പോഗ്ബയുടെ മനസു മാറുന്നു, മാഞ്ചസ്റ്റർ യുണൈറ്റഡിൽ പുതിയ കരാറൊപ്പിടാൻ താരം അനുകൂല നിലപാടെടുത്തേക്കും


പുതിയ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് നടത്തുന്ന മികച്ച പ്രകടനത്തിൽ പോൾ പോഗ്ബ തൃപ്തനാണെന്നും മാഞ്ചസ്റ്റർ യുണൈറ്റഡുമായി പുതിയ കരാർ ഒപ്പിടുന്നതിൽ താരം അനുകൂല നിലപാട് എടുത്തേക്കുമെന്നും സൂചനകൾ. ക്ലബിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന തുക നൽകി സ്വന്തമാക്കിയ ഫ്രഞ്ച് താരത്തിന്റെ കരാർ അവസാനിക്കാൻ ഒരു വർഷം മാത്രം ബാക്കി നിൽക്കെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന് ആശ്വാസ വാർത്ത എത്തുന്നത്.
യുവന്റസിൽ നിന്നും തന്റെ മുൻ ക്ലബായ മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയതിനു ശേഷം ഇഎഫ്എൽ കപ്പും, യൂറോപ്പ ലീഗും മാത്രമേ പ്രീമിയർ ലീഗ് വമ്പന്മാർക്കൊപ്പം താരം കരസ്ഥമാക്കിയിട്ടുള്ളൂ. ഇക്കാലയളവിൽ പലപ്പോഴും താരം ക്ലബ് വിടുമെന്ന അഭ്യൂഹങ്ങളും ശക്തമായി ഉണ്ടായിരുന്നു. ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിലും റയൽ മാഡ്രിഡ്, പിഎസ്ജി എന്നീ ടീമുകളുമായി ബന്ധപ്പെടുത്തി അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും മാഞ്ചസ്റ്റർ യുണൈറ്റഡ് താരത്തെ വിട്ടുകൊടുക്കാൻ തയ്യാറായില്ല.
? Exclusive: Paul Pogba leaning towards signing new Manchester United contract. Saturday had major impact on 28yo’s thinking over future. Many factors to consider but now a genuine chance that once talks resume an extension may follow @TheAthleticUK #MUFC https://t.co/KlK4HsrZtm
— David Ornstein (@David_Ornstein) September 13, 2021
പ്രീമിയർ ലീഗടക്കമുള്ള കിരീടങ്ങൾക്കായി മറ്റു ടീമുകൾക്ക് വെല്ലുവിളിയുയർത്താൻ മാഞ്ചസ്റ്റർ യുണൈറ്റഡിന് കഴിയുമോ എന്ന സംശയമാണ് പുതിയ കരാർ ഒപ്പിടാൻ പോഗ്ബ വിസമ്മതിക്കാൻ കാരണമായത്. എന്നാൽ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ, ജാഡൻ സാഞ്ചോ, റാഫേൽ വരാൻ എന്നീ താരങ്ങൾ ക്ലബ്ബിലേക്ക് എത്തിയതോടെ പോഗ്ബ മാറിചിന്തിക്കാൻ തുടങ്ങിയെന്ന് ദി അത്ലറ്റിക് റിപ്പോർട്ടു ചെയ്യുന്നു.
പുതിയ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് നാല് മത്സരങ്ങൾ കളിച്ചപ്പോൾ അതിൽ മൂന്നെണ്ണത്തിൽ വിജയവും ഒരു സമനിലയും ആണ് സ്വന്തമാക്കിയത്. ഈ നാല് മത്സരങ്ങളിൽ നിന്നും ഏഴു അസിസ്റ്റുകൾ സ്വന്തമാക്കിയ പോഗ്ബ അവിശ്വസനീയ ഫോമിലാണ് കളിക്കുന്നത്. പ്രീമിയർ ലീഗിൽ ആദ്യ നാല് മത്സരങ്ങളിൽ ഏറ്റവുമധികം അസിസ്റ്റുകൾ നേടിയ താരമെന്ന റെക്കോർഡും പോഗ്ബ സ്വന്തമാക്കിയിരുന്നു.
മാഞ്ചസ്റ്റർ യുണൈറ്റഡിന് കിരീടപ്പോരാട്ടത്തിൽ വെല്ലുവിളി ഉയർത്താൻ കഴിയുമെന്നതിനാൽ പുതിയ കരാർ ഒപ്പിടാൻ സന്നദ്ധനാണെങ്കിലും വമ്പൻ പ്രതിഫലം നൽകി ക്രിസ്റ്റ്യാനോ റൊണാൾഡോയെ ടീമിലെത്തിച്ചതിന്റെ ഭാഗമായി തന്റെ പ്രതിഫലം വെട്ടിക്കുറയ്ക്കാൻ പോഗ്ബ തയ്യാറല്ല. താൻ അർഹിക്കുന്ന പ്രതിഫലം തനിക്ക് ലഭിക്കണമെന്നു തന്നെയാണ് താരത്തിന്റെ നിലപാട്. താരത്തിന്റെ നിലവിലെ ഫോം പരിഗണിക്കുമ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡ് അതിനു വഴങ്ങാൻ തന്നെയാണ് സാധ്യതയും.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.