Football in Malayalam

ഒരൊറ്റ ഉപാധിയിൽ മാഞ്ചസ്റ്റർ യുണൈറ്റഡുമായി കരാർ പുതുക്കാൻ തയ്യാറായി പോൾ പോഗ്ബ

Sreejith N
Manchester United v Villarreal CF: Group F - UEFA Champions League
Manchester United v Villarreal CF: Group F - UEFA Champions League / Michael Regan/GettyImages
facebooktwitterreddit

ഈ സീസൺ അവസാനിക്കുന്നതോടെ കരാർ അവസാനിക്കുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് താരം പോൾ പോഗ്ബയെ സംബന്ധിച്ച ആരാധകരുടെ ആശങ്കകൾക്കു പരിഹാരമാകുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡുമായി കരാർ പുതുക്കാൻ താരം തയ്യാറാണെന്നാണ് ഫ്രഞ്ച് മാധ്യമമായ എൽ'എക്വിപ്പെ റിപ്പോർട്ടു ചെയ്യുന്നത്. കരാർ പുതുക്കാൻ പോഗ്ബ മാഞ്ചസ്റ്റർ യുണൈറ്റഡിനു മുന്നിൽ ഒരുപാധി വെച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

2016ലാണ് യുവന്റസിൽ നിന്നും പോഗ്ബ തന്റെ മുൻ ക്ലബായ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് എത്തുന്നത്. ആ സമയത്തെ ലോകറെക്കോർഡ് തുകക്ക് പ്രീമിയർ ലീഗിലെത്തിയ താരത്തിനു പക്ഷെ തന്റെ പ്രതിഭ പൂർണമായും ഇതുവരെ പുറത്തെടുക്കാൻ കഴിഞ്ഞിട്ടില്ലെന്നു തന്നെ പറയേണ്ടി വരും. 215 മത്സരങ്ങൾ കളിച്ച് 38 ഗോളുകളും 49 അസിസ്റ്റുകളും സ്വന്തമാക്കിയ താരത്തിന് ഇതുവരെയും ക്ലബിനൊപ്പം പ്രീമിയർ ലീഗ് കിരീടം നേടാനായിട്ടുമില്ല.

ഈ സീസണിൽ മികച്ച പ്രകടനം പല മത്സരങ്ങളിലും കാഴ്‌ച വെക്കുന്ന താരം വേതനവുമായി ബന്ധപ്പെട്ട ഉപാധിയാണ് പ്രധാനമായും മാഞ്ചസ്റ്റർ യുണൈറ്റഡിനു മുന്നിൽ വെച്ചിരിക്കുന്നത്. അടുത്ത സീസണിലും ക്ലബിനൊപ്പം തുടരാനുള്ള കരാർ പുതുക്കാൻ പ്രീമിയർ ലീഗിൽ ഏറ്റവുമുയർന്ന പ്രതിഫലം വാങ്ങുന്ന താരമായി തന്നെ മാറ്റണമെന്നു പോഗ്ബ ആവശ്യപ്പെട്ടുവെന്നാണ് എൽ'എക്വിപ്പെ പറയുന്നത്.

കരാർ പുതുക്കിയില്ലെങ്കിൽ അടുത്ത സമ്മറിൽ ഫ്രീ ഏജന്റായി മാറുന്ന പോഗ്ബയെ സ്വീകരിക്കാൻ വമ്പൻ ക്ലബുകൾ മികച്ച ഓഫറുകളുമായി കാത്തിരിക്കയാണ്. ഇക്കഴിഞ്ഞ ട്രാൻസ്‌ഫർ ജാലകത്തിൽ തന്നെ താരത്തിനായി ശ്രമം നടത്തിയ പിഎസ്‌ജി, താരത്തിന്റെ മുൻ ക്ലബായ യുവന്റസ്, സ്‌പാനിഷ്‌ ക്ലബുകളായ റയൽ മാഡ്രിഡ്, ബാഴ്‌സലോണ എന്നിവർക്കെല്ലാം താരത്തിൽ താൽപര്യമുണ്ട്.

എന്നാൽ സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ ടീമിലെത്തിയ ക്രിസ്റ്റ്യാനോ റൊണാൾഡോ, റാഫേൽ വരാനെ, ജാഡൻ സാഞ്ചോ എന്നീ സൂപ്പർ താരങ്ങളുടെ സാന്നിധ്യം ഏതു കിരീടത്തിനും പൊരുതാൻ കഴിയുന്ന ടീമാക്കി മാഞ്ചസ്റ്റർ യുണൈറ്റഡിനെ മാറ്റിയതിനാൽ ഫ്രഞ്ച് താരം ക്ലബിൽ തന്നെ തുടരുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.


facebooktwitterreddit