Football in Malayalam

റൊണാൾഡോ മറ്റെല്ലാ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസങ്ങളേക്കാളും ഉയർന്ന തലത്തിലുള്ള താരം,കാരണവും വ്യക്തമാക്കി പോൾ സ്കോൾസ്

By Gokul Manthara
West Ham United v Manchester United - Premier League
West Ham United v Manchester United - Premier League / Craig Mercer/MB Media/Getty Images
facebooktwitterreddit

പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിലെ മറ്റെല്ലാ ഇതിഹാസ താരങ്ങളേക്കാളും ഉയർന്ന തലത്തിലുള്ള കളിക്കാരനാണെന്ന് ക്ലബ്ബിന്റെ മുൻ സൂപ്പർ താരമായിരുന്ന പോൾ സ്കോൾസ്. മാഞ്ചസ്റ്റർ യുണൈറ്റഡിലെ എക്കാലത്തെയും മികച്ച കളിക്കാരിലൊരാളായി കണക്കാക്കപ്പെടുന്ന എറിക് കന്റോണ പോലും റൊണാൾഡോക്ക് താഴെയാണെന്ന് പറയുന്ന സ്കോൾസ്, റൊണാൾഡോയെപ്പോലെ പ്രൊഫഷണലായ മറ്റൊരു വ്യക്തിയെ താൻ കണ്ടിട്ടില്ലെന്നും വ്യക്തമാക്കി. കഴിഞ്ഞ ദിവസം പ്രീമിയർ ലീഗ് പ്രൊഡക്ഷൻസിനോട് സംസാരിക്കവെയായിരുന്നു സ്കോൾസ് ഇക്കാര്യങ്ങൾ പറഞ്ഞത്.

റൊണാൾഡോയുമായി സാമ്യമുള്ള താരമായിരുന്നു കന്റോണ എന്ന് പറയുന്ന സ്കോൾസ്, എന്നാൽ പോർച്ചുഗീസ് സൂപ്പർതാരം ഫ്രഞ്ച് ഇതിഹാസത്തേക്കാൾ മറ്റൊരു തലത്തിലുള്ള താരമാണെന്നാണ് അഭിപ്രായപ്പെടുന്നത്. കന്റോണ മികച്ച രീതിയിൽ പരിശീലനം നടത്തുമായിരുന്നുവെങ്കിലും അദ്ദേഹം ജിമ്മിനോട് അത്രയധികം താല്പര്യമുള്ള വ്യക്തിയായിരുന്നില്ലെന്നും സ്കോൾസ് ഇതിനൊപ്പം കൂട്ടിച്ചേർത്തു.

പരിശീലനത്തിന് ശേഷം ജിമ്മിലേക്ക് പോയി താൻ പ്രീമിയർ ലീഗിൽ കളിക്കാൻ ശക്തനാണെന്ന് ഉറപ്പ് വരുത്തുന്ന താരമായിരുന്നു റൊണാൾഡോയെന്നും സ്കോൾസ് പറയുന്നു. ജിമ്മിൽ അദ്ദേഹം നടത്തുന്ന കഠിനാധ്വാനത്തെക്കുറിച്ചു. സംസാരത്തിനിടെ സ്കോൾസ് വ്യക്തമാക്കി.

"പരിശീലനത്തിന് ശേഷവും ജിമ്മിൽ പോയി പ്രീമിയർ ലീഗിൽ കളിക്കാൻ താൻ ശക്തനാണെന്ന് ക്രിസ്റ്റ്യാനോ ഉറപ്പ് വരുത്തി," സ്കോൾസ് പറഞ്ഞു.

"[ക്രിസ്റ്റ്യാനോയെക്കാൾ] കൂടുതൽ പ്രൊഫഷനലായ ഒരു വ്യക്തിയെ ഞാൻ കണ്ടിട്ടില്ല.

"സ്പ്രിന്റുകൾ നടത്തിയും, കണങ്കാലിൽ കനമുള്ള വസ്തുക്കൾ വെച്ചും തന്റെ വേഗത, ഫ്രീകിക്കുകൾ എന്നിവ [മെച്ചപ്പെടുത്താൻ] ദിവസമുടനീളം താരം പരിശീലിച്ചിരുന്നു.

"ബ്രിട്ടീഷ് കളിക്കാർ അതിന് മുൻപ് കണ്ടിട്ടില്ലാത്ത എല്ലാതും അവൻ ചെയ്യുന്നുണ്ടായിരുന്നു. അത് മാത്രമല്ല, അതിന് ശേഷം അദ്ദേഹം ജിമ്മിൽ ഉണ്ടാകുമായിരുന്നു."

"[ക്രിസ്റ്റ്യാനോയെക്കാൾ] കൂടുതൽ പ്രൊഫഷനലായ ഒരു വ്യക്തിയെ ഞാൻ കണ്ടിട്ടില്ല."

പോൾ സ്കോൾസ്

അതേ സമയം 2003 മുതൽ 2009 വരെയുള്ള കാലഘട്ടത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനായി 292 മത്സരങ്ങൾ കളിച്ച റൊണാൾഡോ 118 ഗോളുകൾ അവർക്കായി നേടിയിരുന്നു. ഈ സീസണിൽ ക്ലബ്ബിലേക്ക് തിരിച്ചെത്തിയതിന് ശേഷം കളിച്ച 3 മത്സരങ്ങളിൽ 4 തവണ വല കുലുക്കാനും താരത്തിന് കഴിഞ്ഞു. യുണൈറ്റഡിൽ ഇതു വരെ മൊത്തം 295 മത്സരങ്ങളിൽ കളിക്കാനിറങ്ങിയ റോണോ 122 ഗോളുകളും, 69 അസിസ്റ്റുകളുമാണ് സ്വന്തമാക്കിയിട്ടുള്ളത്.


facebooktwitterreddit