സ്റ്റേഡിയം സെക്യൂരിറ്റി ഗാർഡിനെ വീഴ്ത്തി റൊണാൾഡോയുടെ മിന്നൽ ഷോട്ട്, അരികിലെത്തി ആശ്വസിപ്പിച്ച് താരം


മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കുള്ള തിരിച്ചു വരവിൽ വാർത്തകളിൽ നിറയുകയാണ് റൊണാൾഡോ. കളിച്ച ക്ലബുകളിലെല്ലാം തന്റെ പേരു കൊത്തി വെച്ചിട്ടുള്ള താരം പ്രീമിയർ ലീഗിലെ തന്റെ രണ്ടാമരങ്ങേറ്റത്തിൽ ഇരട്ടഗോൾ നേടിയതിനു പുറമെ കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് മത്സരത്തിലും വല കുലുക്കുകയുണ്ടായി. എന്നാൽ വാൻ ബിസാക്കക്കു ലഭിച്ച ചുവപ്പുകാർഡും അവസാന മിനുട്ടിൽ ലിംഗാർഡ് വരുത്തിയ പിഴവും മാഞ്ചസ്റ്റർ യുണൈറ്റഡിന് തോൽവി സമ്മാനിക്കുകയായിരുന്നു.
എന്നാൽ ചാമ്പ്യൻസ് ലീഗ് മത്സരത്തിനു മുൻപുള്ള മാഞ്ചസ്റ്റർ യുണൈറ്റഡ് താരത്തിന്റെ മറ്റൊരു പ്രവൃത്തിയാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. കളിക്കു മുൻപുള്ള പരിശീലന സെഷനിടെ റൊണാൾഡോ ഉതിർത്ത ഷോട്ട് ഒരു സെക്യൂരിറ്റി ഗാർഡിന്റെ ദേഹത്തു കൊണ്ട് അവർ നിലത്തു വീഴുകയും അതു കണ്ട് താരം ഓടിയെത്തി അവരെ പരിശോധിക്കുന്നതിന്റെയും ആശ്വസിപ്പിക്കുന്നതിന്റെയും ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വളരെപ്പെട്ടന്നാണ് പ്രചാരം നേടുന്നത്.
Cristiano Ronaldo knocked out a steward with his shot in training before the match.
— DAZN Canada (@DAZN_CA) September 14, 2021
He jumped the barrier to check up on him while he received medical attention ❤️pic.twitter.com/YOBkqs3fEV
റൊണാൾഡോ ഗോളിലേക്ക് ഷോട്ടുകൾ ഉതിർത്തു പരിശീലനം നടത്തുന്നതിനിടെ പുറത്തേക്കു പോയ ഷോട്ട് ഗോൾപോസ്റ്റിനു പിന്നിലുണ്ടായിരുന്ന സെക്യൂരിറ്റി ഗാർഡിന്റെ ദേഹത്തു കൊള്ളുകയായിരുന്നു. അതോടെ അവർ നിലത്തു വീണതു കണ്ട് പരിശീലനം നിർത്തിയ റൊണാൾഡോ അവർക്കരികിലേക്കു പോയി ആശ്വസിപ്പിച്ചു. താരത്തിന്റെ പ്രവൃത്തിക്ക് വലിയ കയ്യടിയാണ് സാമൂഹ്യമാധ്യമങ്ങളിൽ നിന്നും ലഭിക്കുന്നത്.
മത്സരം തോറ്റതിന്റെ നിരാശയിലും തന്റെ ഷോട്ട് കൊണ്ട് പരിക്കു പറ്റിയ സെക്യൂരിറ്റി ഗാർഡിനെ റൊണാൾഡോ മറന്നില്ലെന്നതാണ് താരത്തിന്റെ മനസിന്റെ വലിപ്പം വെളിവാക്കുന്ന മറ്റൊരു കാര്യം. മത്സരത്തിനു ശേഷം താൻ അണിഞ്ഞിരുന്ന ജേഴ്സി ആ സെക്യൂരിറ്റി ഗാർഡിനാണ് റൊണാൾഡോ നൽകിയത്. സെക്യൂരിറ്റി ഗാർഡായ യുവതി റൊണാൾഡോയുടെ ജേഴ്സിയുമായി നിൽക്കുന്നതിന്റെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
അതേസമയം പരിശീലനത്തിനിടെയുള്ള റൊണാൾഡോയുടെ ഷോട്ട് ലക്ഷ്യം തെറ്റി സെക്യൂരിറ്റി ഗാർഡിന്റെ ദേഹത്തു കൊണ്ടെങ്കിലും മത്സരത്തിൽ താരത്തിന്റെ ഉന്നം തെറ്റിയില്ല. മധ്യനിര താരം ബ്രൂണോ ഫെർണാണ്ടസ് നൽകിയ അളന്നു മുറിച്ച ക്രോസിൽ കാൽ വെച്ചു നേടിയ ഗോളിലൂടെ ഏറ്റവുമധികം വ്യത്യസ്ത ടീമുകൾക്കെതിരെ ചാമ്പ്യൻസ് ലീഗ് ഗോളുകൾ നേടിയ താരമെന്ന ലയണൽ മെസിയുടെ റെക്കോർഡിനൊപ്പമെത്താനും റൊണാൾഡാക്കായി.