റൊണാൾഡോയെ സ്വന്തമാക്കാനുള്ള മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ തീരുമാനം വൈകാരികപരം കൂടിയായിരുന്നെന്ന് ആഴ്സെൻ വെങ്ങർ

ക്ലബ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയെ വീണ്ടും സ്വന്തമാക്കാനുള്ള മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ തീരുമാനം വൈകാരികപരം കൂടിയായിരുന്നെന്ന് അഭിപ്രായപ്പെട്ട് മുൻ ആഴ്സനൽ പരിശീലകൻ ആഴ്സെൻ വെങ്ങർ.
2003 മുതൽ 2009 വരെയുള്ള കാലയളവിൽ തങ്ങൾക്ക് വേണ്ടി ബൂട്ട് കെട്ടിയ, ക്ലബ് ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളായ റൊണാൾഡോയെ ടീമിൽ തിരിച്ചെത്തിച്ചിരിക്കുകയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്. 2021 സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ യുവന്റസിൽ നിന്നാണ് സിആർ7നെ യുണൈറ്റഡ് സ്വന്തമാക്കിയത്.
36ആം വയസിലും ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളായി തുടരുന്ന റൊണാൾഡോ തന്റെ പഴയ തട്ടകത്തിൽ പ്രതീക്ഷക്കൊത്തുയരും എന്ന് തന്നെയാണ് പൊതുവെ പ്രതീക്ഷിക്കപ്പെടുന്നതെങ്കിലും, പോർച്ചുഗീസ് ഇതിഹാസത്തെ സൈൻ ചെയ്യാനുള്ള ചുവന്ന ചെകുത്താന്മാരുടെ തീരുമാനം വൈകാരികപരം കൂടിയാണെന്ന് പലരും അഭിപ്രായപ്പെടുന്നത്. അത്തരം ഒരു അഭിപ്രായം തന്നെയാണ് ഐതിഹാസിക പരിശീലകനായ വെങ്ങറിനും ഉള്ളത്. റൊണാൾഡോയുടെ വരവോടെ മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഒരു സമതുലിത കണ്ടെത്തുക ഒരു വലിയ വെല്ലുവിളിയാണെന്നും വെങ്ങർ അഭിപ്രായപ്പെട്ടു.
"നിങ്ങൾ കാണാൻ ആഗ്രഹിക്കുന്ന ഒരു പ്രണയകഥയാണിത്," വെങ്ങർ ബിൽഡ് ലൈവിനോട് പറഞ്ഞത് ഇംഗ്ലീഷ് മാധ്യമമായ മെട്രോ റിപ്പോർട്ട് ചെയ്തു. "(റൊണാൾഡോയെ വീണ്ടും സൈൻ ചെയ്തത്) കായിക കാരണങ്ങളാൽ മാത്രമല്ല, അത് വൈകാരികപരവുമാണ്. തീരുമാനം 100% യുക്തിസഹമല്ലെന്ന് ഞാൻ കരുതുന്നു.
"ടീമിൽ ഒരു ബാലൻസ് കണ്ടെത്തുന്നത് വലിയ വെല്ലുവിളിയാണ്. പക്ഷെ ധാരാളം അനുഭവസമ്പത്തുള്ള കളിക്കാർ അങ്ങനെയാണെങ്കിലും ഒരുപാട് സ്കോർ ചെയ്യുന്നു."
റൊണാൾഡോയെ സ്വന്തമാക്കിയത് ടീമിന്റെ സമതുലിതയെ ബാധിക്കില്ലെന്ന് ഉറപ്പ് വരുത്തേണ്ടത് പ്രധാനമായും പരിശീലകൻ ഒലെ ഗുണ്ണാർ സോൾഷെയറുടെ ഉത്തരവാദിത്തമാണ്. അതിൽ നോർവീജിയൻ പരിശീലകൻ വിജയിക്കുകയാണെങ്കിൽ ഇത്തവണ കിരീടങ്ങൾ നേടാനുള്ള മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ സാധ്യതകൾ വർദ്ധിക്കും.
അതേ സമയം, പോർച്ചുഗീസ് ദേശിയ ടീമിൽ നിന്ന് റിലീസ് ചെയ്യപ്പെട്ടിട്ടുള്ള റൊണാൾഡോ ഇംഗ്ലണ്ടിലെത്തി അഞ്ച് ദിവസം ക്വാറന്റൈൻ ഇരുന്നതിന് ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡിനോടൊപ്പമുള്ള പരിശീലനം ആരംഭിക്കുമെന്നാണ് കരുതപ്പെടുന്നത്. ഇന്റർനാഷണൽ ബ്രേക്കിന് ശേഷമുള്ള മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ആദ്യ മത്സരത്തിൽ ക്ലബിലെ തന്റെ രണ്ടാം അരങ്ങേറ്റം റൊണാൾഡോ കുറിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. സെപ്റ്റംബർ 11ന് ന്യൂകാസിലിന് എതിരെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ അടുത്ത മത്സരം.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.