ഒലെ ഗുണ്ണാർ സോൾഷെയറെ പ്രതിരോധിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ; മോശം ഫോമിന്റെ ഉത്തരവാദിത്തം കോച്ചിന് മാത്രമല്ലെന്ന് താരം

2021/22 സീസണിലെ മികച്ച തുടക്കത്തിന് ശേഷം മോശം ഫോമിലേക്ക് മാഞ്ചസ്റ്റർ യുണൈറ്റഡ് വീണതോടെ സമ്മർദ്ദത്തിലായ പരിശീലകൻ ഒലെ ഗുണ്ണാർ സോൾഷെയറെ പ്രതിരോധിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ. മോശം ഫോമിന്റെ ഉത്തരവാദിത്തം പരിശീലകന് മാത്രമല്ല, താരങ്ങൾക്കുമുണ്ടെന്നാണ് പോർച്ചുഗീസ് സൂപ്പർതാരം പറയുന്നത്.
കഴിഞ്ഞ മൂന്ന് പ്രീമിയർ ലീഗ് മത്സരങ്ങളിലും വിജയം നേടാൻ മാഞ്ചസ്റ്റർ യുണൈറ്റഡിന് കഴിയാതെ വന്നതോടെയാണ് സോൾഷെയറിന് മേലുള്ള വിമർശനം ശക്തമാകുന്നത്. അറ്റലാന്റക്കെതിരെ നടന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ രണ്ട് ഗോളിന് പിന്നിൽ നിന്നതിന് ശേഷം മൂന്നെണ്ണം തിരിച്ചടിച്ച് വിജയം കരസ്ഥമാക്കിയത് താത്കാലിക ആശ്വാസം നൽകിയെങ്കിലും, ശക്തരായ എതിരാളികൾക്കെതിരെയാണ് അടുത്ത മത്സരങ്ങൾ.
ലിവർപൂളിനെതിരായ പ്രീമിയർ ലീഗ് മത്സരത്തിന് മുൻപ് സ്കൈ സ്പോർട്സിന് നൽകിയ അഭിമുഖത്തിൽ സംസാരിച്ച റൊണാൾഡോ, മത്സരഫലങ്ങളുടെ ഉത്തരവാദിത്തം പരിശീലകന് മാത്രമല്ല എന്നാണ് അഭിപ്രായപ്പെട്ടത്.
"ഞങ്ങൾ [ഉത്തരവാദിത്തം] ഏറ്റെടുക്കേണ്ടതുണ്ട്," റൊണാൾഡോ പറഞ്ഞു. "മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടി കളിക്കുകയും, മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പരിശീലകൻ ആകുമ്പോഴും നിങ്ങൾ എല്ലായ്പോഴും വിമർശിക്കപ്പെടും. നിങ്ങളെ വിമർശിക്കുക എന്നത് ഈ ബിസിനസിന്റെ ഭാഗമാണെന്ന് നമ്മൾ അംഗീകരിക്കേണ്ടതുണ്ട്.
"നിങ്ങൾ കളിക്കുന്നത് ലോകത്തിലെ ഏറ്റവും വലിയ ക്ലബുകളിൽ ഒന്നിലാണ്. എല്ലാ കണ്ണുകളും നിങ്ങളുടെ മേലാണ്, അത് സാധാരണവുമാണ്. നിങ്ങൾ അത് കൈകാര്യം ചെയ്യേണ്ടതുണ്ട്.
"തോൽക്കുമ്പോൾ നമ്മൾ പരിശീലകരും, കളിക്കാരും ഒരേ ബോട്ടിലാണ്, നമ്മൾ വിജയിക്കുമ്പോളും അങ്ങനെ തന്നെ.
"സമ്മർദ്ദം ഇവിടെയുണ്ട്, നമ്മൾ സമ്മർദ്ദം കൈകാര്യം ചെയ്യേണ്ടതുണ്ട്. നമ്മൾ വിജയിക്കുകയോ പരാജയപ്പെടുകയോ ചെയ്യുമ്പോൾ അത് ഇവിടെ തുടർന്ന് കൊണ്ടേ ഇരിക്കും, നമ്മൾ അത് കൈകാര്യം ചെയ്യേണ്ടതുണ്ട്. അത് ജോലിയുടെ ഭാഗമാണ്."