മാഞ്ചസ്റ്റർ യുണൈറ്റഡുമായി കരാർ പുതുക്കുമെന്ന അഭ്യൂഹങ്ങൾക്കിടെ യുവന്റസിലേക്ക് മടങ്ങിപ്പോകുമെന്ന സൂചനകൾ നൽകി പോഗ്ബ

Sreejith N
Belgium v France – UEFA Nations League 2021 Semi-final
Belgium v France – UEFA Nations League 2021 Semi-final / Jonathan Moscrop/GettyImages
facebooktwitterreddit

മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബിനെയും ആരാധകരെയും സംബന്ധിച്ച് വലിയൊരു ആശങ്കയാണ് പോൾ പോഗ്ബയുടെ കരാർ പുതുക്കാനുള്ള നീക്കങ്ങൾ ഇതുവരെയും എവിടെയുമെത്തിയിട്ടില്ല എന്നത്. ഈ സീസൺ കഴിയുന്നതോടെ കരാർ അവസാനിക്കുന്ന താരത്തെ ഫ്രീ ട്രാൻസ്‌ഫറിൽ നഷ്‌ടമാകുന്ന സാഹചര്യത്തിൽ നിൽക്കെ കഴിഞ്ഞ ദിവസം യുവന്റസിലേക്ക് തിരിച്ചു പോകുമെന്ന സൂചനകൾ താരം നൽകിയത് ആരാധകരുടെ ആശങ്കയേറ്റിയിട്ടുണ്ട്.

ഭാവിയുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾ ശക്തി പ്രാപിച്ചിരിക്കെ യുവന്റസിലേക്ക് തിരിച്ചു പോകാനുള്ള സാധ്യതയുണ്ടോയെന്ന ചോദ്യത്തിന് സ്പോർട്സ് മീഡിയസെറ്റിന് പോഗ്ബ നൽകിയ മറുപടി ഇങ്ങിനെയായിരുന്നു. "ഞാനിപ്പോഴും യുവന്റസിലുള്ള എന്റെ മുൻ സഹതാരങ്ങളായ യുവാൻ ക്വഡ്രാഡോ, ഡിബാല എന്നിവരോടു സംസാരിക്കാറുണ്ട്."

"ഇപ്പോൾ ഞാനൊരു മാഞ്ചസ്റ്റർ യുണൈറ്റഡ് താരമാണ്. ഇനിയും ഒരു വർഷം എനിക്ക് കരാർ ബാക്കിയുണ്ട്, അതിനു ശേഷം എന്താകുമെന്ന് നമുക്ക് കാണാം. ഈ സീസൺ ഏറ്റവും മികച്ച രീതിയിൽ പൂർത്തിയാക്കുകയാണ് എന്റെ ലക്ഷ്യം, അതിനു ശേഷം നമുക്ക് എന്തുണ്ടാകുമെന്ന് നോക്കാം," പോഗ്ബ വ്യക്തമാക്കി.

യുവന്റസ് സ്ഥിതി ചെയ്യുന്ന നഗരമായ ടുറിനിൽ എത്തുമ്പോൾ തനിക്ക് വളരെ സന്തോഷം ലഭിക്കാറുണ്ടെന്നും പോഗ്ബ പറഞ്ഞു. നേരത്തെ പോഗ്ബയുടെ ഏജന്റായ മിനോ താരം യുവന്റസിലേക്ക് തിരികെപ്പോകുമെന്ന സൂചനകൾ നൽകിയതിനു പിന്നാലെയാണ് താരത്തിന്റെ പ്രതികരണം ഉണ്ടായതെന്നു ശ്രദ്ധേയമാണ്.

നിലവിൽ ഫ്രാൻസ് ദേശീയ ടീമിനൊപ്പമുള്ള പോഗ്ബ കഴിഞ്ഞ ലോകകപ്പിനു ശേഷം ആദ്യത്തെ കിരീടം ഉയർത്താനുള്ള തയ്യാറെടുപ്പിലാണ്. ഇന്നലെ നടന്ന യുവേഫ നാഷൻസ് ലീഗ് സെമി ഫൈനലിൽ ബെൽജിയത്തിനെതിരെ രണ്ടു ഗോളിന് പിന്നിട്ടു നിന്നതിനു ശേഷം തിരിച്ചടിച്ചു വിജയം നേടി സ്പെയിനെതിരെ നടക്കുന്ന ഫൈനലിന് അവർ യോഗ്യത നേടിയിരുന്നു.


facebooktwitterreddit