മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കുള്ള രണ്ടാം വരവിലും റൊണാൾഡോ ഏഴാം നമ്പർ ജേഴ്സി ധരിക്കും, സ്ഥിരീകരിച്ച് ക്ലബ്

മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കുള്ള തന്റെ രണ്ടാം വരവിലും ക്രിസ്റ്റ്യാനോ റൊണാൾഡോ ക്ലബിന്റെ ഐതിഹാസിക ഏഴാം നമ്പർ ജേഴ്സി അണിയും. അൽപ്പം മുൻപ് മാഞ്ചസ്റ്റർ യുണൈറ്റഡ് തന്നെയാണ് താരത്തിന്റെ ജേഴ്സി നമ്പർ ഔദ്യോഗികമായി സ്ഥിരീകരിച്ചത്.
2021 സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ യുവന്റസിൽ നിന്ന് തന്റെ പഴയ തട്ടകമായ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് തിരിച്ചെത്തിയ റൊണാൾഡോ, അവിടെ എത്രാം നമ്പർ ജേഴ്സിയാണ് അണിയുക എന്ന കാര്യത്തിൽ നേരത്തെ അനിശ്ചിതത്വം ഉണ്ടായിരുന്നു.
ഏഴാം നമ്പറായി എഡിൻസൺ കവാനിയെ സീസണിന്റെ തുടക്കത്തിൽ രജിസ്റ്റർ ചെയ്തതിനാൽ, റൊണാൾഡോക്ക് തന്റെ പ്രിയപ്പെട്ട ജേഴ്സി നമ്പർ ലഭിക്കാൻ പ്രീമിയർ ലീഗ് നിയമങ്ങൾ അനുവദിക്കുമോ എന്ന കാര്യത്തിൽ സംശയമുണ്ടായിരുന്നു.
എന്നാൽ, ലീഡ്സ് യുണൈറ്റഡിലേക്കുള്ള ഡാനിയേൽ ജയിംസിന്റെ ട്രാൻസ്ഫർ റൊണാൾഡോക്ക് ഏഴാം നമ്പർ ജേഴ്സി തന്നെ ലഭിക്കുന്നതിലേക്ക് വഴി വെച്ചു എന്നാണ് കരുതപ്പെടുന്നത്. റൊണാൾഡോക്ക് ഏഴാം നമ്പർ ജേഴ്സി വീണ്ടും ലഭിച്ചപ്പോൾ, കവാനി 21/22 സീസണിൽ ഇനി ധരിക്കുക മാഞ്ചസ്റ്റർ യുണൈറ്റഡിൽ ജയിംസിന്റെ നമ്പറായിരുന്ന 21ആണ്. ഉറുഗ്വായ് ദേശിയ ടീമിൽ കവാനിയുടെ ജേഴ്സി നമ്പർ കൂടിയാണ് 21.
ജോർജ് ബെസ്റ്റ്, ബ്രയാൻ റോബ്സൺ, എറിക് കന്റോണ, ഡേവിഡ് ബെക്കാം തുടങ്ങിയ നിരവധി ഇതിഹാസ താരങ്ങൾ ധരിച്ചിട്ടുള്ള മാഞ്ചസ്റ്റർ യൂണൈറ്റഡിലെ ഏഴാം നമ്പർ ജേഴ്സി റൊണാൾഡോ വീണ്ടും അണിയുമ്പോൾ ആരാധകരുടെ പ്രതീക്ഷകൾ ഏറെയാണ്. 36ആം വയസിലും ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളായി തുടരുന്ന റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിൽ വീണ്ടും ചരിത്രം രചിക്കും എന്ന് തന്നെയാണ് ചുവന്ന ചെകുത്താന്മാർ പ്രതീക്ഷിക്കുന്നത്.
അതേ സമയം, മാഞ്ചസ്റ്റർ യൂണൈറ്റഡിലെ റൊണാൾഡോയുടെ രണ്ടാം അരങ്ങേറ്റം സെപ്റ്റംബർ 11ന് നടക്കുന്ന ന്യൂകാസിലിന് എതിരെയുള്ള പ്രീമിയർ ലീഗ് മത്സരത്തിലാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.