റൊണാൾഡോ സൃഷ്ടിച്ച പ്രഭാവത്തിൽ ആവേശഭരിതനായി ഡി ഹിയ, പ്രധാന കിരീടങ്ങൾ നേടാൻ ടീമിനു കഴിയുമെന്ന് താരം


യുവന്റസിൽ നിന്നും മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കു ചേക്കേറിയ ക്രിസ്റ്റ്യാനോ റൊണാൾഡോ ടീമിനുള്ളിൽ സൃഷ്ടിച്ച പ്രഭാവം ഇപ്പോൾ തന്നെ മനസിലായി തുടങ്ങിയിട്ടുണ്ടെന്ന് ഗോൾകീപ്പർ ഡേവിഡ് ഡി ഹിയ. പോർച്ചുഗീസ് നായകൻറെ സാന്നിധ്യം കൊണ്ട് ടീമിനൊപ്പം പ്രധാന കിരീടങ്ങൾ സ്വന്തമാക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡിന് കഴിയുമെന്നും സ്പാനിഷ് ഗോൾകീപ്പർ പറഞ്ഞു.
മാഞ്ചസ്റ്റർ സിറ്റിയിലേക്ക് ചേക്കേറുമെന്ന അഭ്യൂഹങ്ങളിൽ നിറഞ്ഞു നിന്ന റൊണാൾഡോയെ അപ്രതീക്ഷിത നീക്കത്തിലൂടെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കിയത്. യുണൈറ്റഡിന്റെ തീരുമാനം തീർത്തും ശരിയായിരുന്നു എന്നു തെളിയിച്ച് ടീമിനു വേണ്ടി കളിച്ച ആദ്യ മൂന്നു മത്സരങ്ങളിൽ നിന്നും നാല് ഗോളുകൾ നേടാനും റൊണാൾഡോക്ക് കഴിഞ്ഞു.
Cristiano Ronaldo impact at Manchester United excites David De Gea https://t.co/js83iJBrDH via @todayng
— Nigeria Newsdesk (@NigeriaNewsdesk) September 24, 2021
"നിലവിൽ തന്നെ ക്ലബിന്റെ ഇതിഹാസമാണ് അദ്ദേഹം. അതിനാൽ തന്നെ കളിക്കാർക്കും യുവതാരങ്ങൾക്കും മറ്റുള്ള എല്ലാവർക്കും റൊണാൾഡോ എങ്ങിനെയാണ് എല്ലാ ദിവസവും ജിമ്മിൽ വർക്ക് ചെയ്യുന്നതെന്നും, സ്വയം ട്രീറ്റ് ചെയ്യുന്നതെന്നും, സ്വന്തം ശരീരത്തെയും തന്നെയും എങ്ങിനെയാണ് സംരക്ഷിച്ചു മുന്നോട്ടു പോകുന്നതെന്നും മനസിലാക്കാൻ കഴിയും."
"വിസ്മയിപ്പിക്കുന്ന കഴിവുകളുള്ള അദ്ദേഹം എല്ലാ ദിവസവും കഠിനാധ്വാനം ചെയ്യുന്നതും ടീമിനെ സഹായിക്കുന്നതും കാണാൻ കഴിയുന്നത് വലിയ കാര്യമാണ്. ഞാൻ പറഞ്ഞിട്ടുള്ളതു പോലെ ഇപ്പോൾ ഞങ്ങൾക്ക് വലിയൊരു സ്ക്വാഡുണ്ട്. ക്രിസ്റ്റ്യാനോ, വരാനെ, മാട്ട, ഞാൻ എന്നിങ്ങനെ പരിചയസമ്പന്നരായ താരങ്ങൾ ഉള്ളതിനാൽ ടീമിലും അതുണ്ടാവും. ഇതൊരു മികച്ച വർഷമാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു," ഡി ഹിയ പറഞ്ഞു.
മികച്ച താരങ്ങൾ എത്തിയതോടെ ഈ സീസണിൽ എല്ലാ കിരീടങ്ങൾക്കു വേണ്ടിയും പൊരുതാൻ മാഞ്ചസ്റ്റർ യുണൈറ്റഡിന് കഴിയുമെന്നും ഡി ഹിയ പറഞ്ഞു. മത്സരങ്ങൾ കടുപ്പമാണെങ്കിലും നിലവിലുള്ള കളിക്കാർക്കു പുറമെ ആരാധകർ സ്റ്റേഡിയത്തിൽ എത്തുമെന്നതിനാലും പ്രീമിയർ ലീഗ് ചാമ്പ്യൻസ് ലീഗ് മുതലായ കിരീടങ്ങൾക്ക് മാഞ്ചസ്റ്റർ യുണൈറ്റഡ് അവസാനം വരെ പോരാടുമെന്നും സ്പാനിഷ് ഗോൾകീപ്പർ കൂട്ടിച്ചേർത്തു.