റൊണാൾഡോയുടെ വരവോടെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ നിലവാരം ഉയരുമെന്ന് പോൾ പോഗ്ബ

Sreejith N
Juventus v Manchester United - UEFA Champions League Group H
Juventus v Manchester United - UEFA Champions League Group H / PressFocus/MB Media/Getty Images
facebooktwitterreddit

മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കുള്ള ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ തിരിച്ചുവരവ് ക്ലബിന്റെ നിലവാരം ഉയർത്തുമെന്ന് ഫ്രഞ്ച് താരം പോൾ പോഗ്ബ അഭിപ്രായപ്പെട്ടു. സമ്മർ ട്രാൻസ്ഫർ വിൻഡോയുടെ അവസാന ദിവസങ്ങളിലാണ് യുവന്റസ് വിട്ട റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് ചേക്കേറിയത്. ഇതോടെ പ്രീമിയർ ലീഗടക്കമുള്ള കിരീടങ്ങൾ നേടാൻ മാഞ്ചസ്റ്റർ യുണൈറ്റഡിനു കഴിയുമെന്നാണ് പോഗ്ബ വിശ്വസിക്കുന്നത്.

"ഏറ്റവും മികച്ച താരങ്ങൾക്കൊപ്പം കളിക്കാൻ കഴിയുന്നത് വളരെ സന്തോഷമുള്ള കാര്യമാണ്. അങ്ങനെയുള്ള കളിക്കാർക്കൊപ്പം പരിശീലനം നടത്തുന്നത് മറ്റുള്ള താരങ്ങൾക്കും വളരെ ഗുണം ചെയ്യും. റൊണാൾഡോ ടീമിന്റെ നിലവാരം ഉയർത്താനാണു പോകുന്നത്." ടെലിഫൂട്ടിനോട് സംസാരിക്കുമ്പോൾ പോഗ്ബ പറഞ്ഞു.

കരിയറിൽ ആദ്യമായാണ് പോഗ്ബ റൊണാൾഡോക്കൊപ്പം കളിക്കാൻ ഒരുങ്ങുന്നത്. ലീഡ്‌സ് യുണൈറ്റഡിനെതിരെ നടന്ന ഈ സീസണിലെ ആദ്യ പ്രീമിയർ ലീഗ് മത്സരത്തിൽ തന്നെ നാല് അസിസ്റ്റുകൾ സ്വന്തമാക്കി മികച്ച തുടക്കം കുറിച്ച പോഗ്ബയോടൊപ്പം ഗോളടിയന്ത്രമായ റൊണാൾഡോ കൂടി ചേരുന്നതോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് മറ്റു ടീമുകൾക്കെതിരെ കരുത്തു കാണിക്കുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

മുൻപ് സ്കൈ സ്പോർട്സിനോട് സംസാരിക്കുമ്പോഴും ക്രിസ്റ്റ്യാനോ മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തുന്നതിന്റെ ആവേശം പോഗ്ബ പങ്കു വെച്ചിരുന്നു. പരിചയസമ്പത്തും പ്രതിഭയും ടീമിലേക്ക് കൊണ്ടു വരാൻ കഴിയുന്ന താരത്തിന്റെ സാന്നിധ്യം മാഞ്ചസ്റ്റർ യുണൈറ്റഡിന് എത്രത്തോളം ഗുണം ചെയ്യുമെന്ന കാര്യം എല്ലാവർക്കും അറിയുമെന്നാണ് പോഗ്ബ അന്നു പറഞ്ഞത്.

അതേസമയം മാഞ്ചസ്റ്റർ യുണൈറ്റഡിൽ ആദ്യ മത്സരം കളിക്കാൻ ഒരുങ്ങുന്നതിനു മുൻപ് തന്റെ പ്രതിഭ ഒന്ന് കൂടി തെളിയിക്കാൻ റൊണാൾഡോക്ക് കഴിഞ്ഞിട്ടുണ്ട്. അയർലണ്ടിനെതിരെ നടന്ന കഴിഞ്ഞ മത്സരത്തിൽ അവസാന മിനിറ്റുകളിൽ നേടിയ ഇരട്ടഗോളുകളിൽ ടീമിന് വിജയവും രാജ്യാന്തര മത്സരങ്ങളിൽ ഏറ്റവുമധികം ഗോളുകൾ നേടിയ താരമെന്ന റെക്കോർഡും താരം സ്വന്തമാക്കിയിരുന്നു.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit