Football in Malayalam

പരിക്ക് സമയത്ത് വിയ്യാറയലിനെ 'പരിക്കേൽപ്പിച്ച്' റൊണാൾഡോ; വിജയം കരസ്ഥമാക്കി മാഞ്ചസ്റ്റർ യുണൈറ്റഡ്

Ali Shibil Roshan
Cristiano Ronaldo scored Man Utd's winner against Newcastle
Cristiano Ronaldo scored Man Utd's winner against Newcastle / Soccrates Images/Getty Images
facebooktwitterreddit


പരിക്ക് സമയത്തിന്റെ അവസാന മിനുറ്റിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ നേടിയ ഗോളിൽ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ട മത്സരത്തിൽ പിന്നിൽ നിന്ന് തിരിച്ചുകയറി വിയ്യാറയലിനെ 2-1ന് പരാജയപ്പെടുത്തി മാഞ്ചസ്റ്റർ യുണൈറ്റഡ്.

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ തട്ടകമായ ഓൾഡ് ട്രാഫോഡിൽ വെച്ച് നടന്ന മത്സരത്തിൽ ആതിഥേയരെ വിറപ്പിച്ച്, പാകോ അൽകാസറിന്റെ 53ആം മിനുറ്റിലുള്ള ഗോളിൽ മുന്നിലെത്തിയ സ്പാനിഷ് ക്ലബ്ബിനെ, 60ആം മിനുറ്റിലെ അലക്സ് ടെല്ലസിന്റെ മനോഹരമായ വോളിയിലൂടെയും, 90+5ആം മിനുറ്റിൽ റൊണാൾഡോയുടെ ക്ലോസ് റെയ്ഞ്ച് ഫിനിഷിലൂടെയുമാണ് ചുവന്ന ചെകുത്താന്മാർ വീഴ്ത്തിയത്.

ഗോൾരഹിതമായി പിരിഞ്ഞ ആദ്യ പകുതിയിൽ പന്തിന്മേൽ കൂടുതൽ ആധിപത്യം മാഞ്ചസ്റ്റർ യുണൈറ്റഡിന് ആയിരുന്നെങ്കിലും, കൂടുതൽ അപകടകാരികൾ വിയ്യാറയലായിരുന്നു. ഫിനിഷിങ്ങിലെ പോരായ്മകളും, യുണൈറ്റഡ് ഗോൾവലക്ക് മുൻപിൽ ഡേവിഡ് ഡി ഹിയയുടെ മിന്നും പ്രകടനവും ഇല്ലായിരുന്നെങ്കിൽ ഒലെ ഗുണ്ണാർ സോൾഷെയറുടെ ടീമിന്റെ നില പരുങ്ങലിൽ ആയേനെ.

രണ്ടാം പകുതി ആരംഭിച്ച് എട്ടാം മിനുറ്റിൽ വിയ്യാറയൽ ലീഡ് നേടിയതോടെ ആക്രമണം ശക്തമാക്കിയ മാഞ്ചസ്റ്റർ യുണൈറ്റഡ് ഏഴു മിനിറ്റുകൾക്ക് ശേഷം ടെല്ലസിലൂടെയാണ് സമനില ഗോൾ നേടിയത്. ബ്രൂണോ ഫെർണാണ്ടസിന്റെ ഫ്രീ കിക്കിൽ നിന്ന് തകർപ്പനൊരു വോളിയിലൂടെയാണ് ടെല്ലസ് വിയ്യാറയൽ വലകുലുക്കിയത്.

മത്സരം സമനിലയിലേക്ക് നീങ്ങുമ്പോഴാണ് ഇഞ്ചുറി ടൈമിലെ റൊണാൾഡോയുടെ വിജയഗോൾ പിറന്നത്. ബോക്സിലേക്ക് ഫ്രെഡ് നൽകിയ ക്രോസ് ലിംഗാർഡിന് ഹെഡ് ചെയ്ത് കൊടുത്ത റൊണാൾഡോ, ഇംഗ്ലീഷ് താരത്തിന്റെ റിട്ടേൺ പാസ് സ്വീകരിച്ചതിന് ശേഷം തൊടുത്ത ക്ലോസ് റെയ്ഞ്ച് ഷോട്ട് വിയ്യാറയൽ വല ചുംബിച്ചു. അത് വിയ്യാറയൽ ഹൃദയങ്ങൾ തകർക്കുകയും, ഓൾഡ് ട്രാഫോഡിനെ ആവേശത്തിലാഴ്ത്തുകയും ചെയ്തു. പിന്നാലെ, ജേഴ്‌സി ഊരിക്കൊണ്ടുള്ള താരത്തിന്റെ ഗോൾ ആഘോഷവും.


facebooktwitterreddit