ആർക്കു പിന്നിലും രണ്ടാമതാകില്ലെന്ന മനോഭാവത്തിലേക്ക് റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിനെ മാറ്റിയെടുത്തുവെന്ന് ഷാ


ഒരാൾക്കു പിന്നിലും രണ്ടാമതാകാനില്ലെന്ന തന്റെ മനോഭാവം ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിലെ മറ്റു താരങ്ങൾക്കും പകർന്നു നൽകിയിട്ടുണ്ടെന്ന് ടീമിലെ ലെഫ്റ്റ് ബാക്കായ ലൂക്ക് ഷാ. സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ഇറ്റാലിയൻ ക്ലബായ യുവന്റസിൽ നിന്നും മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് തിരിച്ചെത്തിയ പോർച്ചുഗീസ് താരം ടീമിനുള്ളിൽ വരുത്തിയ മാറ്റങ്ങളെക്കുറിച്ച് ബിബിസി റേഡിയോ 5 ലൈവിനോട് സംസാരിക്കുകയായിരുന്നു താരം.
ട്രെയിനിങ്ങിലും പ്രൊഫെഷണൽ സമീപനം പുലർത്തുന്ന കാര്യത്തിലും റൊണാൾഡോയെ മാഞ്ചസ്റ്റർ യുണൈറ്റഡിലുള്ള മറ്റു താരങ്ങൾ മാതൃകയാക്കുന്നുണ്ടെന്നാണ് ഷാ പറയുന്നത്. ഇതു കളിക്കാരെ കൂടുതൽ മെച്ചപ്പെടാൻ സഹായിക്കുന്നതിനൊപ്പം താരത്തിന്റെ നേതൃപാടവം കളിക്കളത്തിൽ കൂടുതൽ നേട്ടങ്ങൾ സ്വന്തമാക്കാൻ സഹായിക്കുമെന്ന പ്രതീക്ഷയും ഷാ പ്രകടിപ്പിച്ചു.
Unbelievable to share Man Utd dressing room with Ronaldo, says Shaw https://t.co/7OftxpzFxp
— Sowetan LIVE (@SowetanLIVE) October 7, 2021
"അദ്ദേഹം ആരാണെന്നും കഴിഞ്ഞ കുറെ വർഷങ്ങളായി താരം എന്താണു ചെയ്യുന്നതെന്നും നിങ്ങൾക്കറിയാം. അദ്ദേഹത്തിനൊപ്പം ഡ്രസിങ് റൂമിലുണ്ടാവുകയെന്നതു തന്നെ അവിശ്വസനീയമായ കാര്യമാണ്. താരം തന്നെ ശ്രദ്ധിക്കുന്ന രീതി തന്നെ എത്രത്തോളം പ്രൊഫെഷനലാണ് അദ്ദേഹമെന്നു വെളിപ്പെടുത്തുന്നു. ഇത്രയും കാലം താരം എങ്ങിനെ ഉയരങ്ങളിൽ തുടരുന്നുവെന്ന് എനിക്കിപ്പോൾ വ്യക്തമാണ്."
"ആർക്കും പിന്നിലല്ല നമ്മളെന്നതാണു റൊണാൾഡോയുടെ മനോഭാവം. ഡ്രസിങ് റൂമിലും ക്ലബിലുമെല്ലാം അതു താരം മെച്ചപ്പെടുത്തിയെന്നാണ് ഞാൻ കരുതുന്നത്," ഷാ ബിബിസിയോട് സംസാരിക്കുമ്പോൾ വ്യക്തമാക്കി.
എന്നാൽ കഴിഞ്ഞ സീസണിൽ ആറു മത്സരങ്ങൾ കഴിഞ്ഞപ്പോൾ പതിനഞ്ചാം സ്ഥാനത്തുണ്ടായിരുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് ഇത്തവണ ഏഴു മത്സരങ്ങൾ പൂർത്തിയായപ്പോൾ നാലാം സ്ഥാനത്ത് എത്തിയെന്ന മാറ്റമുണ്ടെങ്കിലും റൊണാൾഡോയുടെ സാന്നിധ്യത്തിലും ക്ലബിന് സ്ഥിരതയാർന്ന പ്രകടനം നടത്താൻ കഴിയുന്നില്ല എന്നത് ആരാധകരെ സംബന്ധിച്ച് വലിയ ആശങ്കയാണ്.