Football in Malayalam

വിയ്യാറയലിനെതിരെ വിജയഗോൾ നേടിയതിനു ശേഷം റൊണാൾഡോ തനിക്കയച്ച സന്ദേശം വെളിപ്പെടുത്തി റിയോ ഫെർഡിനാൻഡ്

Sreejith N
Manchester United v Villarreal - UEFA Champions League
Manchester United v Villarreal - UEFA Champions League / Soccrates Images/Getty Images
facebooktwitterreddit

വിയ്യാറയലിനെതിരായ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ വിജയഗോൾ നേടിയതിനു ശേഷം ക്രിസ്റ്റ്യാനോ റൊണാൾഡോ തനിക്കയച്ച സന്ദേശം വെളിപ്പെടുത്തി ഇംഗ്ലീഷ് ക്ലബിന്റെ മുൻ താരമായ റിയോ ഫെർഡിനാൻഡ്. ഇന്നലെ നടന്ന ആവേശകരമായ പോരാട്ടത്തിൽ കൃത്യമായ മുൻ‌തൂക്കം ഉണ്ടായിരുന്ന സ്‌പാനിഷ്‌ ക്ലബ് മത്സരത്തിൽ മുന്നിലെത്തിയിരുന്നു എങ്കിലും അലക്‌സ് ടെല്ലസും ഇഞ്ചുറി ടൈമിൽ റൊണാൾഡോയും നേടിയ ഗോളിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയം കണ്ടെത്തുകയായിരുന്നു.

"ഞാൻ ഇപ്പോഴും ക്രിസ്റ്റ്യാനോയുമായി ബന്ധപ്പെടുന്നു. 'ഞാൻ നല്ല രീതിയിൽ കളിച്ചില്ല, പക്ഷെ ഗോൾ നേടുമെന്ന് എനിക്ക് അറിയാമായിരുന്നു. എനിക്ക് ഒരു അവസരം ലഭിക്കുമെന്നും, സ്കോർ ചെയ്യുമെന്നും എനിക്ക് അറിയാമായിരുന്നു,' എന്ന് പറഞ്ഞ് അവൻ എനിക്ക് ഇന്ന് രാത്രി സന്ദേശം അയച്ചിരുന്നു. അതാണ് താരത്തിനുള്ള വിശ്വാസം. മറ്റു കളിക്കാർ അതിന്റെ ഫലം അനുഭവിക്കുന്നു," ബിടി സ്പോർടിന്റെ മത്സരം വിശകലനം ചെയ്യുന്ന ചർച്ചയിൽ ഫെർഡിനാൻഡ് പറഞ്ഞു.

"യുണൈറ്റഡിന്റെ പ്രകടനം മികച്ചതായിരുന്നില്ല, അത് ഒലെ ആഗ്രഹിച്ച നിലവാരത്തിലും എത്തിയില്ല. പക്ഷെ നിങ്ങൾക്ക് ഒരു ഗോൾ ആവശ്യമുള്ളപ്പോൾ, സ്‌ക്വാഡിനെയും സ്റ്റേഡിയത്തെയും ആരാധക വൃന്ദത്തെയും പ്രോത്സാഹിപ്പിക്കേണ്ട നിമിഷത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ മുന്നോട്ടു വരുന്നു.

"അവസരങ്ങളെല്ലാം കൃത്യമായി മുതലെടുക്കുന്ന താരമാകാനാണ് റൊണാൾഡോക്ക് താൽപര്യം. അദ്ദേഹത്തിന്റെ ഗോൾ റെക്കോർഡ് തന്നെ അതു പറയുന്നു. ടീമിന് ആവശ്യമുള്ള പ്രധാന നിമിഷങ്ങളിലെല്ലാം അവിടെയുണ്ടാകുന്ന താരം അതിന്റെ ഭാഗം കൂടിയാണ്."

"റൊണാൾഡോയെപ്പോലൊരു താരം നിങ്ങൾക്കൊപ്പമുള്ളപ്പോൾ ഡ്രസിങ് റൂമിലെ കളിക്കാരെല്ലാം ജീവിതം കൊടുക്കാനും തയ്യാറാകും. കാരണം അവസരം ലഭിച്ചാൽ റൊണാൾഡോ അത് വലക്കുള്ളിലാക്കും എന്ന വിശ്വാസം ആ കളിക്കാരിലെ ഓരോരുത്തർക്കുമുണ്ട്," ഫെർഡിനാൻഡ് പറഞ്ഞു.

മാഞ്ചസ്റ്റർ യുണൈറ്റഡിനു വേണ്ടി തുടർച്ചയായ രണ്ടാമത്തെ ചാമ്പ്യൻസ് ലീഗ് മത്സരത്തിലാണ് റൊണാൾഡോ ഗോൾ നേടുന്നത്. കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ റൊണാൾഡോ യുണൈറ്റഡിനെ മുന്നിലെത്തിച്ചെങ്കിലും വാൻ ബിസാക്ക ചുവപ്പുകാർഡ് കണ്ടു പുറത്തു പോയതിനെ തുടർന്ന് രണ്ടു ഗോളുകൾ വഴങ്ങിയ യുണൈറ്റഡ് തോൽക്കുകയായിരുന്നു.


facebooktwitterreddit