Football in Malayalam

മാഞ്ചസ്റ്റർ യുണൈറ്റഡിലെ റൊണാൾഡോയുടെ രണ്ടാം അരങ്ങേറ്റം, സീസർ റോമിൽ പ്രവേശിക്കുന്നത് പോലെയായിരുന്നുവെന്ന് ഫെർഗൂസൻ

By Gokul Manthara
Manchester United v Newcastle United - Premier League
Manchester United v Newcastle United - Premier League / Laurence Griffiths/Getty Images
facebooktwitterreddit

മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കുള്ള ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ തിരിച്ചു വരവ് റോമാ സാമ്രാജ്യത്തിന്റെ ധീരയോദ്ധാവായ ജൂലിയസ് സീസർ വിജയത്തിന് ശേഷം റോമിലേക്ക് പ്രവേശിക്കുന്നത് പോലെയായിരുന്നുവെന്ന് വിഖ്യാത പരിശീലകൻ അലക്സ് ഫെർഗൂസൻ. ന്യൂകാസിൽ യുണൈറ്റഡിനെതിരെ നടന്ന ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ രണ്ടാം മാഞ്ചസ്റ്റർ യുണൈറ്റഡ് അരങ്ങേറ്റ മത്സരത്തിൽ സ്റ്റേഡിയത്തിലെ അന്തരീക്ഷം എങ്ങനെയായിരുന്നുവെന്ന് ക്ലബ്ബിന്റെ ഔദ്യോഗിക പോഡ്കാസ്റ്റിൽ പറയുന്നതിനിടെയായിരുന്നു ഇത്തരത്തിലൊരു ഉപമ ക്ലബ്ബിന്റെ മുൻ പരിശീലകനായിരുന്ന സർ അലക്സ് ഫെർഗൂസൻ നടത്തിയത്.

"അത് അതിശയകരമായിരുന്നു. വിജയത്തിന് ശേഷം (ജൂലിയസ്) സീസർ റോമിലേക്ക് പ്രവേശിക്കുന്നത് പോലെയാണ് നിങ്ങൾ ആ ശനിയാഴ്ച അത് കണ്ടത്. 'ഞാൻ വന്നു, ഞാൻ കണ്ടു, ഞാൻ കീഴടക്കി‌'. അതിശയകരമായിരുന്നു അത്," റോണോയുടെ രണ്ടാം മാഞ്ചസ്റ്റർ യുണൈറ്റഡ് അരങ്ങേറ്റത്തെക്കുറിച്ച് ഫെർഗൂസൻ പറഞ്ഞു.

2003ൽ തന്റെ 18ആം വയസിൽ മാഞ്ചസ്റ്റർ യുണൈറ്റഡിലെത്തിയ റൊണാൾഡോ കാര്യങ്ങൾ പഠിച്ചിരുന്നത് വളരെ വേഗത്തിലായിരുന്നുവെന്ന് സംസാരത്തിനിടെ പറഞ്ഞ ഫെർഗൂസൻ,

"റൊണാൾഡോ ക്ലബ്ബിലെത്തിയ സമയത്ത് അദ്ദേഹം ഒരു ഡൈവറാണെന്ന് ധാരാളം ആളുകൾ പറഞ്ഞിരുന്നു. അത്തരത്തിൽ ഒരു ചെറിയ കാലയളവ് ഉണ്ടായിരുന്നു. എന്നാൽ അതിന് ശേഷം പ്രതിരോധതാരങ്ങളെ ആക്രമിക്കുകയായിരുന്നു അദ്ദേഹം. പ്രതിരോധത്തിലേക്ക് ഇടിച്ചുകയറാൻ ഒരു ചെറിയ വിടവ് മതിയായിരുന്നു അവന്. അവിശ്വസനീയമായ വേഗതയിൽ അവൻ ആക്രമിക്കുമായിരുന്നു. കളിയെക്കുറിച്ചുള്ള അവന്റെ അറിവ് എപ്പോളും വർധിച്ചു കൊണ്ടിരിക്കുന്നു. [വിജയിക്കാനുള്ള] ആഗ്രഹവുമായാണ് അവൻ ജനിച്ചതെന്ന് എനിക്ക് തോന്നുന്നു," ഫെർഗൂസൻ പറഞ്ഞു.

ഏറ്റവും മികച്ച താരമാകാൻ റൊണാൾഡോ വളരെയധികം കഷ്ടപ്പെട്ടിരുന്നതായി ചൂണ്ടിക്കാട്ടിയ ഫെർഗൂസൻ, പണ്ട് താൻ യുണൈറ്റഡ് പരിശീലകനായിരുന്ന സമയത്തെ ഒരു സംഭവവും ഇതിനോട് ചേർത്ത് വെളിപ്പെടുത്തി.

"ഏറ്റവും മികച്ചവനാകാൻ അവൻ സ്വയം ത്യാഗം ചെയ്തു. ഞാൻ ഓർക്കുന്നു, അന്നൊരു ശനിയാഴ്ച ഞങ്ങൾക്ക് ആഴ്സനലിനെതിരെ കളിയുണ്ടായിരുന്നു. കാരിംഗ്ടണിൽ അന്ന് മഴ പെയ്തു കൊണ്ടിരിക്കുകയായിരുന്നു. ട്രെയിനിംഗിന് ശേഷവും റൊണാൾഡോ പരിശീലനം നടത്തുന്ന‌ കാര്യം നിങ്ങൾക്കറിയാം. ഞാൻ അവനോട് പറഞ്ഞു, നാളെ നമുക്കൊരു മത്സരമുണ്ട്, ഇത് വളരെയധികം നനഞ്ഞിരുക്കുന്നു, ഗ്രൗണ്ട് തീർത്തും മൃദുവാണ്.

"അങ്ങനെ ഞാൻ എന്റെ ഓഫീസിലേക്ക് തിരിച്ചു പോയി. ജനാലയിലൂടെ നോക്കി, അവൻ എന്ത് ചെയ്യുകയായിരുന്നു? അവൻ ആസ്ട്രോടർഫിലേക്ക് പോയിരുന്നു. എനിക്ക് അവനോട് ഒന്നും പറയാൻ കഴിഞ്ഞില്ല. അവൻ എന്നെ തോൽപ്പിച്ചു," ഫെർഗൂസൻ പറഞ്ഞു.

അതേ സമയം 12 വർഷങ്ങൾക്ക് ശേഷം ഇക്കുറി മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് തിരിച്ചെത്തിയ റൊണാൾഡോ ഉജ്ജ്വല ഫോമിലാണ് നിലവിൽ കളിച്ചു കൊണ്ടിരിക്കുന്നത്. ക്ലബ്ബിലെ തന്റെ രണ്ടാം അരങ്ങേറ്റ മത്സരത്തിൽ ന്യൂകാസിൽ യുണൈറ്റഡിനെതിരെ ഇരട്ട ഗോളുകൾ നേടിയ റോണോ, ഇക്കുറി ടീമിനായി കളിച്ച 4 മത്സരങ്ങളിൽ അത്ര തന്നെ ഗോളുകളാണ് നേടിയിട്ടുള്ളത്.


facebooktwitterreddit