോൾഷെയർ കണ്ടതെന്ന് ഇംഗ്ലീഷ് മാധ്യമം ഡെയിലി മെയിൽ റിപ്പോർട്ടു ചെയ്യുന്നു.

ക്ലബിന്റെ കാരിങ്ങ്ടൺ ട്രെയിനിങ് സൗകര്യത്തിലാണ് താരങ്ങളെ സോൾഷെയർ കണ്ടത്. ക്ലബ് ഇപ്പോൾ കടന്നു പോകുന്ന സാഹചര്യങ്ങളിൽ റൊണാൾഡോക്ക് അതൃപ്‌തിയുണ്ടെന്നും ഈ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനു ചാമ്പ്യൻസ് ലീഗിനു യോഗ്യത നേടാൻ കഴിയാതിരുന്നാൽ താരം ക്ലബിലെ തന്റെ ഭാവിയെക്കുറിച്ച് പുനർചിന്തനം നടത്തുമെന്നും നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

നിലവിൽ സോൾഷെയറിനു ക്ലബ് നേതൃത്വത്തിന്റെ പിന്തുണ ഉണ്ടെങ്കിലും മോശം ഫോം തുടർന്നാൽ അതിൽ മാറ്റങ്ങളുണ്ടാകും. ഈ വാരാന്ത്യം വാട്ഫോഡുമായും അതിനു ശേഷം ചാമ്പ്യൻസ് ലീഗിൽ വിയ്യാറയലിനെയുമാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് നേരിടുന്നത്. ഈ രണ്ടു മത്സരങ്ങളിലൊന്നിൽ പോലും തോറ്റാൽ, അത് സോൾഷെയറിന് പുറത്തേക്കുള്ള വഴി തെളിച്ചേക്കും.


facebooktwitterreddit