ഫ്രാൻസിന് വേണ്ടിയുള്ള പ്രകടനം മാഞ്ചസ്റ്റർ യുണൈറ്റഡിലും പുറത്തെടുത്താൽ, പോഗ്ബക്ക് പുതിയ കരാർ നൽകണമെന്ന് സ്കോൾസ്

ഫ്രാൻസ് ദേശിയ ടീമിന് വേണ്ടി പുറത്തെടുക്കുന്ന പ്രകടനം ക്ലബിന് വേണ്ടിയും കാഴ്ചവെക്കാൻ പോൾ പോഗ്ബക്ക് കഴിയുമെങ്കിൽ, താരത്തിന് മാഞ്ചസ്റ്റർ യുണൈറ്റഡ് പുതിയ കോൺട്രാക്ട് നൽകണമെന്ന് ക്ലബ് ഇതിഹാസം പോൾ സ്കോൾസ്.
ഈ സീസൺ കഴിയുന്നതോടെ മാഞ്ചസ്റ്റർ യുണൈറ്റഡുമായുള്ള നിലവിലെ കരാർ അവസാനിക്കുന്ന പോഗ്ബക്ക് പുതിയ കോൺട്രാക്ട് നൽകാൻ ചുവന്ന ചെകുത്താന്മാർക്ക് താല്പര്യമുണ്ടെങ്കിലും, താരം ഇക്കാര്യത്തിൽ ഒരു അവസാന തീരുമാനം എടുത്തിട്ടില്ല.
കരാർ പുതുക്കുന്നില്ല എന്നാണ് പോഗ്ബ തീരുമാനിക്കുന്നതെങ്കിൽ, സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ താരത്തിന് ഫ്രീ ട്രാൻസ്ഫറിൽ ക്ലബ് വിടാൻ കഴിയും എന്നുള്ളതിനാൽ, താരത്തിന്റെ തീരുമാനം എന്താണെന്ന് എത്രയും പെട്ടെന്നു അറിയുന്നത് മാഞ്ചസ്റ്റർ യുണൈറ്റഡിന് നിർണായകമാണ്.
മാഞ്ചസ്റ്റർ യുണൈറ്റഡിൽ പലപ്പോഴും സ്ഥിരതയോടെയുള്ള പ്രകടനം പുറത്തെടുക്കാത്തതിന്റെ പേരിൽ വിമർശനങ്ങൾക്കു വിധേയനായിട്ടുള്ള പോഗ്ബ, ഫ്രാൻസിന് വേണ്ടി കഴിവിനനുസരിച്ച് കളിക്കുന്നത് പോലെ ചുവന്ന ചെകുത്താന്മാർക്കും വേണ്ടി കളിക്കുകയാണെങ്കിൽ താരത്തെ നിലനിറുത്താൻ ശ്രമിക്കണമെന്നും പുതിയ കോൺട്രാക്ട് നൽകണമെന്നുമാണ് സ്കോൾസ് പറയുന്നത്.
"ഓരോ ആഴ്ചയും അദ്ദേഹം അത് ചെയ്യാത്തതിനാൽ (മികച്ച പ്രകടനം പുറത്തെടുക്കാത്തതിനാൽ) എല്ലാവർക്കും (കരാർ പുതുക്കണോ വേണ്ടയോ എന്ന കാര്യത്തിൽ) ഉറപ്പില്ല," വെബ്ബി ആൻഡ് ഓ'നീൽ ഷോയിൽ സ്കോൾസ് പറഞ്ഞു.
"അക്കാര്യത്തിൽ ഒരു വലിയ ചർച്ച ഉണ്ടെന്ന് ഞാൻ കരുതുന്നു. പകുതി ആളുകൾക്ക് അവനെ ആവശ്യമാണ്, മറ്റേ പകുതി അവൻ പോയാലും കാര്യമാക്കില്ലെന്ന് നിങ്ങൾക്ക് ഒരുപക്ഷെ പറയാം.
"'പിച്ചിന്റെ മധ്യഭാഗം ഞങ്ങൾക്ക് ഒരു ചെറിയ പ്രശ്നമാണെന്ന് ഞാൻ കരുതുന്നു. ഫ്രാൻസിന് വേണ്ടി കളിക്കുന്നത് പോലെ നല്ല ഫോമിൽ, കഴിവിനനുസരിച്ച് കളിക്കുകയാണെങ്കിൽ, അവനെ നിലനിറുത്താൻ നിങ്ങൾ ശ്രമിക്കേണ്ടതുണ്ട്."
അതേ സമയം, ഭാവിയുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾ ശക്തി പ്രാപിച്ചിരിക്കെ, തന്റെ മുൻ ക്ലബായ യുവന്റസിലേക്ക് തിരിച്ചു പോകുമെന്ന സൂചനകൾ പോഗ്ബ നൽകിയത് മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകരുടെ ആശങ്കയേറ്റിയിട്ടുണ്ട്.
നിലവിൽ ഫ്രഞ്ച് ദേശിയ ടീമിനൊപ്പമുള്ള പോഗ്ബ, യുവന്റസിലേക്ക് തിരിച്ചു പോകാനുള്ള സാധ്യതയുണ്ടോയെന്ന ചോദ്യത്തിന് സ്പോർട്സ് മീഡിയസെറ്റിന് നൽകിയ മറുപടി ഇങ്ങിനെയായിരുന്നു, "ഞാനിപ്പോഴും യുവന്റസിലുള്ള എന്റെ മുൻ സഹതാരങ്ങളായ യുവാൻ ക്വഡ്രാഡോ, ഡിബാല എന്നിവരോടു സംസാരിക്കാറുണ്ട്.
"ഇപ്പോൾ ഞാനൊരു മാഞ്ചസ്റ്റർ യുണൈറ്റഡ് താരമാണ്. ഇനിയും ഒരു വർഷം എനിക്ക് കരാർ ബാക്കിയുണ്ട്, അതിനു ശേഷം എന്താകുമെന്ന് നമുക്ക് കാണാം. ഈ സീസൺ ഏറ്റവും മികച്ച രീതിയിൽ പൂർത്തിയാക്കുകയാണ് എന്റെ ലക്ഷ്യം, അതിനു ശേഷം നമുക്ക് എന്തുണ്ടാകുമെന്ന് നോക്കാം."