റൊണാൾഡോയുടെ തിരിച്ചുവരവ് മാഞ്ചസ്റ്റർ യുണൈറ്റഡിൽ സൃഷ്ടിച്ച പ്രഭാവത്തെക്കുറിച്ച് ഡി ഹിയ


മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കുള്ള ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ തിരിച്ചു വരവും ആദ്യ മത്സരത്തിൽ തന്നെ പോർച്ചുഗൽ താരം നടത്തിയ തകർപ്പൻ പ്രകടനവും ക്ലബിനുള്ളിൽ സൃഷ്ടിച്ച പ്രഭാവത്തെക്കുറിച്ച് ഗോൾകീപ്പർ ഡേവിഡ് ഡി ഹിയ. മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകരെ സംബന്ധിച്ച് റൊണാൾഡോയുടെ തിരിച്ചുവരവ് അപ്രതീക്ഷിതമായിരുന്നുവെങ്കിൽ ആദ്യ മത്സരത്തിൽ രണ്ടു ഗോളുകളോടെ താരം നടത്തിയ പ്രകടനം ഫുട്ബോൾ ലോകത്തെ തന്നെ ആവേശം കൊള്ളിക്കുന്നതും ആയിരുന്നു.
മുപ്പത്തിയാറാം വയസിലും മാന്ത്രിക പ്രകടനം ക്ലബിനു വേണ്ടി നടത്തുന്ന താരത്തെ ന്യൂകാസിലിനെതിരായ മത്സരത്തിനു ശേഷം നിരവധി പേരാണ് പ്രശംസിച്ച് രംഗത്തെത്തിയത്. ചാമ്പ്യൻസ് ലീഗിൽ യങ് ബോയ്സിനെതിരെ താരം ഇറങ്ങാനിരിക്കെ സമാനമായ പ്രകടനം നടത്തുമെന്ന പ്രതീക്ഷ ആരാധകർക്കുമുണ്ട്. അതിനിടയിലാണ് ഡി ഹിയയും റൊണാൾഡോയെ പ്രശംസിച്ച് രംഗത്തെത്തിയത്.
?️ @D_DeGea is loving @Cristiano's impact for the Reds already ?#MUFC | #UCL pic.twitter.com/HgtPj5YyE8
— Manchester United (@ManUtd) September 13, 2021
"ക്രിസ്റ്റ്യാനോ റൊണാൾഡോ സ്വന്തം വീട്ടിലേക്കു തന്നെ തിരിച്ചെത്തിയത് മഹത്തായ കാര്യമാണ്. ആദ്യത്തെ ദിവസം മുതൽ കഴിഞ്ഞ ദിവസം ഞങ്ങൾ ഓൾഡ് ട്രാഫോഡിൽ കളിച്ചതു വരെ ആ പ്രഭാവം പ്രകടമായിരുന്നു. അദ്ദേഹം രണ്ടു ഗോളുകൾ നേടി. ടീമിനു വളരെ പ്രധാനപ്പെട്ട രണ്ടു ഗോളുകൾ."
"റൊണാൾഡോയുടെ ഗുണങ്ങൾ നിങ്ങൾക്ക് അറിയാമെങ്കിലും അദ്ദേഹം ഉണ്ടാക്കുന്ന അനുഭവം അത്ഭുതകരമാണെന്നാണ് ഞാൻ കരുതുന്നത്. ഇതിനകം തന്നെ ക്ലബിലെ ഒരു ഇതിഹാസമായ റൊണാൾഡോയെ തിരികെ കൊണ്ടു വന്നത് വളരെ നല്ല കാര്യമാണ്. ഞങ്ങൾക്കത് വളരെ ഗുണം ചെയ്യുന്നതുമാണ്," ഡി ഹിയ പറഞ്ഞത് ഇന്ഡിപെന്ഡന്റെ റിപ്പോർട്ടു ചെയ്തു.
മാഞ്ചസ്റ്റർ യുണൈറ്റഡ് ഗോൾകീപ്പർ സ്ഥാനത്ത് ഡീൻ ഹെൻഡേഴ്സനുമായുള്ള മത്സരത്തെ കുറിച്ചും ഡി ഹിയ പറഞ്ഞു. ഗോൾകീപ്പർമാർ തമ്മിലല്ല, കളിക്കാർ തമ്മിലാണ് മത്സരം നടക്കുന്നതെന്നും മികച്ച താരങ്ങളെ ടീമിലെത്തിക്കുമ്പോൾ അത് സ്വാഭാവികമാണെന്നും ഡി ഗിയ പറഞ്ഞു. മാഞ്ചസ്റ്റർ യുണൈറ്റഡിനെ പോലൊരു ക്ലബിൽ ഇത് സംഭവിക്കുന്ന കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.